ADVERTISEMENT

നല്ല തിരക്കേറിയ ഒരു ദിനം. പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചു വൃത്തിയായ ശേഷം, കിടക്കയില്‍ ഇരുന്ന് ടിവിയൊക്കെ കണ്ട്, ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതാവും മിക്കവരുടെയും അന്നത്തെ ഏറ്റവും വലിയ സ്വപ്നം. ടിവിയും ഭക്ഷണവുമെല്ലാം ഓക്കേ, എന്നാല്‍ കട്ടിലില്‍ ഇരുന്ന് കഴിക്കുന്നത് അത്ര നല്ല ശീലം അല്ല. മനസ്സില്‍പ്പോലും കരുതാത്ത ഒട്ടേറെ പ്രശ്നങ്ങള്‍ ഇതുവഴി ഉണ്ടാകാം എന്നറിയാമോ?

1. ദഹനപ്രശ്നങ്ങളും ആസിഡ് റിഫ്ലക്സും

ചാരിയിരുന്നോ കിടന്നോ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തിയേക്കാം. ശരീരം നിവര്‍ന്നിരുന്നു വേണം കഴിക്കാന്‍, ഇത് ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്‍റെ സ്വാഭാവിക ചലനം സുഗമമാക്കുന്നു. കിടക്കപോലെ, നിരപ്പല്ലാത്ത ഇടത്തിരുന്നു ഭക്ഷണം കഴിക്കുന്നത്, ദഹനക്കേടിലേക്ക് നയിക്കുകയും ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ്(GERD) പോലെയുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോൾ ഇത് സംഭവിക്കുന്നു, ഇത് അന്നനാളത്തിന്‍റെ പാളിക്ക് കേടുപാടുകൾ ഉണ്ടാകാന്‍ കാരണമാകുന്നു. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും ഈ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാല്‍ ദഹനത്തെ സഹായിക്കുന്നതിനും ആസിഡ് റിഫ്ലക്സ് സാധ്യത കുറയ്ക്കുന്നതിനും ഭക്ഷണ സമയത്ത് നിവർന്നിരിക്കേണ്ടത് അത്യാവശ്യമാണ്.

2. ശരിയായ ഉറക്കമില്ലായ്മ

കിടപ്പുമുറിയില്‍ ഭക്ഷണം കഴിക്കുന്നത് പോലുള്ള പ്രവർത്തനങ്ങള്‍ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. കിടക്കയിൽ ഉറക്കവുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുകയും, വിശ്രമകരമായ ഉറക്കം ആരംഭിക്കുന്നതിനും നിലനിർത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ, ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പഞ്ചസാരയോ കഫീനോ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ, ഉറക്ക സമയത്തിന് തൊട്ടുമുമ്പ് കഴിക്കുന്നതും ഉറക്കം തടസ്സപ്പെടുത്തും. കിടപ്പുമുറി ഉറക്കത്തിന് മാത്രമുള്ള ഇടമായി ഉപയോഗിക്കുന്നത്, ഉറക്കത്തിന്‍റെ ഗുണനിലവാരവും മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കും.

3. കീടങ്ങളും എലികളും പാറ്റയും

കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഭക്ഷണ അവശിഷ്ടങ്ങള്‍ മെത്തയിലും പരിസരത്തും അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഈ അവശിഷ്ടങ്ങൾ ഉറുമ്പുകൾ, പാറ്റകൾ, എലികൾ തുടങ്ങിയവയെ ആകർഷിക്കുകയും വൃത്തിഹീനമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. അണുബാധകൾക്കോ ​​അലർജിക്കോ ​​കാരണമായേക്കാവുന്ന ബാക്ടീരിയകളും ഇവവഴി മുറിയിലെത്തും. 

4. രോഗങ്ങള്‍ ഉണ്ടാകാം

കിടക്കയിൽ ഭക്ഷണ അവശിഷ്ടങ്ങള്‍ എത്തുന്നത് ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ വളര്‍ച്ചയ്ക്ക് വഴിവെക്കും. ഭക്ഷണത്തിൽ നിന്നുള്ള ഈർപ്പം കട്ടിലിലേക്കും മെത്തയിലേക്കും ഒഴുകിയിറങ്ങാം. ദുർഗന്ധം, കറ എന്നിവയ്ക്ക് പുറമേ, ചർമ്മ അണുബാധ, ശ്വസനപ്രശ്നങ്ങൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 

5. അമിതഭക്ഷണവും ശരീരഭാരം കൂടലും

കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനൊപ്പം. ടെലിവിഷൻ കാണുകയോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുകയോ പോലുള്ള ശ്രദ്ധ വ്യതിചലിക്കുന്ന കാര്യങ്ങളും ചെയ്യാറുണ്ട്. ഇത് അളവില്ലാതെ ഭക്ഷണം കഴിക്കുന്നതിനും കലോറിയുടെ അമിത ഉപഭോഗത്തിനും കാരണമാകും.ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം പോലുള്ള അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു. 

6. ദന്തപ്രശ്നങ്ങള്‍

കിടക്കയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പലപ്പോഴും നേരിട്ട് ഉറങ്ങുന്ന ശീലമുള്ള ആളുകള്‍ ഉണ്ട്. ഇങ്ങനെ, വായിൽ ഭക്ഷണ കണികകൾ അടിഞ്ഞുകൂടുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും. ഇത് പ്ലാക്ക് രൂപപ്പെടുന്നതിനും കാവിറ്റികൾ, മോണരോഗങ്ങൾ തുടങ്ങിയവ ഉണ്ടാകാനും തുടര്‍ന്ന് പല്ല് നശിക്കുന്നതിനും കാരണമാകുന്നു. ദന്ത പ്രശ്നങ്ങൾ തടയാൻ ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്ത്, ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

English Summary:

Eating in Bed Health Risks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com