‘ക്ലാസിൽനിന്ന് അവധിയെടുക്കാത്ത വിദ്യാർഥിയേപ്പോലൊരു താരം’: നരെയ്ൻ ഐപിഎൽ കളിച്ചില്ല, 1435 ദിവസങ്ങൾക്കുശേഷം!

Mail This Article
ഗുവാഹത്തി∙ ക്ലാസിൽ നിന്ന് അവധിയെടുക്കാത്ത വിദ്യാർഥിയെപ്പോലെയായിരുന്നു ഐപിഎൽ ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ ഇതുവരെ. കഴിഞ്ഞ 5 ഐപിഎൽ സീസണുകളിലായി തന്റെ ടീമിന്റെ എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്ന നരെയ്ൻ ഇന്നലെ ആ പതിവ് തെറ്റിച്ചു. രാജസ്ഥാനെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പ്ലെയിങ് ഇലവനിൽനിന്നു പുറത്തായ ഓൾറൗണ്ടർ നരെയ്ന് 1435 ദിവസങ്ങൾക്കും 58 മത്സരങ്ങൾക്കും ശേഷമാണ് ഐപിഎലിൽ പുറത്തിരിക്കേണ്ടി വരുന്നത്. 2020 സീസണിലാണ് ഇതിനു മുൻപ് നരെയ്ന് ഒരു ഐപിഎൽ മത്സരം നഷ്ടമായത്.
പൂർണ ആരോഗ്യവാനല്ലാത്തതിനാൽ നരെയ്ൻ മത്സരത്തിനില്ല എന്നാണ് ടോസിനായി എത്തിയപ്പോൾ കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ പറഞ്ഞത്. ഇതോടെ ഇംഗ്ലിഷ് ഓൾറൗണ്ടർ മോയിൻ അലിക്ക് ടീമിൽ അവസരം ലഭിച്ചു. മുൻ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന മോയിന്റെ കൊൽക്കത്ത ജഴ്സിയിലെ അരങ്ങേറ്റ മത്സരംകൂടിയായി ഇത്.
രാജസ്ഥാനെ എട്ടു വിക്കറ്റിന് തകർത്ത് കൊൽക്കത്ത സീസണിലെ ആദ്യ ജയം കുറിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സെടുത്തു. കൊൽക്കത്ത 15 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം തോൽവി കൂടിയാണിത്.