പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് നേഹ കക്കർ, അഭിനയം വേണ്ടെന്ന് വിമർശനം

Mail This Article
സംഗീതപരിപാടിക്കിടെ വേദിയിൽ പൊട്ടിക്കരഞ്ഞ് ബോളിവുഡ് ഗായിക നേഹ കക്കർ. മെൽബണിൽ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. 3 മണിക്കൂർ വൈകിയാണ് ഗായിക സംഗീതപരിപാടിക്കെത്തിയത്. തുടർന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയാവുകയായിരുന്നു. വൈകി വന്നതിന് നേഹ കാണികളോട് ക്ഷമാപണം നടത്തി.
‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾ ശരിക്കും ഹൃദ്യമായ മനസ്സിന്റെ ഉടമകളാണ്. നിങ്ങൾ എന്നെ ക്ഷമയോടെ കാത്തിരുന്നു. ഒരാള്‍ ഞാന്‍ കാരണം കാത്തിരിക്കുക എന്ന് പറയുന്നത് ജീവിതത്തില്‍ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. ഇവിടെ അങ്ങനെ സംഭവിച്ചതിൽ ഞാന്‍ ഖേദിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കാത്തിരുന്നു. ഈ വൈകുന്നേരം ഞാൻ എന്നന്നേക്കുമായി ഓർമയിൽ സൂക്ഷിക്കും. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ എനിക്ക് ഈ വേദി വിടാന്‍ പറ്റില്ല’, നേഹ കക്കർ പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. സദസ്സിലെ ചിലർ നേഹയെ ആശ്വസിപ്പിക്കാൻ ആർപ്പുവിളിക്കുകയും കരഘോഷം മുഴക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാനാകും. വേറെ ചിലർ കോപത്തോടെയും പ്രതികരിച്ചു. നേഹയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കണ്ണുനീർ കൊണ്ട് ന്യായീകരിക്കേണ്ട എന്നാണ് ചിലരുടെ വിമർശനം. ഇതൊക്കെ നേഹയുടെ വെറും അഭിനയമാണെന്ന് വിഡിയോ കണ്ട് വേറെ ചിലർ പ്രതികരിച്ചു. അതേസമയം, നേഹയെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. തന്റെ തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞ നേഹ കക്കർ ബഹുമാനം അർഹിക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം.