3 പതിറ്റാണ്ട് ക്ഷീരസംഘം പ്രസിഡന്റ്: ഒടുവിൽ ക്ഷീരവകുപ്പ് സമ്മതിച്ചു, ഭാസുരാംഗൻ ക്ഷീരകർഷകനല്ല

Mail This Article
തിരുവനന്തപുരം ∙ മിൽമ അഡ്മിനിസ്ട്രേറ്ററും 30 വർഷത്തിലേറെ മാറനല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്ന സിപിഐ നേതാവ് എൻ.ഭാസുരാംഗൻ ക്ഷീര കർഷകനല്ലെന്ന് ഒടുവിൽ ക്ഷീരവികസന വകുപ്പ് സമ്മതിച്ചു. സംഘത്തിൽ അയോഗ്യത കൽപിച്ചതിനെതിരെ ഭാസുരാംഗൻ നൽകിയ അപ്പീൽ വകുപ്പ് തള്ളി. ക്ഷീരസംഘങ്ങളിൽ തുടരാൻ ഒരു പശുവിനെയോ എരുമയെയോ എങ്കിലും സംഘത്തിന്റെ പരിധിയിൽ വളർത്തണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഭാസുരാംഗനെതിരെയുള്ള റിപ്പോർട്ടിൽ പറയുന്നു.
വിശദീകരണം ബോധിപ്പിക്കാനുള്ള ഹിയറിങിൽ ഭാസുരാംഗൻ പങ്കെടുത്തതുമില്ല. വൻ നിക്ഷേപത്തട്ടിപ്പു നടന്ന കണ്ടല സർവീസ് സഹകരണബാങ്കിന്റെ മുൻ പ്രസിഡന്റായ ഭാസുരാംഗനെ ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെ മിൽമ അഡ്മിനിസ്ട്രേറ്ററാക്കിയത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്. ക്ഷീര വകുപ്പിന്റെ പദ്ധതികൾ ദുരുപയോഗം ചെയ്യുക വഴി നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കുന്ന കാര്യത്തിൽ പക്ഷേ ഉത്തരവ് മൗനം പാലിക്കുന്നു.