സുരേഷ് ഗോപി റിസൽട്ട് തന്നു, ഇനി ആ ബിജെപി ‘തന്ത്രം’ രാജീവിലൂടെ; മോദി അന്നേ സൂചന നൽകി; അധ്യക്ഷന്റെ വരവിനു പിന്നിൽ കൊടകരയും?

Mail This Article
അതിവേഗ കാറോട്ടത്തിൽ ഹരം കയറി ഫെറാറിയും ലംബോർഗിനിയും ഹമ്മറും തുടങ്ങി കാറോട്ട മൽസരത്തിലെ ഏറ്റവും വിലയേറിയ കാറുകൾ സ്വന്തം വാഹന ശേഖരത്തിലേക്ക് വാങ്ങും. വീടിന്റെ സ്വീകരണമുറിയിൽ കാറോട്ടത്തിലെ ലോകരാജാവ് മൈക്കേൽ ഷുമാക്കറിന്റെ വലിയ ചിത്രം. അങ്ങനെ അതിവേഗതയെ ഇഷ്ടപ്പെടുന്നൊരാൾ രാഷ്ട്രീയത്തിലെത്തിയാലോ? ക്ഷമയുടെ കലയാണ് രാഷ്ട്രീയമെന്നും അതല്ല അതിവേഗ ഓട്ടക്കാരന് പറ്റിയ സ്ഥലമാണെന്നും പറയുന്നവരുണ്ട്. എന്നാൽ കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ ആവശ്യം അതിവേഗം ചിന്തിക്കുന്ന, അതിവേഗം തീരുമാനമെടുത്ത് നടപ്പാക്കുന്ന ഒരാളെയായിരുന്നു. അതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ എന്ന അതിവേഗ കാറോട്ടത്തിന്റെ ആരാധകനായ നേതാവിനെ ബിജെപി ദേശീയ നേതൃത്വം കേരളത്തിലേയ്ക്കയച്ചത്. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നു എന്ന പ്രഖ്യാപനം ഒരു സർപ്രൈസ് ആയിരുന്നോയെന്നു ചോദിച്ചാൽ കേരളത്തിലെ ബിജെപി നേതൃത്വത്തിന് സർപ്രൈസ് ആയിരുന്നു. എന്നാൽ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അങ്ങനെയായിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെത്തുമെന്ന് ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽതന്നെ ഉറപ്പായിരുന്നു. പക്ഷേ അത് ആരാകുമെന്ന കാര്യത്തിൽ ബിജെപിയിൽ പല ചർച്ചകളുണ്ടായി. എം.ടി. രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും വി.മുരളീധരന്റെയുമൊക്കെ പേരുകൾ മാറിമാറി ചർച്ച ചെയ്തു. സുരേന്ദ്രൻ തുടരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചവരും ഉണ്ടായിരുന്നു.