ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ റയലിനെ ഞെട്ടിച്ച് ആർസനൽ, ആദ്യപാദത്തിൽ 3–0ന് ജയിച്ചു; ബയണിനെ അവരുടെ തട്ടകത്തിൽ 2–1ന് വീഴ്ത്തി ഇന്റർ മിലാൻ

Mail This Article
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനും ജർമൻ കരുത്തരായ ബയൺ മ്യൂണിക്കിനും ഞെട്ടിക്കുന്ന തോൽവി. റയലിനെ ഇംഗ്ലിഷ് ക്ലബ് ആർസനലും ബയണിനെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമാണ് തകർത്തുവിട്ടത്. ആർസനലിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടറിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ വീണത്. ബയണിന്റെ തട്ടകത്തിൽ 2–1നാണ് ഇന്റർ മിലാന്റെ വിജയം.
ഫ്രീകിക്കുകളിൽനിന്ന് ഇരട്ടഗോൾ നേടിയ ഡെഗ്ലാൻ റൈസിന്റെ തകർപ്പൻ പ്രകടനമാണ് റയലിനെതിരെ ആർസനലിന് വിജയം നേടിക്കൊടുത്തത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ആർസനൽ മൂന്നു ഗോളുകളും നേടിയത്. വെറും 17 മിനിറ്റിന്റെ ഇടവേളയിലാണ് ഈ ഗോളുകൾ പിറന്നത് എന്ന പ്രത്യേകതയുമുണ്ട്.
58, 70 മിനിറ്റുകളിലാണ് ഡെക്ലാൻ റൈസ് ഫ്രീകിക്കിൽനിന്ന് ലക്ഷ്യം കണ്ടത്. ആർസനലിന്റെ മൂന്നാം ഗോൾ മൈക്കൽ മെറീനോ 75–ാം മിനിറ്റിൽ നേടി. മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട എഡ്വാർഡോ കാമവിംഗ ഇൻജറി ടൈമിൽ പുറത്തുപോയതിനാൽ 10 പേരുമായാണ് റയൽ മത്സരം പൂർത്തിയാക്കിയത്. ഇതോടെ രണ്ടാം പാദ ക്വാർട്ടറിൽ താരത്തിന് കളിക്കിനാകില്ല.
2008–09 സീസണിനു ശേഷം ഇതാദ്യമായി ചാംപ്യൻസ് ലീഗ് സെമിയിൽ കടക്കാനുള്ള സുവർണാവസരമാണ് ഇതോടെ ആർസനലിനു മുന്നിലുള്ളത്. ക്വാർട്ടറിന്റെ രണ്ടാം പാദം റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ ഏപ്രിൽ 17ന് നടക്കും.
മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ രണ്ടു ഗോളുകളാണ് ബയണിനെതിരെ ഇന്റർ മിലാന് തകർപ്പൻ വിജയം സമ്മാനിച്ചത്.ത 38–ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനസും 88–ാം മിനിറ്റിൽ പകരക്കാരൻ താരം ഡേവിഡ് ഫ്രറ്റേസിയുമാണ് ഇന്ററിനായി ലക്ഷ്യം കണ്ടത്. ഈ സീസണോടെ ടീം വിടുമെന്ന് പ്രഖ്യാപിച്ച വെറ്ററൻ താരം തോമസ് മുള്ളറാണ് പകരക്കാരനായെത്തി 85–ാം മിനിറ്റിൽ ബയണിന്റെ ആശ്വാസഗോൾ നേടിയത്.