ആഭ്യന്തര യാത്രകളിൽ ഇനി എയർപോർട്ട് ചെക്ക്-ഇൻ എളുപ്പം കഴിയും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Mail This Article
വിമാനയാത്ര നടത്തുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വിമാനയാത്ര സഫലമാകാൻ വിദേശത്തേക്ക് തന്നെ പോകണമെന്നില്ല. ചെലവ് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നല്ല ആഭ്യന്തര യാത്രകളും നടത്താൻ കഴിയും. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ അടിപൊളിയായി ഒരു ആഭ്യന്തര വിമാനയാത്ര നടത്തി വരാം.
∙ ഡിപാർച്ചറിലേക്ക് പോകാം
വിമാനത്താവളത്തിൽ എത്തിയാൽ ആദ്യം തന്നെ ഡിപ്പാർച്ചറിലേക്ക് വേണം പോകാൻ. നമ്മുടെ വിമാനം പുറപ്പെടുമെന്ന് കാണിച്ചിരിക്കുന്ന സമയത്തിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താൻ ശ്രദ്ധിക്കുക. കൈവശം ടിക്കറ്റിന്റെ പ്രിന്റ് ഔട്ടും ഒരു തിരിച്ചറിയൽ രേഖയും ഉണ്ടായിരിക്കണം. ആഭ്യന്തര യാത്രകൾക്ക് പാസ്പോർട്ട് നിർബന്ധമില്ല. ആധാർ കാർഡ്, ലൈസൻസ് എന്നിങ്ങനെ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ ഒപ്പമുണ്ടായാൽ മതിയാകും.
∙ ബോർഡിങ് പാസ്
നേരെ നിങ്ങളുടെ എയർലൈൻ കൗണ്ടറിലേക്കു പോയി ടിക്കറ്റ് കാണിച്ച് ബോർഡിങ് പാസ് കൈപ്പറ്റാം. ബാഗേജ് ഉണ്ടെങ്കിൽ അത് ഇവിടെ പരിശോധിക്കുകയും ഇവിടെ ഡ്രോപ് ഓഫ് ചെയ്യുകയും ചെയ്യാം. എയർലൈൻ നിർദേശിച്ചിരിക്കുന്ന ഭാരവും രൂപവുമാണ് ബാഗേജിനുള്ളതെന്ന് ഉറപ്പു വരുത്തിയിരിക്കണം.
∙ സെൽഫ് ചെക്ക് - ഇൻ
ചില വിമാനത്താവളങ്ങളിൽ സെൽഫ് ചെക്ക് -ഇൻ നടത്താവുന്നതാണ്. അത്തരം വിമാനത്താവളങ്ങളിൽ സെൽഫ് സർവീസ് കിയോസ്കുകൾ കാണാവുന്നതാണ്. ഇത്തരം സെൽഫ് സർവീസ് കിയോസ്കുകളിൽ നിന്ന് ബോർഡിങ് പാസ് എടുക്കാവുന്നതും ബാഗേജ് ടാഗ് എടുക്കാവുന്നതുമാണ്.
∙ സെക്യൂരിറ്റി ചെക്ക് - ഇൻ
ബോർഡിങ് പാസ് സ്കാൻ ചെയ്തു വേണം സെക്യൂരിറ്റി ചെക്ക് - ഇൻ നടത്താൻ. കൂടാതെ സെക്യൂരിറ്റി ചെക്ക് - ഇൻ സമയത്ത് നമ്മുടെ കൈവശമുള്ള മെറ്റൽ പാർട്ടുകൾ, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വാച്ച്, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ ട്രേയിൽ നിക്ഷേപിച്ച് പരിശോധനയ്ക്കായി നൽകിയ ശേഷം സെക്യൂരിറ്റി ചെക്ക് - ഇന്നിലേക്കു പോകുക. സെക്യൂരിറ്റി ചെക്ക് - ഇൻ പൂർത്തിയായാൽ ട്രേയിൽ പരിശോധനയ്ക്കായി നൽകിയ സാധനങ്ങൾ തിരികെ എടുക്കാവുന്നതാണ്.
∙ ഗേറ്റിലേക്ക് പോകാം
ബോർഡിങ് സമയം എപ്പോഴാണെന്നു നമ്മുടെ ടിക്കറ്റിൽ ഉണ്ടാകും. അതുകൊണ്ടു തന്നെ ഗേറ്റിൽ ബോർഡിങ് സമയത്തിനു മുൻപായി എത്താൻ എപ്പോഴും ശ്രദ്ധിക്കുക. ഗേറ്റിൽ നിന്നു നേരെ വിമാനത്തിലേക്കു പോകുകയാണ്. വിമാനത്തിലേക്കു കയറുന്നതിനു മുൻപായി ബോർഡിങ് പാസ് ഒന്നുകൂടി പരിശോധിക്കും. വിമാനത്തിൽ കയറിയാൽ ബോർഡിങ് പാസിൽ നമുക്ക് തന്നിരിക്കുന്ന സീറ്റ് നമ്പർ നോക്കി ആ സീറ്റിലേക്ക് ഇരിക്കാം. കാബിൻ ബാഗേജ് ഓവർഹെഡ് കാബിനിൽ വയ്ക്കാം. സീറ്റിൽ ഇരുന്ന് കഴിഞ്ഞാൽ സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത്.
∙ വിമാനം ഇറങ്ങിയതിനു ശേഷം
വിമാനം ലാൻഡ് ചെയ്തതിനു ശേഷം സാവധാനം പുറത്തേക്ക് ഇറങ്ങുക. അതിനു ശേഷം നേരെ ബാഗേജ് ക്ലെയിമിലേക്കു പോകുക. അവിടെ നമ്മുടെ ബാഗേജ് വരുന്ന ബെൽറ്റ് ഏതാണെന്ന് സ്ക്രീനിൽ നോക്കി മനസ്സിലാക്കിയതിനു ശേഷം നമ്മുടെ ബാഗേജ് കൈപ്പറ്റാവുന്നതാണ്.
പ്രായമായവർക്കും തനിയെ യാത്ര ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവർക്കും എയർപോർട്ട് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. ചെക്ക് - ഇൻ സമയത്ത് എയിർലൈൻ സ്റ്റാഫിന്റെ അടുത്ത് ഇക്കാര്യം ഉന്നയിച്ചാൽ അവർ സ്പെഷൽ അസിസ്റ്റൻസ് ഒരുക്കി തരും.