പ്രതിഫലം നൽകിയില്ലെന്ന് ഗായിക, രേഖകൾ പുറത്തുവിട്ട് സംഘാടകർ; നഷ്ടം 4.5 കോടി! നേഹ കക്കറിന്റെ വാദങ്ങൾ പൊളിയുന്നു?

Mail This Article
മെൽബണിലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഗായിക നേഹ കക്കറിനെതിരെ പരിപാടിയുടെ സംഘാടകരായ ബീറ്റ്സ് പ്രൊഡക്‌ഷൻ രംഗത്ത്. നേഹയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം കാരണം തങ്ങൾക്ക് 4.52 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മെൽബണിൽ പരിപാടികൾ നടത്തുന്നതിന് തങ്ങൾക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും സംഘാടകർ പറയുന്നു.
നേഹയുമായി നടത്തിയ പണമിടപാടുകളുെട സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കിട്ടാണ് ബീറ്റ്സ് പ്രൊഡക്‌ഷൻ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുന്നത്. നേഹയ്ക്കും സംഘത്തിനും നല്‍കിയ തുകകളുടെ രേഖകളും ഇവർ പുറത്തുവിട്ടു. പരിപാടിക്കു ശേഷം കാറില്‍ കയറുന്ന നേഹയുടെ ദൃശ്യങ്ങളും ബീറ്റ്സ് പ്രൊഡക്‌ഷൻ പങ്കുവച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം. മെൽബണിലെ മാർഗരറ്റ് കോർട്ട് അരീനയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ നേഹ കക്കർ 3 മണിക്കൂർ വൈകിയാണ് എത്തിയത്. പിന്നാലെ കാണികൾ പ്രതിഷേധവുമായി രംഗത്തെത്തി. തന്നെ കാത്തു നിന്ന ആരാധകർക്കു മുന്നിൽ വികാരാധീനയായാണ് നേഹ പ്രതികരിച്ചത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിഷയം സജീവ ചർച്ചയായി.
സംഘാടകരുടെ ഭാഗത്തു നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും തനിക്കും സംഘാംഗങ്ങൾക്കും അവർ ഭക്ഷണമോ വാഹനസൗകര്യമോ താമസ സൗകര്യമോ നൽകിയില്ലെന്നും ആരോപിച്ച് നേഹ രംഗത്തു വന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് താൻ പരിപാടി അവതരിപ്പിച്ചതെന്നും നേഹ പറഞ്ഞു. പിന്നാലെ നേഹയുടെ ആരോപണങ്ങൾ ശരിവച്ച് പങ്കാളി രോഹൻപ്രീസ് സിങ്ങും സഹോദരനും ഗായകനുമായ ടോണി കക്കറും രംഗത്തുവന്നു. എന്നാലിപ്പോൾ ബീറ്റ്സ് പ്രൊഡക്‌ഷന്റെ വിശദീകരണക്കുറിപ്പും ബില്ലുകളുടെ പകർപ്പും പുറത്തുവന്നതോടെ നേഹയുടെ വാദങ്ങൾ പൊളിയുകയാണ്.