ആദ്യം വാങ്കഡെയിൽ, പിന്നെ മുംബൈ ടീം ബസിൽ; ശ്രദ്ധ കവർന്ന് ബ്രിട്ടിഷ് ഗായിക ജാസ്മിൻ, പാണ്ഡ്യയെ ‘ചൂണ്ടി’ ഫാൻസ്– വിഡിയോ

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷൻ അവതാരകയുമായ ജാസ്മിൻ വാലിയ. മുംബൈ – കൊൽക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യൻസിന്റെ ടീം ബസിലും ജാസ്മിൻ വാലിയയെ കണ്ടതായി ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു.
മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ ഹാർദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹമുള്ള വ്യക്തിയെന്ന നിലയിലാണ്, മുംബൈയുടെ മത്സരവേദിയിൽ ജാസ്മിൻ വാലിയയുടെ സാന്നിധ്യം ചർച്ചയായത്.
മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് അനായാസ ജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഗാലറിയിൽ ജാസ്മിൻ വാലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. വേദിയിൽ മുംബൈ ഇന്ത്യൻസിനും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കുമായി ആർത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് മുംബൈ ടീം ബസിലും ഇവരെ കണ്ടതായി റിപ്പോർട്ടുകൾ പ്രചരിച്ചത്. പൊതുവെ കളിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ് ടീം ബസിലും അതിന്റെ പരിസരത്തും പ്രവേശനമുള്ളത്. ഇവിടെ ജാസ്മിൻ വാലിയയെ കണ്ടതോടെ, ഹാർദിക് പാണ്ഡ്യയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കൂടുതൽ കരുത്താർജിച്ചു.
നേരത്തെ, ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനിടെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നടന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലും ജാസ്മിൻ വാലിയയുടെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ ഇന്ത്യൻസിന്റെ മത്സരവേദിയിലും ടീം ബസിലും വരെ ജാസ്മിൻ വാലിയയുടെ സാന്നിധ്യം ശ്രദ്ധ നേടിയത്. ആദ്യ ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം ഹാർദിക് പാണ്ഡ്യ വേർപെടുത്തിയിരുന്നു.