ലക്നൗ ഓപ്പണർമാരുടെ മിന്നും തുടക്കം, ബോളർമാരുടെ കലക്കൻ ഫിനിഷ്; മുംബൈ തീർന്നു

Mail This Article
ലക്നൗ ∙ ഓപ്പണർമാർ നൽകിയ മിന്നും തുടക്കവും ഡെത്ത് ഓവർ ബോളർമാരുടെ കലക്കൻ ഫിനിഷിങ്ങും ഒന്നിച്ചു വന്നതോടെ മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് 12 റൺസിന്റെ ആവേശ ജയം. ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 22 റൺസായിരുന്നു ജയിക്കാൻ ആവശ്യം. സ്ട്രൈക്കിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (16 പന്തിൽ 28 നോട്ടൗട്ട്). ആദ്യ പന്ത് സിക്സ്. അടുത്ത പന്തിൽ ഡബിൾ. അടുത്ത പന്തിൽ സിംഗിളിന് സാധ്യതയുണ്ടായിട്ടും ഹാർദിക് ഓടിയില്ല. അടുത്ത പന്തും ഡോട് ബോൾ. അടുത്ത പന്തിൽ സിംഗിൾ. അവസാന പന്തും ഡോട് ബോളായതോടെ ലക്നൗവിന് 12 റൺസ് ജയം. സ്കോർ: ലക്നൗ 20 ഓവറിൽ 8ന് 203. മുംബൈ 20 ഓവറിൽ 5ന് 191. 4 ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ലക്നൗ സ്പിന്നർ ദിഗ്‌വേഷ് രതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
204 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ വിൽ ജാക്സിനെയും (7 പന്തിൽ 5) റയാൻ റിക്കൽറ്റനെയും (5 പന്തിൽ 10) നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് (43 പന്തിൽ 67)– നമാൻ ദിർ (24 പന്തിൽ 46) സഖ്യമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 64 എന്ന നിലയിലായിരുന്നു മുംബൈ. പിന്നാലെ പന്തെടുത്ത സ്പിന്നർ ദിഗ്‌വേഷ് രതിയാണ് നമാനെ പുറത്താക്കി ലക്നൗവിന് പ്രതീക്ഷ നൽകിയത്. പിന്നാലെ സൂര്യയെ വീഴ്ത്തിയ ആവേശ് ഖാൻ ലക്നൗവിന്റെ ആധിപത്യം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് ഓപ്പണർമാരായ മിച്ചൽ മാർഷും (31 പന്തിൽ 60) എയ്ഡൻ മാർക്രവും (38 പന്തിൽ 53) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ അവസാനിച്ചതിനു പിന്നാലെ പന്തെടുത്ത മലയാളി താരം വിഘ്നേഷ് പുത്തൂരാണ് മാർഷിനെ വീഴ്ത്തി മുംബൈയ്ക്കു ബ്രേക്ക് ത്രൂ നൽകിയത്. മുംബൈയ്ക്കായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 5 വിക്കറ്റ് വീഴ്ത്തി. വിഘ്നേഷ് പുത്തൂർ 4 ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.
രോഹിത്തില്ലാതെ മുംബൈ
സീനിയർ താരം രോഹിത് ശർമ ഇല്ലാതെയാണ് ഇന്നലെ മുംബൈ ഇന്ത്യൻസ് ഇറങ്ങിയത്. പരിശീലനത്തിനിടെ കാൽമുട്ടിനു പന്തു കൊണ്ടതിനാലാണ് രോഹിത് മത്സരത്തിൽ നിന്നു വിട്ടുനിൽക്കുന്നതെന്നായിരുന്നു ടോസ് സമയത്ത് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞത്. എന്നാൽ രോഹിത്തിന്റെ പരുക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല.