"ദലിത് വിഭാഗത്തില്‍പ്പെട്ട പൊലീസുകാരന് മർദ്ദനം"! വൈറൽ വിഡിയോയുടെ വാസ്തവം |Fact Check

Mail This Article
ഗുജറാത്തില്‍ ദലിതനായതിനാല്‍ ഒരു പൊലീസുകാരനെ മര്‍ദ്ദിക്കുന്നു എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂണിഫോമിലുള്ള ഒരു പൊലീസുകാരനെ ചിലര്‍ തള്ളിമാറ്റുന്നതും പേരെന്താണെന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.എന്നാല്‍, പ്രചരിക്കുന്ന വിഡിയോ ഗുജറാത്തില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. റോഡില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിന് മധ്യപ്രദേശിലെ ബാന്‍ഗംഗ എസ്‌ഐ തേജേശ്വര്‍ എക്കയെ ചിലര്‍ ആക്രമിക്കുന്ന ദൃശ്യമാണിത്.
∙ അന്വേഷണം
" ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ . ഗുജറാത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് താഴ്ന്ന ജാതി ആയിപ്പോയി പാവം " എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.
വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2025 ഫെബ്രുവരി ആറിന് ഇന്ത്യാ ടിവി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്.
ബാന്‍ഗംഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുലര്‍ച്ചെ ചെക്കിങ് നടത്തുകയായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ തേജേശ്വര്‍ എക്കയാണ് ആക്രമണത്തിന് ഇരയായത്. വാഹനത്തിലരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഘം പൊലീസ് ഓഫിസറെ മര്‍ദ്ദിച്ചതെന്നും വാര്‍ത്തയിലുണ്ട്. ദലിത്/ഗോത്ര വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെതിരായ ഈ ആക്രമണത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ദലിത് വിഭാഗത്തില്‍പ്പെട്ട പൊലീസുകാരനാണ് ആക്രമണത്തിന് ഇരയായ തേജേശ്വര്‍ എക്ക എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹം ആക്രമണത്തിന് ഇരയായത് ദലിത് ആയതുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകളിലൊന്നും പരാമര്‍ശിക്കുന്നില്ല.
കാറിലെത്തിയ നാലംഗ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസറെ വ്യാജ ഉദ്യോഗസ്ഥനാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പേര് ചോദിക്കുകയും അദ്ദേഹത്തെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ബാന്‍ഗംഗ പൊലീസ് സ്റ്റേഷനിലേയ്ക്ക് പോവുകയുമായിരുന്നു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ട്‌പേര്‍ ഓടി രക്ഷപെട്ടെങ്കിലും മറ്റ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ സംഭവത്തില്‍ അറസ്റ്റിലായത് വികാസ് ദാബി, രവി നായക് എന്നിവരാണ്. ഇവര്‍ക്കെതിരെ പട്ടികജാതി/ പട്ടികവര്‍ഗ അതിക്രമ നിയമം ചുമത്തിയിട്ടുമില്ല. മനപൂര്‍വം പരുക്കേല്‍പ്പിക്കല്‍, പൊതുജനസേവകനെ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയല്‍, അനധികൃതമായി തടഞ്ഞുവയ്ക്കല്‍, പൊതുജനസേവകന്റെ കടമ തടസപ്പെടുത്തുന്നതിനുള്ള അക്രമം, അശ്ലീല പ്രയോഗം, പൊതു ഉദ്ദേശത്തോടെ കൂട്ടം ചേര്‍ന്ന് ചെയ്യുന്ന കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെപ്പറ്റിയും ഞങ്ങള്‍ വിശദമായി പരിശോധിച്ചു. അറസ്റ്റിലായ വികാസ് ദാബി ജയില്‍ വാര്‍ഡനാണ്. ജോബാത് ജയിലില്‍ സേവനമനുഷ്ടിക്കുന്ന വികാസ് അവധിക്ക് ഇന്‍ഡോറില്‍ എത്തിയതാണ്. ഇയാളെ സസ്പെന്റ് ചെയ്തതായി ജയില്‍ വകുപ്പ് സ്ഥിരീകിരിച്ചിട്ടുണ്ട്.
വികാസ് ദാബി ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. മധ്യപ്രദേശിലെ എസ്ടി വിഭാഗമാണ് ദാബി. മധ്യപ്രദേശ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ 2016ലെ പരീക്ഷാ മെറിറ്റ് ലിസ്റ്റില്‍ ദാബി വിഭാഗത്തില്‍ നിന്നുള്ളവരെ എസ്ടി ആയിട്ടാണ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. കൂടാതെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഐഎഎസ് ഓഫിസര്‍ ടിനാ ദാബി മധ്യപ്രദേശ് സ്വദേശിയാണ്. പൊലീസ് അറസ്റ്റ് ചെയ്ത മറ്റൊരാള്‍ രവി നായക് ആണ്. നായക് ദലിത് വിഭാഗമല്ല, എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒബിസി (മറ്റ് പിന്നോക്ക വിഭാഗം) വിഭാഗമാണ് നായക്.
അറസ്റ്റിലായ പ്രതികളുമായ ഇന്‍ഡോര്‍ പൊലീസ് വരുന്ന ദൃശ്യം എംപി തക് പങ്കുവച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ സംഭവം നടന്ന മധ്യപ്രദേശിലെ ബാന്‍ഗംഗ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സിയാറാം സിങ്ങിനെ ബന്ധപ്പെട്ടു. " ഫെബ്രുവരി ആറിന് നടന്ന ഈ സംഭവം മദ്യപിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കേസാണ്. ഇതില്‍ യാതൊരു തരത്തിലുമുള്ള ജാതീയ അധിക്ഷേപവുമില്ല. മൂന്ന് പേര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് പരെ സംഭവം നടന്നയുടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ വികാസ് ദാബിയും ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് " ബാന്‍ഗംഗ എസ്എച്ച്ഒ സിയാറാം സിംഗ് പറഞ്ഞു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ ഗുജറാത്തില്‍ നിന്നുള്ളതല്ലെന്നും ഫെബ്രുവരി അഞ്ചിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മദ്യപാനം ചോദ്യം ചെയ്തതിന് പൊലീസിനെ മര്‍ദ്ദിക്കുന്ന ദൃശ്യമാണെന്നും വ്യക്തമായി.
∙ വസ്തുത
വൈറല്‍ വിഡിയോ ഗുജറാത്തില്‍ നിന്നുളളതല്ല. 2025 ഫെബ്രുവരി അഞ്ചിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത സബ് ഇന്‍സ്‌പെക്ടറെ യുവാക്കള്‍ മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)