‘എമ്പുരാന്റെ’ എതിരാളി; സൽമാൻ ഖാന്റെ ‘സിക്കന്ദർ’ ട്രെയിലർ എത്തി

Mail This Article
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ സിനിമയുടെ ട്രെയിലർ എത്തി. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാകും സൽമാൻ എത്തുക. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു.
നാല് വർഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ൽ ഈദ് റിലീസ് ആയി മാർച്ച് 30ന് തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വിവേക് ഹർഷനാണ്. ഛായാഗ്രഹണം തിരു.
മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം. 2020ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘ദർബാറി’നു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സിക്കന്ദർ’.
മോഹൻലാൽ–പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ ആകും ഹിന്ദിയിൽ സിക്കന്ദറിനു വെല്ലുവിളിയായി തിയറ്ററിൽ ഉണ്ടാകുക. അനിൽ തദാനിയുടെ എഎ ഫിലിംസ് ആണ് നോർത്ത് ഇന്ത്യയിൽ എമ്പുരാൻ വിതരണം ചെയ്യുന്നത്. എമ്പുരാൻ മാർച്ച് 27നാണ് റിലീസ്.