ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തു വരവേ കളംപിടിക്കാൻ പുതുതന്ത്രങ്ങളുമായി ട്വന്റി 20 പാർട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ, കിഴക്കമ്പലത്തു പ്രവർത്തിച്ചിരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ട്വന്റി 20 രാഷ്ട്രീയം ചലിച്ചതെങ്കിൽ ഇത്തവണ കുറേക്കൂടി ബൃഹത്തായ പദ്ധതികളാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. കിഴക്കമ്പലം ഉൾക്കൊളളുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ മുഴുവൻ പേർക്കും ‘പ്രിവലേജ് കാർഡ്’ നൽകാനുള്ള നീക്കമാണ് ഇതിൽ പ്രധാനം. ഇതിനായുള്ള സർവേ നടക്കുകയാണ്.

പ്രിവിലേജ് കാർഡ് ഉള്ളവർക്ക് ആശുപത്രികളിലും സൂപ്പർ മാർക്കറ്റുകളിലും അടക്കം 25 ശതമാനം മുതൽ ഇളവു ലഭിക്കുന്നതാണ് പദ്ധതി. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതിയെന്ന് ട്വന്റി 20 വൃത്തങ്ങൾ പറയുന്നു. ഇതിനു പുറമെയാണ് കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളുടെയും വൈദ്യുതി, പാചകവാതക വിലയുടെ 25 ശതമാനം നൽകാനുള്ള തീരുമാനം. കുന്നത്തുനാട് മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ ഭരിക്കുന്നത് കിറ്റക്സ് എംഡി സാബു എം.ജേക്കബ് ചീഫ് കോഓർഡിനേറ്ററായുള്ള ട്വന്റി 20യാണ്. 

2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ സബ്സിഡി ഇനത്തിൽ സാധനങ്ങൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയെ തുടർന്നാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ സ്ഥാപനം അടയ്ക്കാൻ നിർദേശം നൽകിയത്. പാതിവിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ലഭിച്ചിരുന്ന ഈ സ്ഥാപനം തിരഞ്ഞെടുപ്പിനു ശേഷം തുറക്കാമായിരുന്നെങ്കിലും അതുണ്ടായില്ല. ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാർമസിയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് അടപ്പിച്ചിരുന്നെങ്കിലും കോടതിയുത്തരവോടെ ഇതിന്റെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഇവിടെയും വിലക്കുറവിലാണ് മരുന്ന് ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ വിജയമാണ് ട്വന്റി 20യുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. 

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് 19ൽ 17 സീറ്റ് നേടി ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കുന്നത്. 2010ൽ 15 സീറ്റുമായി പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസിന് അത്തവണ ലഭിച്ചത് ഒരു സീറ്റാണ്. ഇതിനു പിന്നാലെയാണ് 2017ൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. അതിന്റെ പിൻബലത്തിൽ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും വെങ്ങോല പഞ്ചായത്തിൽ ശ്രദ്ധേയ സാന്നിധ്യമാകുകയും ചെയ്തു.

ഇതിന്റെ ബലത്തിലാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ ട്വന്റി 20 അങ്കം കുറിച്ചത്. എന്നാൽ സിപിഎമ്മിന്റെ പി.വി.ശ്രീനിജനായിരുന്നു 2715 വോട്ടിന്റെ വിജയം. 33.79 ശതമാനം വോട്ടുവിഹിതം. കോൺഗ്രസിന്റെ വി.പി.സജീന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്–32.04 ശതമാനം വോട്ട്. മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും ട്വന്റി 20 ഇവിടെ കരുത്തു തെളിയിച്ചു എന്നു പറയണം. 27.56 ശതമാനം വോട്ടാണ് ട്വന്റി 20 സ്ഥാനാർഥി ഡോ. സുജിത് പി.സുരേന്ദ്രൻ ഇവിടെ നേടിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് ഉൾപ്പെടുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ട്വന്റി 20 11.11 വോട്ടുവിഹിതം നേടിയിരുന്നു.

ഇപ്പോൾ, ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചുപൂട്ടിയത് ട്വന്റി 20യെ അനുകൂലമായാണോ പ്രതികൂലമായാണോ ബാധിക്കുക എന്ന ചർച്ച നടക്കുന്ന സമയത്താണ് പുതിയ പദ്ധതികളുമായി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്. കിഴക്കമ്പലം, മഴുവന്നൂർ, കുന്നത്തുനാട്, പുത്തൻകുരിശ്, തിരുവാണിയൂർ, വെങ്ങോല, ഐക്കരനാട് പൂതൃക്ക, വടവുകോട് പഞ്ചായത്തുകളിലെ അര ലക്ഷത്തോളം കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ പകുതി വിലയ്ക്ക് നൽകിയിരുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റാണ് അടച്ചത് എന്നതിനാൽത്തന്നെ ഇതിനെ മറികടക്കാനുള്ള പദ്ധതികളാണ് ‘പ്രിവിലേജ് കാർഡ്’ ആയും 25 ശതമാനം വൈദ്യുതി, പാചകവാതക സബ്സിഡിയായും നൽകുന്നത് എന്നാണ് സൂചനകൾ.

കിഴക്കമ്പലം പഞ്ചായത്തിന്റെ തനത് ഫണ്ടിൽ ബാക്കിയുള്ള 25 കോടി രൂപയും ഐക്കരനാട് പഞ്ചായത്തിൽ ബാക്കിയുള്ള 12 കോടി രൂപയും വിനിയോഗിച്ചാണ് സബ്സിഡി പദ്ധതി നൽകുന്നത്. വൈദ്യുതി ബില്ലിന്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നൽകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ഇത് ഘട്ടം ഘട്ടമായി 50 ശതമാനമായി ഉയർത്താനാണ് ട്വന്റി 20യുടെ പദ്ധതി. വെള്ള റേഷൻ കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. 

തദ്ദേശ തിരഞ്ഞെടുപ്പിൽ നിലവിലുള്ള നാലു പഞ്ചായത്തുകൾ നിലനിർത്തുകയും ബാക്കിയുള്ള പഞ്ചായത്തുകൾ കൂടി പിടിക്കുകയും ചെയ്യുകയാണ് ട്വന്റി 20 യുടെ ലക്ഷ്യം. അതിനൊപ്പം കുന്നത്തുനാട് നിയമസഭാ മണ്ഡലവും പാർട്ടിയുടെ ലക്ഷ്യമാണ്. നിലവിലെ എംഎല്‍എ ശ്രീനിജനും ട്വന്റി 20 നേതൃത്വവുമായി നിരന്തര കലഹം നിലനിൽക്കുന്നുണ്ട്. കുന്നത്തുനാട്ടിൽ മാത്രമല്ല, അയൽ മണ്ഡലങ്ങളിലും തങ്ങൾക്കു ഭീഷണിയായാണ് കോൺഗ്രസ് ട്വന്റി 20യെ കാണുന്നത്. അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയ വടംവലികൾക്കും തന്ത്രങ്ങൾക്കുമായിരിക്കും ഈ മേഖല വരും നാളുകളിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

English Summary:

Twenty20's New Strategy: Twenty20's Kerala election strategy centers on a new Privilege Card and utility subsidies. The party aims to leverage these initiatives to win local body and Assembly elections.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com