അമ്പമ്പോ! മോഹൻലാൽ ചിത്രം എമ്പുരാന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആശംസയോ? | Fact Check

Mail This Article
ഉടൻ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ തരംഗമാണ് സമൂഹമാധ്യമങ്ങളിലെങ്ങും. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എമ്പുരാൻ റിലീസിന് ആശംസകൾ നേരുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെമ്പാടും വൈറലാകുന്നത് . വാസ്തവമറിയാം
∙ അന്വേഷണം
എമ്പുരാൻ പ്രമോഷന് നമ്മുടെ ട്രംപ് ജി യും… എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം .കീവേർഡ് തിരയലിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എമ്പുരാൻ റിലീസിന് ആശംസകൾ നേരുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയെന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും തന്നെ ലഭിച്ചില്ല. കൂടുതൽ തിരയലിൽ ഇതേ വിഡിയോ ഉപയോഗിച്ച് നിരവധി പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ മുൻപും പ്രചരിച്ചതായി കണ്ടെത്തി.
ട്രംപിന്റെ മുകളിലെ ചുണ്ടിന്റെ ചലനം അസ്വാഭാവികമാണെന്ന് ഞങ്ങൾ നിരീക്ഷിച്ചു. വാക്കുകളും ചുണ്ടിന്റെ ചലനവും തമ്മിൽ യോജിക്കുന്നില്ലെന്ന് വ്യക്തമായി.കൂടുതൽ പരിശോധിച്ചപ്പോൾ AI Trump - Truth എന്ന യൂട്യൂബ് ചാനലിൽ Tix2eGEw വൈറൽ ഫുട്ടേജുമായി തികച്ചും സമാനമായ ട്രംപിന്റെ നിരവധി ക്ലിപ്പുകൾ വ്യത്യസ്ത എഐ ജനറേറ്റ് ചെയ്ത ഓഡിയോകളോടൊപ്പം വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.
ഒരേ വിഡിയോ ടെംപ്ലേറ്റ് ആവർത്തിച്ച് ട്രംപിന്റെ എഐ വിഡിയോകൾ സൃഷ്ടിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമായി.യഥാർഥ വിഡിയോ കണ്ടെത്തുന്നതിന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ 2017 മെയ് 12 ന് എൻബിസി ന്യൂസിന്റെ ഒരു വിഡിയോ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ഇത്, മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ പുറത്താക്കാനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെക്കുറിച്ച് എൻബിസി ന്യൂസ് അവതാരകൻ ലെസ്റ്റർ ഹോൾട്ട് നടത്തിയ അഭിമുഖമായിരുന്നു.
എൻബിസി അഭിമുഖത്തിൽ, ട്രംപിന്റെ കൺപോളകളുടെയും ചുണ്ടുകളുടെയും ചലനം വൈറൽ ക്ലിപ്പുമായി യോജിക്കുന്നുണ്ട്. യഥാർഥ വിഡിയോയിൽ, കോമിയെ പുറത്താക്കിയതിന് ഒരു ദിവസം കഴിഞ്ഞ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് സംസാരിക്കുകയായിരുന്നു .വൈറൽ ഫുട്ടേജും അഭിമുഖ ക്ലിപ്പും താരതമ്യം ചെയ്തപ്പോൾ, ട്രംപിന്റെ വസ്ത്രവും പശ്ചാത്തലവും പോലുള്ള നിരവധി സാമ്യങ്ങൾ ഞങ്ങൾ കണ്ടെത്തി.
ഇതേ വിഡിയോയ്ക്ക് സമാനമായി മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് മുൻപ് പ്രചരിച്ച വിഡിയോകളിൽ സെലിബ്രിറ്റികളുടെ എഐ വോയ്‌സുകൾ സൃഷ്ടിക്കാൻ സാധിക്കുന്ന പ്ലാറ്റ്ഫോമായ പാരറ്റ് എഐയുടെ ചില വാട്ടർ മാർക്കുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. പാരറ്റ് എഐയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ ഡോണൾഡ് ട്രംപ് ഉൾപ്പെടെ നിരവധി അമേരിക്കൻ നേതാക്കളുടെ എഐ ശബ്ദങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷനുകൾ ഇതിൽ കണ്ടെത്തി. ഇതിൽ നിന്ന് എമ്പുരാന് ആശംസ നേർന്നുള്ള ഈ വിഡിയോയും ഡോണൾഡ് ട്രംപിന്റെ വിഡിയോയിലേക്ക് ഇത്തരത്തിൽ എഐ ജനറേറ്റ് ചെയ്ത ഓഡിയോ ഡിജിറ്റലായി ചേർത്ത് നിർമിച്ചതാണെന്ന വ്യക്തമായി.
∙ വസ്തുത
മോഹൻലാൽ ചിത്രം എമ്പുരാന് ആശംസ നേർന്നുള്ള ഈ വിഡിയോയും ഡോണൾഡ് ട്രംപിന്റെ വിഡിയോ എഐ ജനറേറ്റ് ചെയ്ത ഓഡിയോ ഡിജിറ്റലായി ചേർത്ത് നിർമിച്ചതാണ്.