കേരളത്തിന്റെ ഭാവി: കൃഷിയനുഭവങ്ങൾ വിൽക്കാം, പണം വാങ്ങാം; കർഷകർക്കു മുൻപിലുള്ളത് വലിയ അവസരങ്ങൾ

Mail This Article
സംസ്ഥാനത്ത് കാര്‍ഷിക വിനോദസഞ്ചാരത്തിനുള്ള വ്യാപകസാധ്യതകള്‍ പങ്കുവയ്ക്കുന്നു, ടൂറിസം വകുപ്പിലെ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ സിഇഒ കെ.രൂപേഷ് കുമാർ.

കാർഷികമേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനും കര്‍ഷകര്‍ക്ക് അധിക വരുമാനത്തിനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്താനും ഒരു പദ്ധതി, കേരള അഗ്രി ടൂറിസം നെറ്റ്‌വർക്ക്. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശാനുസരണം രണ്ടു വർഷം മുന്‍പ് ആരംഭിച്ച ഈ പദ്ധതി കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണു നടപ്പാക്കുന്നത്.
കേരളത്തിലെത്തുന്ന ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളും ഒരു ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികളുമാണ് ഓരോ വർഷവും സംസ്ഥാനത്തെ ഫാം ടൂറിസം കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നത്! ഞങ്ങൾ ഈ പ്രവർത്തനം ഏറ്റെടുക്കുമ്പോൾ 500 ഫാം ടൂറിസം യൂണിറ്റുകള്‍ മാത്രമായിരുന്നു ലക്ഷ്യം. ഇവയെ പരസ്പരം ബന്ധിപ്പിച്ച് മാറ്റി കേരള അഗ്രി ടൂറിസം നെറ്റ് ആയി അവതരിപ്പിക്കാമെന്നും കരുതി. എന്നാൽ ആദ്യഘട്ട പരിശീലനത്തിൽത്തന്നെ 1583 കർഷകർ ഇതിലേക്കു കടന്നുവന്നു. അവരില്‍ ഒട്ടേറെ വനിതകളുമുണ്ട്.
ഫാം ടൂറിസമെന്നാല്‍ കൃഷിയിടങ്ങളില്‍നിന്നു കൃഷി ഒഴിവാക്കി ടുറിസ്റ്റുകള്‍ക്കു സുഖകരമായ താമസവും രുചിവൈവിധ്യമുള്ള ഭക്ഷണവും നല്‍കുന്ന കേവലം അക്കോമഡേഷൻ യൂണിറ്റുകള്‍ എന്നൊരു ധാരണയുണ്ട് പല സംരംഭകര്‍ക്കും. എന്നാല്‍ സുഖസൗകര്യങ്ങളെക്കാള്‍ കൃഷിയനുഭവങ്ങളാണ് സന്ദര്‍ശകര്‍ക്കു വേണ്ടത്. അതാണ് കേരള അഗ്രി ടൂറിസം നെറ്റ്‌വർക്കിലൂടെ ഞങ്ങൾ സംരംഭകരെ പഠിപ്പിക്കാൻ ശ്രമിക്കുന്നതും. ഞങ്ങള്‍ പരിശീലനം നല്‍കിയ സംരംഭകരുടെ 543 യൂണിറ്റുകൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. ഇവയിൽ 103 യൂണിറ്റുകളെ കേരള അഗ്രി ടൂറിസം നെറ്റ്‌വർക്ക് എന്ന പേരിൽ റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുത ലാളുകള്‍ ഈ രംഗത്ത് പരിശീലനം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി കൂടുതൽ പരിശീലന പരിപാടികൾ നടത്തിവരികയാണ്.

ലോക ടൂറിസത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് സുസ്ഥിരവും ഉത്തരവാദിത്തപൂർണവുമായ വിനോദ സഞ്ചാരം. കേരളം ഇക്കാര്യത്തിൽ വളരെ മുൻപേ സഞ്ചരിച്ചു തുടങ്ങി. ഇത്തരം വിനോദസഞ്ചാര പ്രവർത്തനങ്ങളില്‍ മുഖ്യമാണ് എക്സ്പീരിയൻസ് ടൂറിസം അഥവാ അനുഭവവേദ്യ വിനോദസഞ്ചാരം. ഇതിന്റെ ഭാഗമായി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജുകൾ ഒരുക്കുന്നുണ്ട് ഞങ്ങള്‍. കൃഷിയിടത്തിൽ ജലം എത്തിക്കുന്നതിനുവേണ്ടി കാസർകോട് ജില്ലയിൽ വർഷങ്ങൾക്കു മുന്‍പു നിർമിക്കപ്പെട്ട സുരങ്കകൾ വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി മാറിയത് ഈ പാക്കേജ് യാത്രക ളിലൂടെയാണ്. കർഷകർ വർഷങ്ങൾക്കു മുൻപ് സ്വായത്തമാക്കിയ ഒരു അറിവിനെ അവർക്കൊരു വരുമാനമാര്‍ഗമാക്കി മാറ്റാൻ ഇതുവഴി സാധിച്ചു. ഇതിനു സമാനമാണ് കോട്ടയത്തെ കുമരകം പോലുള്ള സ്ഥലങ്ങളിലെ കള്ളുചെത്തലും കയറുപിരിയും ഓലമെടയലും തഴപ്പായനെയ്ത്തുമൊക്ക. ഇവ കാണാനും അനുഭവിക്കാനും അവസരമൊരുക്കുന്ന പാക്കേജിനും വന്‍ സ്വീകാര്യതയാണുള്ളത്. ഇതിൽ പാഡി ഫീൽഡ് വാക്ക് അല്ലെങ്കിൽ വയലിലൂടെയുള്ള നടത്തവും മുഖ്യ ഇനമാണ്.
കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്കില്‍ തങ്ങളുടെ കൃഷിയിടം ഉൾപ്പെടുത്താന്‍ കർഷകർ പുതുതായി നിക്ഷേപം നടത്തേണ്ടിവരുന്നില്ല. കൃഷിയിടങ്ങളിലെ യഥാര്‍ഥ അന്തരീക്ഷവും ഒപ്പം ആനന്ദകരമായ ചില അനുഭവങ്ങളും സന്ദർശകനു നല്‍കിയാല്‍ മതി. ഉദാഹരണത്തിന്, പാലക്കാട് ജില്ലയിലെ ചിതലയിലെ ഒരു പാടശേഖരത്തില്‍ ഞങ്ങൾ മഡ് ഫുട്ബോൾ നടത്തുകയുണ്ടായി. കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികൾ മുൻകൂട്ടി ബുക്ക് ചെയ്തുപോലും അവിടെ കാണികളും പങ്കാളികളുമായി. മഡ് ഫുട്ബോൾ മാത്രമല്ല, ഞാറുനടീൽ ഉൾപ്പെടെ വിവിധ മത്സരങ്ങളിലും അവര്‍ പങ്കുകൊണ്ടു. നമ്മുടെ ഏലംകൃഷിയും റബർ ടാപ്പിങ്ങും കാണാനും അറിയാനും മാത്രമല്ല, കാപ്പിക്കുരു പറിക്കാൻപോലും ഒട്ടേറെ സഞ്ചാരികള്‍ താല്‍പര്യപ്പെടുന്നതായി ഈ ടൂര്‍ പാക്കേജുകളിലുടെ ഞങ്ങള്‍ മനസ്സിലാക്കി. കൃഷിയിട ടൂറിസത്തിന് അങ്ങനെ എത്രയെത്ര സാധ്യതകള്‍!
കാർഷികോൽപന്നങ്ങൾ കൃഷിയിടത്തിൽത്തന്നെ വില്‍ക്കാനും മികച്ച വില നേടാനും കൂടി ഫാം ടൂറിസം അവസരമൊരുക്കുന്നുണ്ട്. ഉദാഹരണത്തിന്, കാന്തല്ലൂരില്‍ വിളയുന്ന സ്ട്രോബറിപ്പഴങ്ങളില്‍ നല്ല പങ്കും വാങ്ങുന്നത് ഫാം സന്ദര്‍ശകരാണ്. സ്ട്രോബെറിയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ജാമും ഹൽവയുമൊക്കെ റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി അംഗമായ ടിബിനെപ്പോലുള്ള കർഷകർ കാന്തല്ലൂർ ബ്രാൻഡിൽ ടൂറിസ്റ്റുകള്‍ക്കു വിൽക്കുന്നു. ഇതിലൂടെ കയറ്റുമതിക്ക് അവസരം ഒരുങ്ങുന്നുമുണ്ട്.
ഇന്ത്യയിൽ ആദ്യമായി മികച്ച അഗ്രി ടൂറിസം വില്ലേജ് എന്ന അംഗീകാരം നമ്മുടെ കുമരകം നേടിയത് കൃഷിയിടങ്ങള്‍ തരിശ്ശിടാതിരിക്കാന്‍ സഹായിച്ച ‘എ ഡേ വിത്ത് ഫാർമേഴ്സ്’ ഉൾപ്പെടെയുള്ള ടൂർ പാക്കേജുകളിലൂടെയാണ്. തൊടിയിലെ തൊട്ടാവാടി മുതൽ ചേമ്പിലത്താളിൽനിന്നു വീഴാൻ വെമ്പിനിൽക്കുന്ന വെള്ളത്തുള്ളികള്‍വരെ വിനോദസഞ്ചാരത്തില്‍ സാധ്യതകളാണെന്നു കർഷകര്‍ തിരിച്ചറിയണം. കൃഷി യും വിനോദസഞ്ചാരവും കൂട്ടിയിണക്കാനും അതുവഴി കാർഷിക മേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കാനുമുളള സൊസൈറ്റിയുടെ ശ്രമം വിജയം കാണുന്നതില്‍ വളരെ സന്തോഷം, ചാരിതാര്‍ഥ്യം.