മോദിജിയെ പോസിറ്റീവ് ആയി കാണിക്കാമായിരുന്നു; ഇത് ഹിന്ദുത്വവാദത്തിനെതിരായി എടുത്ത സിനിമ: രാഹുൽ ഇൗശ്വർ പറയുന്നു

Mail This Article
ആർഎസ്എസും ബിജെപിയും മോശക്കാരാണെന്ന് സിനിമയിലൂടെ പറയുന്നത് ശരിയല്ലെന്ന് രാഹുൽ ഈശ്വർ. ‘എമ്പുരാൻ’ എന്ന സിനിമയിൽ ഹിന്ദുക്കൾ എല്ലാം മോശക്കാരാണെന്ന് പറയാതെ മോശം കാര്യങ്ങളും നല്ല കാര്യങ്ങളും ഇടകലർത്തി പറയുകയായിരുന്നു വേണ്ടതെന്നും രാഹുൽ ഈശ്വർ പറയുന്നു. പൃഥ്വിരാജ് കേരളത്തിന്റെ കമൽഹാസനാണെന്നും ഒരു സിനിമയുടെ പേരിൽ പൃഥ്വിരാജിനെയും ഭാര്യയെയും അമ്മയെയും ചീത്ത പറയുന്നത് ശരിയല്ലെന്നും മനോരമ ന്യൂസിനോട് സംസാരിക്കവെ രാഹുൽ ഈശ്വർ പറഞ്ഞു.
‘നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ കുഴപ്പം നമുക്ക് ഒരു മിഡിൽ ഗ്രൗണ്ടില്ല എന്നുള്ളതാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മോഹൻലാൽ മാപ്പ് പറഞ്ഞിട്ടില്ല, തെറ്റുപറ്റിയെന്നും പറഞ്ഞിട്ടില്ല, അദ്ദേഹം ഖേദപ്രകടനമാണ് നടത്തിയത്. എല്ലാവർക്കും ഉണ്ടായ വിഷമത്തിൽ മോഹൻലാൽ ഖേദപ്രകടനം നടത്തി. എന്നാൽ മുരളി ഗോപി അത് പങ്കുവച്ചില്ല. ഇത് നമ്മുടെ മെച്യൂരിറ്റി ആയി കാണണ്ടേ. മുരളി ഗോപിയുടെ അച്ഛൻ ഒരു ബിജെപിക്കാരനാണ്. അദ്ദേഹം അവസാന കാലത്ത് ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ഇലക്ഷനിൽ നരേന്ദ്രമോദിക്കു വേണ്ടിയും ബിജെപിക്ക് വേണ്ടിയും ഇലക്‌ഷൻ പ്രചരണം നടത്തിയ ആളാണ് മല്ലിക സുകുമാരൻ. എന്നാൽ അവരുടെ രണ്ടു മക്കളും ബിജെപി വിരുദ്ധരാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നവരാണ്. അച്ഛനും മക്കളും ഒക്കെ വേറെ വേറെ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നത് നമ്മുടെ കേരളത്തിന്റെ മനോഹാരിതയല്ലേ കാണിക്കുന്നത്. ആരെ ആക്രമിക്കുമ്പോഴും ഒരു മയവും നയവും ഒക്കെ വേണം. സിനിമാ ഗംഭീരമാണെന്നുള്ള കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ചില വിമർശനമുണ്ട് അത് അങ്ങനെ എടുക്കാം. ഒരു സിനിമയിൽ എല്ലാം നല്ലതല്ല എല്ലാം ചീത്തയുമില്ല. ഒരുപാട് കാര്യങ്ങൾ നല്ലതുണ്ട്, ഒന്ന് രണ്ട് കാര്യങ്ങൾ മോശമായതുമുണ്ട്’ രാഹുൽ പറയുന്നു.
‘നേരത്തെ പറഞ്ഞതുപോലെ ഡാം തകർക്കുമെന്നു പറയുന്ന ഒരു സീൻ ഉണ്ടായിരുന്നു. അതുപോലെതന്നെ ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ഇതൊക്കെ ആളുകൾക്കിടയിൽ വേദനയും വിഷമവുമൊക്കെ ഉണ്ടാക്കി. ഇതിനെ ഒരു ബാലൻസ് ആക്കി നമുക്ക് കണ്ടുകൂടെ. ‘എമ്പുരാൻ’ മഹാവിജയമാണ്, ഗംഭീര സിനിമയാണ്, മലയാളത്തിന്റെ അഭിമാനമാണ്. എന്നാൽ ബിജെപിയയെയും ആർഎസ്എസുകാരെയും എല്ലാം മോശമായി കാണിക്കുന്നത് ശരിയാണോ?. ഉദാഹരണത്തിന് നരേന്ദ്രമോദിജിക്ക് കോടതികൾ ക്ലീൻ ചിറ്റ് കൊടുത്തതാണ്. അപ്പോൾ നരേന്ദ്രമോദിയെ നന്നാക്കി കാണിക്കാമായിരുന്നല്ലോ. നരേന്ദ്രമോദി അറിയാതെയാണ് ഈ കലാപങ്ങൾ നടന്നത് എന്നാണല്ലോ കോടതിയും പറഞ്ഞിരിക്കുന്നത്, അത് കാണിക്കാമായിരുന്നില്ലേ. അതൊന്നും കാണിക്കാതെ ഏകപക്ഷീയമായി സിനിമ എടുക്കുന്നത് ശരിയല്ല.’ രാഹുൽ പറഞ്ഞു.
‘എല്ലാത്തിനും ഒരു ബാലൻസ് ആണ് വേണ്ടത്. ലാലേട്ടൻ ആ ഒരു ബാലൻസിലേക്കാണ് എത്തിയത്. ആരും ലാലേട്ടനെ പേടിപ്പിച്ചത് ഒന്നുമല്ല. ഇന്ന് വളരെ മനോഹരമായി ആന്റണി പെരുമ്പാവൂർ സംസാരിക്കുന്നത് കണ്ടു. ആരെയും എതിർക്കണ്ട, നമ്മളെല്ലാം ഒരുമിച്ച് ജീവിക്കുന്നവരല്ലേ, ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ആ വിഷമത്തിലാണ് നമ്മൾ തീരുമാനമെടുത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. ലാലേട്ടനെ ലെഫ്റ്റനന്റ് കേണൽ ആക്കിയത് കോൺഗ്രസുകാരുടെ കാലത്താണ്, എന്നാൽ ലാലേട്ടൻ ബിജെപിയുമായും കോൺഗ്രസുമായും എല്ലാം ബന്ധം സൂക്ഷിക്കുന്ന ആളാണ്. ലാലേട്ടന്റെ വിശ്വശാന്തി ഫൗണ്ടേഷനും ആർഎസ്എസും എല്ലാം ചേർന്ന് പരിപാടികൾ നടത്തിയിട്ടില്ലേ. എല്ലാവരും ഒത്തൊരുമിച്ച് പോകുന്ന ഒരു രാഷ്ട്രീയ പരിസരമാണ് വേണ്ടത്. ഏകപക്ഷീയമായി ബിജെപിക്കാരെയും ആർഎസ്എസുകാരെയും അധിക്ഷേപിച്ചു എന്ന് പ്രവർത്തകർക്കു തോന്നിയപ്പോൾ സോഷ്യൽ മീഡിയയിൽ ആക്രമണം ഉണ്ടായി. രാജീവ് ചന്ദ്രശേഖർജിയും രമേഷ്ജിയും ഒക്കെ ആരെയും വേദനിപ്പിക്കാതെ സിനിമയെ സിനിമയായി കാണണം എന്നാണ് പറഞ്ഞത്. പക്ഷേ ഗ്രൗണ്ടിൽ നിന്ന് വലിയ രീതിയിൽ എതിർപ്പ് വന്നു, ലാലേട്ടൻ അത് മനസ്സിലാക്കി ചില രംഗങ്ങൾ മാറ്റി. സിനിമയുടെ ബേസിക് തീം എന്ന് പറയുന്നത് ഒരു തീവ്ര വലതുപക്ഷത്തിന്റെ ആളുകൾ ചില മോശം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ നല്ല വലതുപക്ഷക്കാരെ കാണിക്കാമായിരുന്നല്ലോ, മോദിജിയെ പോസിറ്റീവായി കാണിക്കാമായിരുന്നു, അല്ലെങ്കിൽ മോദിജിയുടെ റെപ്രസന്റേഷൻ എങ്കിലും കാണിക്കാം, എല്ലാവരും മോശമാണെന്ന് പറയുന്നത് ശരിയല്ല.’ രാഹുൽ പറഞ്ഞു.
‘ഗുജറാത്ത് കലാപം ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവാണ്, അതുപോലെ തന്നെയാണ് ഗോധ്രയിലെ തീവണ്ടിയിൽ നടന്ന അപകടം, അതും ഇന്ത്യയിലെ ആത്മാവിന് ഏറ്റ മുറിവാണ്, കശ്മീരി പണ്ഡിറ്റുകളും ബാബറി മസ്ജിദും രണ്ടും ഇന്ത്യയുടെ ആത്മാവിന് ഏറ്റവും മുറിവാണ്. ഗുജറാത്ത് കാണിക്കുമ്പോൾ ഗോധ്ര കൂടി കുറച്ചു ശക്തമായി കാണിക്കണ്ടേ. എല്ലാറ്റിനും ഒരു ബാലൻസ് ആണ് വേണ്ടത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങളൊന്നും മാർക്കറ്റിങ് അല്ല, അങ്ങനെയൊന്നും ആർക്കും പ്ലാൻ ചെയ്ത് മാർക്കറ്റ് ചെയ്യാൻ ഒന്നും കഴിയില്ല. ഈ രീതിയിൽ അതിന്റെ പരിണിതഫലങ്ങൾ വരുന്നതാണ്. എല്ലാം ഒരു രാജ്യാന്ത ഗൂഢാലോചന ആണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല. ഈ സിനിമയുടെ സംവിധായകനും എഴുത്തുകാരനും നിർമാതാവും നായകനും എല്ലാം ഹിന്ദുവാണ്. എല്ലാവരും ഹിന്ദുക്കൾ ആയിരുന്നു കൊണ്ട് ഇത് മുസ്‌ലിങ്ങൾക്ക് വേണ്ടിയുള്ള സിനിമയാണെന്ന് പറയുന്നതിൽ അർഥമില്ല. ഇവർ ഇത് ഹിന്ദുത്വവാദത്തിനെതിരെ എടുത്ത ഒരു സിനിമയാണ്. ലാലേട്ടൻ നിന്നും ഇത് വന്നപ്പോൾ വലിയ വേദനയുണ്ടായി. ലാലേട്ടൻ എല്ലാരുടെയും ആണ്, എന്നാൽ ലാലേട്ടൻ കുറച്ച് വലത്തോട്ട് ചാഞ്ഞുനിൽക്കുന്ന ഒരാളാണ്. അതുപോലെ മമ്മൂട്ടി സാർ ഇടത്തോട്ട് ചാഞ്ഞു നിൽക്കുന്ന ആളാണ്. ലാലേട്ടന്റെ ഒരു തോള് വലത്തോട്ട് ചാഞ്ഞു നിൽക്കുന്നു എന്നാണ് എല്ലാവരും മനസ്സിലാക്കുന്നത്, അപ്പോൾ ലാലേട്ടന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു കാര്യം വന്നപ്പോൾ അവർക്ക് അത് വലിയ ദേഷ്യമായി. അതാണ് ലാലേട്ടനെ പോലും അപമാനിക്കുന്നത്’ രാഹുൽ പറയുന്നു.
‘ലാലേട്ടൻ ആണല്ലോ ഈ കൂട്ടത്തിൽ സീനിയർ. ലാലേട്ടനും മറ്റെല്ലാവരും ചേർന്ന് ഒരു തീരുമാനം എടുത്തു. ഏകദേശം ഒരു ദിവസം എല്ലാവരും കൂടി ചർച്ച ചെയ്തിട്ടാണ് ഈ തീരുമാനമെടുത്തതെന്നാണ് ഞാൻ അറിഞ്ഞത്. അത് പൃഥ്വിരാജിനെയും മുരളി ഗോപിയെയും ആന്റണി പെരുമ്പാവൂരിനെയും എല്ലാം വിശ്വാസത്തിൽ എടുത്തതാണ് ചെയ്തത്. അത് പൃഥ്വിരാജ് ഷെയർ ചെയ്തു കഴിഞ്ഞാൽ മനസ്സിലാക്കേണ്ടത് ലാലേട്ടന്റെ നിലപാട് തന്നെയാണ് എല്ലാവരുടെയും നിലപാട് എന്നാണ്. പക്ഷേ അതിൽ നിന്ന് ഒരു വിഭിന്നമായ നിലപാടാണ് മുരളി ഗോപി എടുത്തത്. മുരളി ഗോപി കുറച്ചുകൂടി ശക്തമായ സ്റ്റാൻഡ് എടുക്കുന്ന ഒരാളാണ്. ലാലേട്ടൻ സോഫ്റ്റ് ആയി തീരുമാനം എടുക്കുന്ന ആളും, ഇത് രണ്ടും നമ്മുടെ നാടിന് ആവശ്യമാണ്. ലാലേട്ടൻ എല്ലാവരെയും ഒരുമിച്ച് നിർത്തി. പക്ഷേ മുരളി ഗോപിയോട് എന്താണ് ഷെയർ ചെയ്യാത്തത് എന്ന് ചോദിച്ചപ്പോൾ മുരളി ഗോപി ഈദ് ആശംസകൾ ആണ് ഇട്ടത്. മുരളി ഗോപിയുടെ ‘ടിയാൻ’ എന്ന സിനിമ കണ്ടാൽ നമുക്ക് മനസ്സിലാകും, ഹിന്ദുവും മുസ്‌ലിങ്ങളും ഒരുമിച്ച് നിന്ന് ഹിന്ദുത്വ ആശയത്തെ പരാജയപ്പെടുത്തുന്ന രീതിയിലുള്ള ഒരു സിനിമയാണ് ‘ടിയാൻ’. മുരളി ഗോപിയുടെ അച്ഛൻ ബിജെപി ആണെങ്കിൽ മകൻ ബിജെപി വിരുദ്ധനാണ്. ഇതൊക്കെ നമ്മുടെ നാടിന്റെ നന്മയും മനോഹാരിതയുമാണ് അല്ലാതെ അച്ഛൻ കോൺഗ്രസുകാരൻ ആണെങ്കിൽ മകനും കോൺഗ്രസുകാരൻ തന്നെയാകണം എന്നൊന്നുമില്ല. ഒരു കുടുംബത്തിൽ തന്നെ കോൺഗ്രസും ബിജെപിയും സിപിഎമ്മും എല്ലാമുള്ളതല്ലേ നമ്മുടെ മഹത്വം. അതുതന്നെയല്ലേ 'സന്ദേശം' എന്ന സിനിമയിൽ നിന്നും നമ്മൾ പഠിച്ച ഏറ്റവും വലിയ സന്ദേശം.’ രാഹുൽ കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ ഇലക്ഷനിൽ മോദിജിക്ക് വേണ്ടി പ്രചരണം നടത്തിയ മല്ലിക സുകുമാരന് ഇന്നലെ പറയേണ്ടിവന്നു, ആർഎസ്എസ് എന്നും ബിജെപി എന്നൊന്നും പറഞ്ഞ് എന്നെ പേടിപ്പിക്കേണ്ടെന്ന്. പിന്നെ പൃഥ്വിരാജിന്റെ ഭാര്യയെ ഒക്കെ ചീത്ത വിളിക്കുന്നത് വളരെ മോശമാണ്. പൃഥ്വിരാജ് കേരളത്തിന്റെ അഭിമാനമാണ്. വിവേക് ഒബ്‌റോയി പറഞ്ഞതുപോലെ കേരളത്തിന്റെ കമല്‍ഹാസനാണ് പൃഥ്വിരാജ്. പൃഥ്വിരാജിനോട് തത്വാധിഷ്ഠിതമായ എതിർപ്പ് എനിക്കുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ ഏറ്റവും പ്രതിഭയുള്ള യുവതാരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിനെ ബഹുമാനിച്ച് അയാളുടെ നയങ്ങളെ വിമർശിക്കുക അല്ലാതെ ഒരാളുടെ അച്ഛനെ അമ്മയും ചീത്ത വിളിക്കരുത്. ആ മര്യാദ എല്ലാവരും കാണിക്കണം.’’–രാഹുൽ ഈശ്വറിന്റെ വാക്കുകൾ.