ഗൾഫിൽ ചോരനീരാക്കി നാട്ടിൽ പണിത വീട്: പക്ഷേ ഭാഗംവച്ചപ്പോൾ വെറുംകയ്യോടെ ഇറങ്ങേണ്ടിവന്നു; അനുഭവം

Mail This Article
കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും രണ്ടാണ്മക്കളും അടങ്ങുന്ന കുടുംബം. തേക്കാത്ത ചുവരുകളുള്ള, മഴക്കാലത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയുള്ള വീട്. ഓരോ മഴക്കാലവും വീടിനുള്ളിൽ പലയിടങ്ങളിൽ പാത്രങ്ങൾ നിരക്കും. അതിൽ വെള്ളത്തുള്ളികൾ വീഴുന്ന ശബ്ദം വീടിനുള്ളിൽ നിറയും. പഠിക്കാൻ മിടുക്കനായ മൂത്ത മകൻ പ്ലസ്‌ടു നല്ല മാർക്കോടെ പാസായ സമയം. അച്ഛന് ആരോഗ്യപ്രശ്നങ്ങൾ മൂലം പതിവായി കൂലിപ്പണിക്ക് പോകാൻ ബുദ്ധിമുട്ടായി തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതൽ മോശമായി. അങ്ങനെ ഡിഗ്രിക്ക് പോകാതെ ചെറിയ ട്രേഡർ കോഴ്സ് പാസായശേഷം പലരുടെയും കയ്യുംകാലും പിടിച്ച് ഒരു വീസ ഒപ്പിച്ച് മൂത്ത മകൻ ഗൾഫിലെത്തി.
അവന്റെ വർഷങ്ങളുടെ കഠിനാധ്വാനം മൂലം കുടുംബം ദാരിദ്ര്യത്തിൽനിന്ന് പതിയെ കരകയറി തുടങ്ങി. ചോർന്നൊലിക്കാത്ത, സൗകര്യങ്ങളുള്ള ഒരു വീട് അവരുടെ വലിയ അഭിലാഷമായിരുന്നു. പഴയ വീട് പൊളിച്ച് രണ്ടുനിലയുള്ള കോൺക്രീറ്റ് വീടിന്റെ പണി തുടങ്ങി. 10 മാസം കൊണ്ട് വീട് പൂർത്തിയായെങ്കിലും ലീവ് കിട്ടാത്തത് കൊണ്ട് പാലുകാച്ചലിന് വരാൻ മൂത്ത മകന് കഴിഞ്ഞില്ല. തനിക്ക് പഠിക്കാൻ കഴിയാത്തതുകൊണ്ട് അനിയനെ നന്നായി പഠിപ്പിക്കണമെന്നത് അയാളുടെ ആഗ്രഹമായിരുന്നു. അവനെ എൻജിനീയറിങ് പഠിപ്പിച്ചതിന്റെ ചെലവ് മുഴുവൻ വഹിച്ചത് അയാളാണ്. പഠനംകഴിഞ്ഞു അനിയന് ഒരു ഐടി കമ്പനിയിൽ ജോലികിട്ടി.

പ്രായം മുപ്പതുകൾ പിന്നിട്ടിട്ടും ചേട്ടന് പറ്റിയ വിവാഹാലോചനകൾ ഒന്നും ശരിയായില്ല. ഡിഗ്രിയില്ലാത്ത പയ്യന് വിവാഹമാർക്കറ്റിൽ ഡിമാൻഡ് ഇല്ല. ഗൾഫിലെ ദീർഘവർഷങ്ങളും കഠിനാധ്വാനവും അയാളുടെ നിറവും മുടിയും സൗന്ദര്യവുമെല്ലാം കവർന്നെടുത്തിരുന്നു. ഒടുവിൽ, നാട്ടിലെ പരാധീനതകളുള്ള ഒരു കുടുംബത്തിൽനിന്ന് ഒരാലോചന ഒത്തുവന്നു. വിവാഹം കഴിഞ്ഞു. കുട്ടിയുണ്ടായി. ആ സമയത്താണ് കോവിഡ് മഹാമാരിയെത്തുന്നത്. കോവിഡും സ്വദേശിവത്കരണവും ചേർന്നപ്പോൾ അയാളുടെ ജോലിപോയി. നാട്ടിൽ തിരിച്ചെത്തി ഇലക്ട്രിക്കൽ- പ്ലമിങ് ജോലികൾക്ക് പോയിത്തുടങ്ങി.
ആ സമയത്ത് അനിയൻ കൂടെ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. താമസിയാതെ അവരുടെ വിവാഹം കഴിഞ്ഞു. മധുവിധു കാലം കഴിഞ്ഞതോടെ സഹോദരങ്ങളുടെ ഭാര്യമാരും അമ്മായിയമ്മയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. വഴക്കുകൾ വീടിന്റെ സമാധാന അന്തരീക്ഷം കെടുത്തി. ഇളയവൻ കുടുംബം ഭാഗം വയ്ക്കുന്നതിനെ കുറിച്ച് സംസാരിച്ചു.
സഹോദരങ്ങൾ വിവാഹം കഴിഞ്ഞു കുടുംബമായാൽ മാറിത്താമസിക്കുന്ന പതിവുണ്ടല്ലോ. രീതിയനുസരിച്ച് ഇളയ മകനാണ് കുടുംബവീട് ലഭിക്കുക. അങ്ങനെ കുടുംബവീടും 5 സെന്റ് സ്ഥലവും അനിയന് ലഭിച്ചു. വർഷങ്ങളുടെ ഗൾഫ് ജീവിതത്തിലെ സമ്പാദ്യം കൊണ്ട് മൂത്ത മകൻ നിർമിച്ചതാണ് ആ വീട് എന്ന യാഥാർഥ്യമൊന്നും ആ സമയത്ത് മാതാപിതാക്കൾ ഓർത്തില്ല. ചേട്ടന് ലഭിച്ചതാകട്ടെ കൃത്യമായ ആകൃതിയില്ലാത്ത ആ വസ്തുവിന്റെ പിന്നിലുള്ള 5 സെന്റ്. അവിടേക്ക് വഴിയില്ലാത്തതിനാൽ വീട് നിർമിക്കുന്നത് പ്രാവർത്തികമല്ല. മറ്റാരും ആ സ്ഥലം മേടിക്കുകയുമില്ല. ഭാവിയിൽ കുറഞ്ഞ കാശിന് അനിയന് തന്നെ കൊടുക്കാനേ കഴിയൂ.
അങ്ങനെ അയാൾ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽനിന്ന് ഭാര്യയും കുട്ടിയുമായി അയാൾക്കിറങ്ങേണ്ടി വന്നു. ഇപ്പോൾ അയാൾ ഭാര്യവീട്ടിലാണ് താമസിക്കുന്നത്. കുറച്ചുവർഷങ്ങളുടെ അധ്വാനവും സ്വരുക്കൂട്ടലും തന്റെ ഓഹരി വസ്തു അനിയന് വിറ്റതുമെല്ലാം വഴി 5 സെന്റ് സ്ഥലം വാങ്ങാൻ അയാൾക്ക് സാധിച്ചു. ഇനി അവിടെയൊരു വീട് വയ്ക്കാനുള്ള സാമ്പത്തികം ഒരുക്കാനുള്ള തത്രപ്പാടിലാണ് അയാൾ. കൂലിപ്പണിയായതുകൊണ്ട് വലിയ ലോൺ ഒന്നും ലഭിക്കില്ല. ഉറുമ്പ് കൂട്ടിവയ്ക്കുംപോലെ സമ്പാദ്യം കൂട്ടിവച്ച് അയാൾ കാത്തിരിക്കുന്നു.
***
ഇത് ഒരു വീട്ടിൽ മാത്രം നടന്ന കഥയല്ല, കേരളത്തിലെ ഒരുപാട് കുടുംബങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. രക്തബന്ധമെന്നത് പുതിയ കാലത്ത് വിലയില്ലാത്ത ഒരു പദമാണ്. അതിനാൽ നിങ്ങൾക്ക് സഹോദരങ്ങൾ ഉണ്ടെങ്കിൽ, കഴിവതും ഭാഗം വയ്ക്കാത്ത കുടുംബവീട്ടിൽ സ്വന്തം സമ്പാദ്യം അധികം ചെലവഴിക്കാതിരിക്കുക. ഇനി അങ്ങനെ ചെയ്യുകയാണെങ്കിൽ, പിന്നീടുള്ള ഭാഗംവയ്പ് മുൻകൂട്ടി കണ്ട്, കൃത്യമായി വ്യവസ്ഥകൾ ഉണ്ടാക്കി രജിസ്റ്റർ ചെയ്യുക. ഗൾഫിൽ കഷ്ടപ്പെട്ട് കുടുംബവീട് പൊളിച്ചുപണിതു, സഹോദരങ്ങളെ പഠിപ്പിച്ചു, പെങ്ങന്മാരെ കെട്ടിച്ചുവിട്ടു എന്നൊക്കെ വാക്കാൽ പറയാമെന്നല്ലാതെ, സ്വത്ത് ഭാഗം വയ്ക്കുമ്പോൾ സ്വന്തം മാതാപിതാക്കൾ പോലും അതൊന്നും കണക്കിലെടുക്കണമെന്നില്ല..