‘ആ ചോദ്യത്തിന് പ്രസക്തിയില്ല, ബേബിയുടെ യോഗ്യത സമ്മേളനം തീരുമാനിക്കും; എമ്പുരാനെതിരെയുള്ള പ്രതിഷേധം സംഘപരിവാർ അജൻഡ’

Mail This Article
സിപിഎമ്മിന്റെ ആഗ്രഹങ്ങളുടെ കേന്ദ്രബിന്ദു കേരളമാണെന്ന് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആർഎസ്എസിനെ പ്രതിരോധിക്കാൻ വിശാലമായ ഐക്യമെന്ന സന്ദേശം ഈ സമ്മേളനം നൽകുമെന്നും ജയരാജൻ പറഞ്ഞു. എം.എ. ബേബി ജനറൽ സെക്രട്ടറി ആകുമോയെന്ന ചോദ്യത്തിന് ഇന്ത്യയിലെ പാർട്ടിയെ നയിക്കാൻ സമ്മേളനം ശരിയായ നിലപാടു സ്വീകരിക്കുമെന്നായിരുന്നു ഉത്തരം. എം.എ. ബേബിയുടെ യോഗ്യത സംബന്ധിച്ചു സമ്മേളനമാണു തീരുമാനമെടുക്കേണ്ടതെന്നും ഇ.പി. ജയരാജൻ മനോരമ ഓൺലൈനോടു പറഞ്ഞു.
∙ ഇത്തവണത്തെ സിപിഎം പാർട്ടി കോൺഗ്രസിന്റെ പ്രസക്തിയെന്താണ്?
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന ഒരു സമ്മേളനമാണ് ഇത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ നോക്കുകയാണ്. ഇന്ത്യാ രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പാർട്ടി കോൺഗ്രസിൽ ചർച്ചയാകും. ആ പ്രശ്നങ്ങൾക്ക് ഇടത്–മതേതര പാർട്ടികളുടെ ഐക്യത്തിന് ഇടതുപക്ഷം ജയിച്ചുവരണം. ഇടതുപക്ഷത്തിനു നേതൃത്വം നൽകുന്ന സിപിഎം ശക്തിപ്പെടണമെന്ന് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുകയാണ്.
∙ ദേശീയ വിഷയങ്ങൾക്കൊപ്പം പാർട്ടി കോൺഗ്രസിന്റെ ഫോക്കസ് കേരളം ആയിരിക്കുമോ?
ആഗ്രഹങ്ങളുടെ കേന്ദ്രബിന്ദു കേരളമാണ്. ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്ന പച്ച തുരുത്താണ് കേരളം. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഇപ്പോൾ. ബിജെപിയും ആർഎസ്എസും സംഘപരിവാർ ശക്തികളും പാർലമെന്ററി ജനാധിപത്യത്തിനു നേരെ ആക്രമണം നടത്തുകയാണ്. ഇതെല്ലാം ജനങ്ങളെ അങ്ങേയറ്റം ഭയപ്പെടുത്തുകയാണ്. ജാതി–മത ഭ്രാന്ത് ഇളക്കിവിടുകയാണ്. ഈ ഘട്ടത്തിൽ ഇടതുപക്ഷ മതേതര ചേരി ശക്തിപ്പെടണം. അങ്ങനെ ഉണ്ടാകണമെങ്കിൽ സിപിഎം ശക്തിപ്പെടണം. അതിനുവേണ്ടിയുള്ള നയങ്ങളും പരിപാടികളും ഈ സമ്മേളനം ആസൂത്രണം ചെയ്യും.

∙ ദേശീയ തലത്തിൽ കോൺഗ്രസുമായി സഹകരിക്കാതെ സംഘപരിവാറിനെ നേരിടാൻ സാധിക്കുമോ?
ആർഎസ്എസിനെ പ്രതിരോധിക്കാൻ വിശാലമായ ഐക്യമെന്ന സന്ദേശം ഈ സമ്മേളനം നൽകുമെന്നാണു പാർട്ടി പ്രസിദ്ധീകരിച്ചിട്ടുള്ള രാഷ്ട്രീയ നയരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്.
∙ മൂന്നാം തുടർഭരണം ലക്ഷ്യമിട്ടു സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി ഒരു നയരേഖ അവതരിപ്പിച്ചിരുന്നല്ലോ. അധികാരത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയിൽ ദേശീയ തലത്തിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടാകുമോ
രാഷ്ട്രീയ നയ രൂപീകരണമാണ് പാർട്ടി കോൺഗ്രസ്. പിന്നീട് ആ നയം ഇന്ത്യയിലാകെ നടപ്പാക്കുകയാണ് പാർട്ടിയുടെ ചുമതല. അതിന് ഉതകുന്ന രീതിയിലുള്ള ചർച്ചകളുണ്ടാകും. കേരളം ഇന്ത്യയിലെ ബദൽ ശക്തിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇടതുപക്ഷ കക്ഷികൾക്കു പ്രചോദനമാണ് കേരളം.
∙ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി നേരത്തെ പറഞ്ഞല്ലോ. എമ്പുരാനെതിരെ വലിയ വിവാദത്തെ എങ്ങനെ കാണുന്നു?
എമ്പുരാനെതിരെയുള്ള പ്രതിഷേധം സംഘപരിവാർ അജൻഡയാണ്. കലാസൃഷ്ടികൾക്കുനേരെ കടുത്ത ആക്രമണമാണ് രാജ്യത്തു നടക്കുന്നത്. ഇത് ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും സ്വാഭാവികമായി ഉയർന്നുവരുന്ന ഒരു പ്രശ്നമാണ്.

∙ കേരളം ഇടതുപക്ഷത്തിന്റെ തുരുത്താണ്. പക്ഷേ, കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരു സീറ്റിന് അപ്പുറം കടക്കാൻ പാർട്ടിക്കു സാധിച്ചിരുന്നില്ല?
ഓരോ കാലാഘട്ടത്തിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടാകുന്ന പരാജയങ്ങൾ പാർട്ടി ചർച്ച വിലയിരുത്തിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പുകൾ എങ്ങനെ പരാജയപ്പെട്ടു എന്ന് അതാതു സമയത്തു പരസ്യമായി പറയേണ്ടതു പരസ്യമായി പറഞ്ഞിട്ടുണ്ട്. പാർട്ടിക്കുള്ളിൽ പറയേണ്ടത് പാർട്ടിയിലും പറഞ്ഞിട്ടുണ്ട്. ആവശ്യമായ തിരുത്തൽ വരുത്തി പാർട്ടി മുന്നോട്ടുപോകും.
∙ ഇഎംഎസിനുശേഷം കേരളത്തിൽ നിന്നൊരു പാർട്ടി സെക്രട്ടറി ഇത്തവണയുണ്ടാകുമോ?
ഇന്ത്യയിലെ പാർട്ടിയെ നയിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം ശരിയായ നിലപാടു സ്വീകരിക്കും. ഇവിടെ മലയാളിയാണോ ഹിന്ദിക്കാരനാണോ തമിഴനാണോ കന്നടക്കാരിയാണോ എന്ന പ്രശ്നമില്ല. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാൻ കരുത്തുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കുക എന്നതാണു സമ്മേളനത്തിന്റെ ചുമതല. ആ ചുമതല സമ്മേളനം നിർവഹിക്കും.

∙ എം.എ. ബേബി ആ സ്ഥാനത്തേക്കു യോഗ്യനാണോ?
യോഗ്യതയെ സംബന്ധിച്ചു സമ്മേളനമാണു തീരുമാനിക്കേണ്ടത്.
∙ പ്രായപരിധി തടസ്സമായില്ലെങ്കിൽ താങ്കൾ പൊളിറ്റ് ബ്യൂറോയിൽ എത്തുമെന്നാണു വിലയിരുത്തലുകൾ?
ആ ചോദ്യത്തിന് പ്രസക്തിയില്ല.
∙ ഇത്രയും നാൾ പ്രവർത്തിച്ചതിന്റെ അംഗീകാരമായി പൊളിറ്റ് ബ്യൂറോയിൽ എത്തേണ്ടതല്ലേ?
പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന എല്ലാ ആളുകൾക്കും കഴിവുണ്ട്. അതിനെയെല്ലാം സമാഹാരിച്ച് ഈ നാടിനു വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പാർട്ടി കാഴ്ചപ്പാട്.