ഫുജൈറയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Mail This Article
ഫുജൈറ ∙ ഞായാറാഴ്ച രാവിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ 31 വയസ്സുകാരനായ സ്വദേശി യുവാവ് മരിച്ചു. ഇദ്ദേഹം ഓടിച്ച മോട്ടോർ ബൈക്ക് അൽ മസല്ലാത് ബീച് സ്ട്രീറ്റിലാണ് അപകടത്തിൽപ്പെട്ടത്. സംഭവം അന്വേഷിക്കാൻ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.
ഈ മാസം 17ന് വാദി അൽ ഹെലോയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് എമിറാത്തി കൗമാരക്കാർ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തിൽ വാഹനം പലതവണ മറിഞ്ഞ് തീപിടിച്ചു. 15 നും 18 നും ഇടയിൽ പ്രായമുള്ള രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാമത്തെയാൾ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു. ഈ അപകടത്തിന്റെ ദുഃഖത്തിൽ നിന്ന് നാട് മോചനം നേടുന്നതിന് മുൻപാണ് ബൈക്കപകടത്തിൽ യുവാവ് മരിച്ചത്.
ഫെബ്രുവരി 28 ന് ഒരു വാഹനത്തിന് തീപിടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചതായി ദുബായ് പൊലീസ് റിപ്പോർട്ട് ചെയ്തു. വലിയ ട്രക്ക് തീപിടിച്ച് പാതയിൽ നിന്ന് തെന്നിമാറി മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മരണങ്ങളുടെയും പരുക്കുകളുടെയും കാര്യത്തിൽ ദുബായ് ഒന്നാമതാണെന്ന് യുഎഇയുടെ ആഭ്യന്തര മന്ത്രാലയം അടുത്തിടെ വെളിപ്പെടുത്തി - 158. അബുദാബിയേക്കാൾ (123) തൊട്ടു മുന്നിൽ.
കഴിഞ്ഞ വർഷം യുഎഇയിലെങ്ങുമുള്ള മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണം (384 റോഡപകട മരണങ്ങളും 6,032 പരുക്കുകളും. ആകെ 6,416) 8.3 ശതമാനം വർധിച്ചു, 2023 ൽ രേഖപ്പെടുത്തിയ 5,920 നെ അപേക്ഷിച്ച് 496 കേസുകൾ കൂടുതൽ. 2024 ൽ ആകെ 4,748 പ്രധാന അപകടങ്ങൾ രേഖപ്പെടുത്തി. 2023 നെ അപേക്ഷിച്ച് 8 ശതമാനം അല്ലെങ്കിൽ 357 കേസുകൾ കൂടുതലാണിത്. 2022 ൽ രേഖപ്പെടുത്തിയ 3,945 കേസുകളേക്കാൾ 20 ശതമാനം അല്ലെങ്കിൽ 803 എണ്ണം കൂടുതൽ.