ADVERTISEMENT

സ്വർഗത്തിന്റെ ഒരറ്റത്ത് ഉട്ടോപ്യയിലാണ് ആർക്കിടെക്റ്റ് എൽദോ പച്ചിലക്കാടന്റെയും കോളജ് അധ്യാപിക ബിൻസിയുടെയും താമസം. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരെ മലനിരകൾക്കു മീതേ സ്വർഗം മേട്ടിൽ. നാലു ചുറ്റും പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ. അങ്ങകലെ ചൊക്രമുടിയും കൊളുക്കുമലയും മീശപ്പുലിമലയുമൊക്കെ കാണാം. കൃഷിയെന്നു പറയാൻ കുറെ പഴച്ചെടികളും ഒരു ഏലത്തോട്ടവുമുണ്ട്. അരിയാഹാരം കഴിക്കാത്ത കുറെ മനുഷ്യരാണ് ഇവിടുത്തെ താമസക്കാർ, വിശക്കുമ്പോൾ കഴിക്കാനായി എന്തെങ്കിലും പഴങ്ങൾ വീട്ടിലുണ്ടാവും - ഏറെയും വാഴപ്പഴങ്ങൾ; അവ കുലകളായി കെട്ടിത്തൂക്കിയിരിക്കും. പോരെങ്കിൽ പേരയ്ക്കയും ചാമ്പയ്ക്കയും മാമ്പഴവുമൊക്കെ സീസണനുസരിച്ചു കിട്ടും: ഇഹലോകത്തില്‍നിന്ന് അകന്നുള്ള ഈ ജീവിതം അനുഭവിച്ചറിയാൻ ആർക്കുമുണ്ട് ഇവിടെ അവസരം. മുൻകൂട്ടിയറിയിച്ചെത്തുന്നവർക്കായി ഉട്ടോപ്യയിൽ കൂടാരങ്ങൾ തയാർ.  ജീവിതത്തിന്റെ അകൃത്രിമ സന്തോഷം ആസ്വദിച്ച് അവിടെ ദിവസങ്ങളോളം കഴിയാം.

പ്രതിഫലം പണമായി വേണമെന്നില്ലെന്ന് എൽദോ കൂട്ടിച്ചേർക്കുന്നു: ഇവിടെയില്ലാത്ത എന്തെങ്കിലും പകരം നൽകുന്നവർക്ക് ഉട്ടോപ്യൻ ജീവിതം ബുക്ക് ചെയ്യാം ' ഇവിടുത്തെ ജോലികള്‍ ചെയ്യുകയോ കുട്ടികൾക്കു കരകൗശല പരിശീലനം നൽകുകയോ മതി. ഭക്ഷിക്കാന്‍ ചോറും ബിരിയാണിയും പൊറോട്ടയുമൊന്നും പ്രതീക്ഷിക്കരുത്.‘‘പഴങ്ങൾ മാത്രം കഴിച്ച്, കൂടെ താമസിക്കുന്ന മനുഷ്യരും മൃഗങ്ങളുമായി കൂട്ടു കൂടി ഇവിടെ കഴിയാം. പാട്ടു പാടാം, കലാപരിപാടികളാവാം, അരുമമൃഗങ്ങളെ ഓമനിക്കുകയോ, കുട്ടികൾക്ക് ട്യൂഷനെടുക്കുകയോ ചെയ്യാം.

utopia-4
എൽദോയും ബിൻസിയും ഉട്ടോപ്യൻ കൂട്ടായ്മയിൽ

അരിയാഹാരം ഇല്ലാത്തതിനാൽ വീട്ടിൽ അടുക്കളയുമില്ല. ഒരു മാറ്റം വേണമെന്നു തോന്നിയാൽ അൽപം മാംസം കഴിക്കാം. അല്ലെങ്കിൽ പറമ്പിൽനിന്നു കിട്ടുന്ന ചേനയോ ചേമ്പോ മരച്ചീനിയോ പച്ചക്കറികളോ കഴിക്കാം. അവ പാചകം ചെയ്യാൻ വരാന്തയിൽ അടുപ്പുണ്ട്. പാചകം ഇവിടെ ഒരു സ്ഥിരം പരിപാടിയല്ല. വേറിട്ട ജീവിതശൈലിയുടെ പരീക്ഷണത്തിലാണിവര്‍. എന്നാല്‍ ആധുനിക ജീവിതത്തിന്റെ നന്മകളെ നിരാകരിക്കുന്നുമില്ല. 

കൂട്ടായ്മജീവിതത്തിൽ ചുറ്റുപാടുമുള്ള കുട്ടികൾക്കായി സമയവും ഊർജവും ചെലവഴിക്കാനും ഇവർ പരിശ്രമിക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തെ ഉപേക്ഷിക്കാതെ തന്നെ അതിന്റെ പോരായ്മകൾ പരിഹരിക്കുന്നു. സേനാപതിയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ 25 കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഉട്ടോപ്യ ഗ്രാമവാസികളായ എല്ലാ കുട്ടികൾക്കും നൈപുണ്യ പരിശീലനത്തിനും ഒരുക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കായി അഭ്യുതി എന്ന പ്രത്യേക വിഭാഗം തന്നെ ഈ കൂട്ടായ്മയുടെ ഭാഗമായുണ്ട്. എൽദോയും ബിൻസിയും തൊഴിലിൽനിന്നു നേടുന്ന വരുമാനത്തിനൊപ്പം ഉട്ടോപ്യയിലെ ഏലത്തോട്ടവും സന്ദർശകരും ഈ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു. 

utopia-1

പരിണാമത്തിന്റെ അവസാന ഘട്ടത്തിലെ അതിവേഗ മാറ്റങ്ങൾ മൂലം നഷ്ടമായ സുസ്ഥിര ജീവിത ശൈലി തിരികെ പിടിക്കുകയാണ് ലക്ഷ്യം. സ്വാഭാവിക പരിണാമപ്രക്രിയിയിലൂടെ മനുഷ്യനുണ്ടായ മാറ്റങ്ങൾ മാത്രം നിലനിറുത്തുന്നു. വായു, വെള്ളം, ആഹാരം, സഹജീവിസ്നേഹം എന്നിവയിലുണ്ടായ തകരാറുകൾ ഇതുവഴി പരിഹരിക്കാമോ എന്ന അന്വേഷണം കൂടിയാണിത്. ഈ ജീവിതശൈലി അടുത്തറിയാനും പരീക്ഷിക്കാനും താൽപര്യമുള്ളവർക്ക് ഉട്ടോപ്യയിൽവന്നു താമസമാക്കാം: സന്ദർശകര്‍ക്കായി  കൂടാരങ്ങൾ തയാര്‍. 20ഏക്കർ വരുന്ന ഉട്ടോപ്യൻ സാമ്രാജ്യത്തിന്റെ ഇഷ്ടമുള്ള അരികുകളിൽ അവർക്ക് കൂടാര മടിക്കാം. പലകയും പാഴ്ത്തടികളും കൊണ്ടുണ്ടാക്കിയ വീടിന് 2 മുറിയും വരാന്തയും മാത്രം. പ്രധാന ഹാളിനുള്ളിൽ രണ്ട് തട്ടിൻപുറ (ബാൽക്കണി) ബെഡ് റൂമുകളുമുണ്ട്.

utopia-3

നനയ്ക്കാതെ, വളമിടാതെ, മരുന്നടിക്കാതെയാണ് എൽദോയുടെ ഏലക്കൃഷി. വളമിടാതെയും മരുന്നടിക്കാതെയും കൃഷി ചെയ്യുന്നതു കണ്ടിട്ടുണ്ടാവും.  എന്നാൽ കഴിഞ്ഞ വർഷത്തെ കൊടും വേനലിൽപോലും  ഇവിടെ ഏലത്തിനു നനച്ചില്ലെന്നു പറഞ്ഞാൽ വിശ്വസിക്കേണ്ടിവരും- കാരണം മലമുകളിൽ നനയ്ക്കാനുള്ള വെള്ളമില്ല.  എന്നിട്ടും മൂന്നര ഏക്കറിൽനിന്ന് 400 കിലോയോളം ഉണക്ക ഏലക്കയാണ് വിള വെടുത്തത്. കഴിഞ്ഞ വർഷം ഇൻഡോസെർട്ടിന്റെ ജൈവ സാക്ഷ്യപത്രം കൂടി ലഭിച്ചതോടെ മൂന്നിരട്ടി വിലയാണ് ഇതിനു കിട്ടിയതത്രെ. വിപണിയിൽ സാധാരണ എലക്കായ്ക്ക് 1200 രൂപ വിലയുണ്ടായിരുന്നപ്പോൾ കിലോയ്ക്ക് 4200 രൂപ നിരക്കിലാണ് ഇവർ വിറ്റത്. 

ഫോൺ: 9544334466

English Summary:

Food Forest in Idukki: Experience breathtaking Western Ghats scenery at the food forest by Eldho Pachilakkadan in Senapathy Idukki district by contributing one's skills in exchange for a stay in Utopia.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com