എമ്പുരാനിൽ 24 വെട്ട്; നടക്കുന്നത് കച്ചവട ഡ്രാമയെന്ന് സുരേഷ് ഗോപി, കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോർജ് – പ്രധാനവാർത്തകൾ വായിക്കാം

Mail This Article
എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾ തന്നെയായിരുന്നു ഇന്നും വാർത്താലോകത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. എമ്പുരാനിലെ 24 ഭാഗങ്ങൾ വെട്ടി, എല്ലാം വെറും ബിസിനസ് ഡ്രാമയെന്ന് സുരേഷ് ഗോപി, എമ്പുരാന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി തുടങ്ങിയവയായിരുന്നു സിനിമയുമായി ബന്ധപ്പെട്ട പ്രധാനവാർത്തകൾ. നഡ്ഡയെ കണ്ട് വീണാ ജോർജ്, ഇന്ത്യയിലേക്ക് വരാൻ താൽപര്യമെന്നു സുനിത തുടങ്ങിയവയായിരുന്നു മറ്റു ചില പ്രധാനവാർത്തകൾ. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
എമ്പുരാന്റെ പുതിയ പതിപ്പിൽ വെട്ടുന്നത് 17 ഭാഗങ്ങളല്ല, 24 ഭാഗങ്ങൾ. റി എഡിറ്റഡ് സെൻസർ രേഖ പുറത്തുവന്നു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നു മാറ്റിയിട്ടുണ്ട്. നന്ദികാർഡിൽ നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി.
എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അത് കഷ്ടമാണ്...’’ – സുരേഷ് ഗോപി പറഞ്ഞു.
എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. സെൻസർ ബോർഡ് അംഗീകാരം കിട്ടിയിട്ടുണ്ട്, പിന്നെന്താണ് പ്രശ്നമെന്ന് ചോദിച്ചാണു ജസ്റ്റിസ് സി.എസ്.ഡയസ് സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയത്. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി.വിജേഷ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
ബഹിരാകാശത്ത് നിന്നു നോക്കുമ്പോൾ ഇന്ത്യയെ എങ്ങനെയാണ് കാണുന്നത്? പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ നൽകിയ മറുപടി ‘സാരെ ജഹാൻ സെ അച്ഛാ’ എന്നാണ്. എന്നാൽ ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുകണ്ട ഇന്ത്യൻ കാഴ്ചയെപ്പറ്റി പറയുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഹിമാലയത്തിനു മുകളിലൂടെ കടന്നുപോയത് അവിസ്മരണീയമായ കാഴ്ചയായിരുന്നെന്നാണ് അവർ വ്യക്തമാക്കിയത്.