അന്ന് 65 രൂപ ശമ്പളം; ഇന്ന് 23,000 കോടിയുടെ കമ്പനി! അരുൺ ഐസ്ക്രീമിനെ കൊതിയൂറും ബ്രാൻഡാക്കിയ മുന്നേറ്റം

Mail This Article
ഒരിക്കല്‍ പഠനത്തില്‍ പരാജയമേറ്റുവാങ്ങി ആര് ജി ചന്ദ്രമോഗനെന്ന യുവാവ്. അതോടെ പഠനം നിര്‍ത്തി ഒരു തടിഡിപ്പോയില്‍ ജോലിക്ക് കയറി അദ്ദേഹം. 65 രൂപയായിരുന്നു അന്ന് അവന്റെ ശമ്പളം. എന്നാല്‍ 1970ല്‍ ആ യുവാവ് ജോലി മതിയാക്കി ഐസ്ക്രീം വ്യവസായത്തില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങി. പിന്നെയുള്ളത് ചരിത്രമായിരുന്നു. കണക്കില്‍ പരാജയപ്പെട്ട അവന് പിന്നീട് സെയ്ല്‍സ് ഫിഗറിലെ വൈദഗ്ധ്യത്തിന്റെ മികവില്‍ ഹ്യൂമന്‍ കംപ്യൂട്ടര്‍ എന്ന വിളിപ്പേരും സ്വന്തമാക്കി.
കുടുംബ സ്വത്തില്‍ തന്റെ ഭാഗം വിറ്റ് കിട്ടിയ 13,000 രൂപയുമായാണ് ആര് ജി ചന്ദ്രമോഗന് 1970ല്‍ സ്വന്തം സംരംഭം തുടങ്ങിയത്. 250 സ്ക്വയര്‍ ഫീറ്റില്‍ സ്പേസ് എടുത്ത്, ഐസ്ക്രീം വില്ക്കാന് 15 ഐസ്ക്രീം കാര്‍ട്ടുകള്‍ വാങ്ങിയായിരുന്നു തുടക്കം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി സംരംഭത്തിന്റെ ഉടമയാണ് അദ്ദേഹം. ചന്ദ്രമോഗന് സാരഥ്യം വഹിക്കുന്ന ഹാറ്റ്സണ്‍ അഗ്രോ പ്രൊഡക്റ്റിന്റെ (എച്ച്എപി) വിപണി മൂല്യം ഇന്ന് 23,000 കോടി രൂപയോളം വരും.
അവസരങ്ങള്‍ കണ്ടെത്തിയ തുടക്കം
ഐസ്ക്രീം സംരംഭത്തിന്റെ തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു ചന്ദ്രമോഗന്. എന്നാല്‍ അതെല്ലാം അതിജീവിച്ച് 1.5 ലക്ഷം രൂപ വരുമാനം നേടാന്‍ ആദ്യവര്‍ഷം തന്നെ സാധിച്ചു. 1981 കാലഘട്ടത്തിലായിരുന്നു സംരംഭത്തിന്റെ വളര്‍ച്ച കൂടുതല്‍ ശക്തി പ്രാപിച്ചത്. ചെറിയ ടൗണുകളില്‍ ഐസ്ക്രീം ലഭ്യമല്ലെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് തുണയായത്. അങ്ങനെയാണ് തമിഴ്നാട്ടിലെ മുക്കിലും മൂലയിലും അരുണ്‍ ഐസ്ക്രീം എന്ന ബ്രാന്‍ഡ് ജനകീയമായത്. 1986ലാണ് കമ്പനിയുടെ പേര് ഔദ്യോഗികമായി ഹാറ്റ്സണ്‍ അഗ്രോ പൊഡക്റ്റ് എന്നാക്കി മാറ്റിയത്.
അരുണ്‍ ഐസ്ക്രീം, ആരോഗ്യ മില്‍ക്ക്, ഹാറ്റ്സണ്‍ കര്‍ഡ്, ഹാറ്റ്സണ്‍ പനീര്‍, ഹാറ്റ്സണ്‍ ഗീ, ഹാറ്റ്സണ്‍ ഡയറി വൈറ്റ്നര് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ അതിവേഗം ജനകീയമായി മാറി. ഇന്ന് 42ലധികം രാജ്യങ്ങളിലേക്ക് ഹാറ്റ്സണ്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.
10,000 ഗ്രാമങ്ങളിലെ 400,000 കര്‍ഷകര്‍ ഹാറ്റ്സണിന്റെ വിപുലമായ ശൃംഖലയുടെ ഭാഗമാണിന്ന്. പ്രതിദിനം സംഭരിക്കുന്നത് 40 ലക്ഷം ലിറ്റര്‍ പാലാണ്. 5,000ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഭാഗമായി 3700ഓളം റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളുമുണ്ട്. ഇന്ന് 74കാരനായ ചന്ദ്രമോഗന്റെ ആസ്തി 230 കോടി ഡോളര്‍ വരും. മകന് സത്യനാണ് മാനേജിങ് ഡയറക്റ്ററുടെ റോളില്‍ എച്ച്എപി നോക്കി നടത്തുന്നത്.
കര്‍ഷകര്‍ക്ക് നേരിട്ട് പേയ്മെന്റ്
കമ്പനിക്കായി പാല് നല്കുന്ന ഓരോ കര്‍ഷകനും പ്രത്യേക പ്രൊഡ്യൂസര്‍ കോഡുണ്ട്. ഓരോ പത്ത് ദിവസം കൂടുമ്പോഴും പണം നേരിട്ട് അവര്‍ക്ക് ബാങ്ക് അക്കൗണ്ടിലെത്തും. 2013 നവംബറിലാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്ന രീതി എച്ച്എപി സ്വീകരിച്ചത്. 2015 ഒക്ടോബര്‍ മാസത്തോടെ ഇടപാടുകള്‍ പൂര്‍ണമായും കാഷ്ലെസ് ആയെന്നാണ് എച്ച്എപിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന രേഖകളില്‍ പറയുന്നത്.