‘ഒറ്റക്കെട്ട്; എത്ര പ്രകോപിപ്പിച്ചാലും ഇറങ്ങിപ്പോവില്ല’: വഖഫ് നിയമ ഭേദഗതിയെ എതിർക്കുമെന്ന് പ്രതിപക്ഷം

Mail This Article
ന്യൂഡൽഹി∙ വഖഫ് നിയമ ഭേദഗതിയെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷം. ചർച്ചയിൽ പൂർണമായി പങ്കെടുത്തതിനുശേഷം എതിർത്ത് വോട്ടുചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി.
‘നാളെ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ സജീവമായി പങ്കെടുക്കാനും കടുത്ത എതിർപ്പ് രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്’–ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. എന്തു പ്രകോപനമുണ്ടായാലും ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുകയോ മാറിനിൽക്കുകയോ ചെയ്യില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചു നിന്ന് ബില്ലിനെ ‘പരാജയപ്പെടുത്തണം’ എന്ന് ഖർഗെ പറഞ്ഞു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, ആർഎസ്പി തുടങ്ങി പ്രതിപക്ഷ പാർട്ടികൾ ചർച്ചയിൽ പങ്കെടുത്തു. മോദി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും വിഘടനപരവുമായ അജൻഡയാണ് വഖഫ് ബില്ലെന്ന് ഖർഗെ എക്സിൽ പങ്കുവച്ച സന്ദേശത്തിൽ പറഞ്ഞു.
എല്ലാ എംപിമാരും ബുധൻ മുതൽ വെള്ളി വരെയുള്ള മൂന്നുദിവസം സഭയിൽ ഹാജരാകണമെന്ന് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി എംപിമാരുടെ യോഗവും ചേരും. ബില്ലിനോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ഈ യോഗത്തിൽ തീരുമാനമെടുക്കും. ബില്ലിനെ എതിർത്ത് വോട്ടുചെയ്യണമെന്ന് തങ്ങളുടെ എംപിമാർക്ക് സിപിഎമ്മും നിർദേശം നൽകി. സിപിഎമ്മിന്റെ എംപിമാരോടെല്ലാം ചർച്ചയിൽ പങ്കെടുക്കാൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ പാർട്ടി കോൺഗ്രസിനായി മധുരയിലെത്തിയ കെ.രാധാകൃഷ്ണൻ എംപി ഡൽഹിക്ക് മടങ്ങും. നാളെയാണ് വിവാദമായ വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എട്ടു മണിക്കൂറാണ് ചർച്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
