അമ്പമ്പോ...! മാർച്ചിൽ വേനൽ മഴ 91% കൂടുതൽ; കാസർകോടിന് ക്ഷീണം: വേനൽക്കാലത്ത് ഉരുൾപൊട്ടുമോ?

Mail This Article
സംസ്ഥാനത്ത് മാർച്ച് മാസത്തിൽ ഇത്തവണ ലഭിച്ചത് 65.7 മില്ലിമീറ്റർ മഴ. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട (34.4 mm) മഴയേക്കാൾ 91% അധികമാണ് ലഭിച്ചിരിക്കുന്നത്. 2017ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച് മാസമാണ് ഇത്തവണത്തേത്. 121 മി.മീ ലഭിച്ച കോട്ടയം ആണ് (121% അധികം) ജില്ലകളിൽ മുന്നിൽ. തൊട്ടുപിന്നാലെ പത്തനംതിട്ടയാണ് (109 mm, 59% അധികം).
കാസർകോട് ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇത്തവണ മാർച്ച് മാസത്തിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. കാസർകോട് ജില്ലയിൽ ആകെ ലഭിച്ചത് 6 മില്ലിമീറ്റര്‍ മഴ മാത്രമാണ് (62% കുറവ്).

സംസ്ഥാനത്ത് 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.

മാർച്ചിൽ സംസ്ഥാനത്ത് 65.7 മില്ലിമീറ്റർ വേനൽമഴ ലഭിച്ചുവെന്നാണ് കണക്ക്. 2017നു ശേഷം മാർച്ചിൽ ഏറ്റവുമധികം വേനൽ മഴ ലഭിക്കുന്നത് ഇത്തവണയാണ്. കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണ മാർച്ചിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു. മഴയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടും കൂടിയ തോതിൽ തുടരുകയാണ്. സൂര്യപ്രകാശത്തിൽ അൾട്രാ വികിരണങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പകൽ സമയം ഏറെ നേരം തുടർച്ചയായി നേരിട്ട് വെയിൽ ഏൽക്കുന്നത് സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത
ഏപ്രിലിലെ മഴയിൽ കേരളം, കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഏപ്രിൽ–ജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും. ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം.