ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ വാണിജ്യ റജിസ്ട്രേഷൻ നടപടികൾ കൂടുതൽ ഉദാരവും ലളിതവുമാക്കുന്ന പുതിയ നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതിയ വാണിജ്യ റജിസ്റ്ററും വ്യാപാര നാമ നിയമവും നിലവിൽ വരുന്നതോടെ രാജ്യത്തെ ബിസിനസ് റജിസ്ട്രേഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്. വിവിധ വ്യാപാര വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും സ്വദേശി വ്യാപാരികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന സുപ്രധാന മാറ്റങ്ങളാണിവ.

സബ്സിഡിയറി റജിസ്റ്ററുകൾ ഇല്ലാതാക്കുകയും ഇനി ഒരൊറ്റ വാണിജ്യ റജിസ്റ്റർ മാത്രം മതി എന്നതാക്കുകയും ചെയ്യുന്നതാണ് പ്രധാന മാറ്റങ്ങളിലൊന്നെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുൾറഹ്മാൻ അൽ-ഹുസൈൻ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഈ നിയമങ്ങൾ പ്രകാരം വാണിജ്യ സ്ഥാപനങ്ങളുടെ റജിസ്ട്രേഷന് പ്രത്യേക നഗരം രേഖപ്പെടുത്തേണ്ടതില്ല. അതായത്, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും ഈ ഒരൊറ്റ വാണിജ്യ റജിസ്ട്രേഷൻ തന്നെ മതിയാകുമെന്നും അൽ-ഹുസൈൻ കൂട്ടിച്ചേർത്തു.

2024ൽ സൗദി അറേബ്യയുടെ വാണിജ്യ രേഖകളിൽ 60 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. മുൻ വർഷത്തേക്കാൾ 521,969 രേഖകൾ വിതരണം ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2030ഓടെ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 40 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക് ഈ പുതിയ നിയമങ്ങൾ കൂടുതൽ കരുത്തേകും.

പുതിയ കൊമേഴ്‌സ്യൽ റജിസ്റ്റർ നിയമം അനുസരിച്ച് വാണിജ്യ റജിസ്റ്ററിന്റെ കാലഹരണ തീയതി റദ്ദാക്കിയിട്ടുണ്ട്. ഇനി വാർഷിക ഡാറ്റാ സ്ഥിരീകരണം മാത്രം മതിയാകും. 7ൽ ആരംഭിക്കുന്ന വാണിജ്യ റജിസ്ട്രേഷൻ നമ്പർ ഇനി സ്ഥാപനത്തിന്റെ ഏകീകൃത നമ്പറായി മാറും. നിലവിലുള്ള അനുബന്ധ റജിസ്റ്ററുകൾക്ക് ഈ പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടാൻ അഞ്ച് വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, മുൻപ് വിദേശ ചിഹ്നങ്ങളോ അക്കങ്ങളോ ഇല്ലാതെ അറബിക് പേരുകൾ മാത്രം അനുവദിച്ചിരുന്ന സ്ഥാനത്ത്, പുതുക്കിയ വ്യാപാര നാമ നിയമം അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടെ ഇംഗ്ലിഷിലുള്ള വ്യാപാര നാമങ്ങളുടെ റിസർവേഷനും റജിസ്ട്രേഷനും അനുവദിക്കുന്നു.

സ്ഥാപനത്തിൽ നിന്ന് വേറിട്ട് വ്യാപാര നാമങ്ങൾ കൈകാര്യം ചെയ്യാനും ഈ മാറ്റം അനുമതി നൽകുന്നു. ഇത് അവയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന് സഹായകമാകും. വ്യത്യസ്ത ബിസിനസ്സുകൾക്ക് അവയുടെ പ്രവർത്തനങ്ങൾ പരിഗണിക്കാതെ തന്നെ സമാനമോ തനിപ്പകർപ്പോ ആയ പേരുകൾ റജിസ്റ്റർ ചെയ്യുന്നത് പുതിയ നിയമം തടയും. കുടുംബനാമങ്ങൾ വ്യാപാര നാമങ്ങളായി സംവരണം ചെയ്യാനും, തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ, നിരോധിച്ചിട്ടുള്ളതോ, അനുവദനീയമല്ലാത്തതോ, അനുചിതമായതോ ആയിട്ടുള്ള പേരുകൾ നിരോധിക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങൾ സ്ഥാപിക്കാനും കൂടുതൽ വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മൊത്തത്തിലുള്ള തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് 2024 സെപ്റ്റംബർ 17ന് സൗദി മന്ത്രിസഭ ഈ സുപ്രധാന മാറ്റങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. വിഷൻ 2030-ൽ വിവരിച്ചിരിക്കുന്ന സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിക്ക് അനുസൃതമായി, വ്യാപാര നാമങ്ങൾ റിസർവ് ചെയ്യുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ ഈ മാറ്റങ്ങളിലൂടെ ലളിതമാക്കുമെന്നും, അതുവഴി അവയുടെ മൂല്യം സംരക്ഷിക്കുകയും വർധിപ്പിക്കുകയും ചെയ്യുമെന്നും വാണിജ്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി മുൻപ് അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു.

English Summary:

New laws are coming into effect in Saudi Arabia that liberalize and simplify business registration procedures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com