ദുബായിലെ പാർക്കിങ്ങുകളിൽ ഏപ്രിൽ മുതൽ ഇ– വാഹന ചാർജിങ് സൗകര്യം

Mail This Article
ദുബായ് ∙ എമിറേറ്റിലെ പാർക്കിങ്ങുകളിൽ ഇ– വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് പാർക്കിൻ കമ്പനി അറിയിച്ചു. പ്രകൃതി സൗഹൃദ വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ ദുബായ് ജല-വൈദ്യുതി വകുപ്പുമായി (ദീവ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ മുതൽ ചാർജിങ് സംവിധാനം നിലവിൽ വരും. കമ്പനിയുടെ ഡിജിറ്റൽ പാക്കേജ് വഴി പാർക്കിങ് ,ചാർജിങ് നിരക്കുകൾ അടയ്ക്കാം.
ഇന്ധന വിതരണ കമ്പനിയായ 'ഇനോക്കു'മായി സഹകരിച്ചും ഗ്രീൻ ചാർജർ സ്റ്റേഷനുകൾ കമ്പനി ഒരുക്കും. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കൽ, കഴുകൽ, വാഹനം പാർക്ക് ചെയ്തിടത്ത് ഇന്ധനം എത്തിക്കുന്നതിനുള്ള സംവിധാനം, അറ്റകുറ്റപ്പണികൾ തുടങ്ങിയ കാര്യങ്ങളിൽ ഇനോക് പാർക്കിനുമായി സഹകരിക്കും.
ദുബായിലെ പേ - പാർക്കിങ്ങുകൾ ഈ വർഷം 3 ശതമാനം കൂടി വിപുലപ്പെടുത്തുന്നതിന് ആർടിഎയുമായി ചേർന്നു പദ്ധതി തയാറായതായും കമ്പനി അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായി പുതിയ മേഖലകൾ പാർക്കിങ് പരിധിയിലാക്കും. ചില മേഖലകളിൽ 1500 പാർക്കിങ്ങുകൾ പുതുതായി പേ - പാർക്കിങ്ങിലേക്ക് മാറ്റാനാണ് കമ്പനി തീരുമാനം.
സേവനങ്ങൾ മെച്ചപ്പെടുകയും വിപുലീകരിക്കുകയും ചെയ്തതോടെ കമ്പനിയുടെ വരുമാനം വർധിച്ചതായും പാർക്കിൻ അറിയിച്ചു. അടുത്ത ഘട്ടമായി അയൽ രാജ്യങ്ങളിലേക്കും പാർക്കിൻ സേവനം വിപുലപ്പെടുത്തും. ദുബായിലേതിന് സമാനമായ പാർക്കിങ് മെഷീനുകൾ സൗദിയിലും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പാർക്കിൻ. പണമടച്ചുള്ളപാർക്കിങ് സാധ്യത വിലയിരുത്താൻ സൗദിയിലെ 'ബാടിക് നിക്ഷേപക' കമ്പനിയുമായി പാർക്കിൻ ധാരണയുണ്ടാക്കി.