കാമുകന്മാരുടെ പട്ടികയിൽ ഗുണ്ട മുതൽ താരരാജാവും, രാജകുടുംബാംഗവും വരെ; വനേസ ട്രംപിന്റെ പ്രണയ ജീവിതം

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മരുമകൾ വനേസ ട്രംപുമായി പ്രണയത്തിലാണെന്ന് ഗോൾഫ് ഇതിഹാസ താരം ടൈഗർ വുഡ്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെ, വീണ്ടും വാർത്തകളിൽ നിറയുകയാണ് വനേസയുടെ ഭൂതകാലവും പ്രണയങ്ങളും. ലോകമെങ്ങുമുള്ള സുന്ദരികളുടെ ഹൃദയം കവർന്ന ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ മൻഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് വനേസയുടെ കാമുകൻമാരുടെ പട്ടികയിൽ. 2005 നവംബർ 12 ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂനിയറിനെ വനേസ വിവാഹം കഴിച്ചെങ്കിലും 2018 ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ അഞ്ചു കുട്ടികളുണ്ട്.
മോഡലായി തുടക്കം, സിനിമയിലും സാന്നിധ്യം
ന്യൂയോർക്ക് നഗരത്തിലെ മൻഹാറ്റനിൽ 1977 ഡിസംബർ 18 നാണ് വനേസ കെ. ഹെയ്ഡൺ ജനിച്ചത്. ദ് ഡ്വൈറ്റ് എന്ന സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മ ബോണി ഹെയ്ഡൺ ഒരു മോഡലിങ് ഏജൻസി നടത്തിയിരുന്നു. അമ്മയുടെ വഴിയേ മോഡലിങ്ങിലാണ് വനേസയും കരിയർ തുടങ്ങിയത്; 1990ൽ, 13 ാം വയസ്സിൽ. ഇരുപതു വയസ്സു വരെ മോഡലിങ് തുടർന്നു. അക്കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. പിന്നീട് സിനിമയിലെത്തി. ജാക്ക് നിക്കോൾസൺ, ഡയാൻ കീറ്റൺ, കിയാനു റീവ്സ് എന്നിവർക്കൊപ്പം, 2003 ൽ പുറത്തിറങ്ങിയ 'സംതിങ്സ് ഗോട്ട ഗിവ്' എന്ന സിനിമയിൽ വനേസ അഭിനയിച്ചിട്ടുണ്ട്. 2010 ൽ, 'ബ്രെറ്റ് മൈക്കിൾസ്: ലൈഫ് ആസ് ഐ നോ ഇറ്റ്' എന്ന ടെലിവിഷൻ പരമ്പരയിലും അവർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2003 ൽ, വനേസയും സഹോദരി വെറോണിക്കയും 'സെസ്സ' എന്ന പേരിൽ ഒരു നൈറ്റ്ക്ലബ് ആരംഭിച്ചു. 2010 ൽ ലാ പോഷെ എന്ന പേരിൽ ഹാൻഡ്‌ബാഗുകൾ പുറത്തിറക്കിയിട്ടുണ്ട്.
കൗമാര പ്രണയം തെരുവുഗുണ്ടയോട്
കൗമാരത്തിൽ, ലാറ്റിൻ കിങ്സ് എന്ന ഗുണ്ടാസംഘത്തിലെ അംഗമായ വാലന്റിൻ റിവേരയുമായി വനേസ പ്രണയത്തിലായിരുന്നു. മോഡലിങ്ങിൽ സജീവമായ ശേഷമാണ് 1998 ൽ ലിയോനാർഡോ ഡികാപ്രിയോയുമായി പ്രണയത്തിലായത്. ആ ബന്ധം അധികകാലം നീണ്ടില്ല. പിന്നീട് സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ അൽ സൗദുമായി പ്രണയത്തിലായി. 2001 ൽ അദ്ദേഹം യുഎസ് വിട്ടതോടെ ആ ബന്ധം അവസാനിച്ചു. അതിനു ശേഷമായിരുന്നു ട്രംപ് ജൂനിയറുമായി അടുപ്പത്തിലായതും അതു വിവാഹത്തിലെത്തിയതും. 2005 നവംബർ 12 ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ ക്ലബ്ബിലായിരുന്നു വിവാഹം. ഈ ബന്ധത്തിൽ അഞ്ചു കുട്ടികളും ജനിച്ചു. പക്ഷേ 2018 ന്റെ ഒടുവിൽ ഇരുവരും വിവാഹമോചനം നേടി.
വിവാഹ മോചനത്തിനു ശേഷമുള്ള പ്രണയവും ചർച്ച
ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സുമായി വനേസ പ്രണയത്തിലാണെന്നു സെലിബ്രിറ്റി മാഗസിനുകളുടെ ഗോസിപ് കോളങ്ങളിൽ കഴിഞ്ഞ വർഷം വാർത്ത വന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം, മാർച്ച് 24 നാണ് ടൈഗർ വുഡ്സ് അത് സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. വനേസയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എക്സിൽ വുഡ്സ് കുറിച്ചതിങ്ങനെ– ‘‘നീ എനിക്കൊപ്പമുണ്ടെങ്കിൽ ജീവിതം കൂടുതൽ സുന്ദരമാണ്.’’ ട്രംപ് ജൂനിയറിന്റെയും വനേസയുടെയും ആദ്യത്തെ കുട്ടി കൈമാഡിസണും ടൈഗർ വുഡ്സിന്റെയും ആദ്യ ഭാര്യ എലിൻ നോഡ്രഗ്രിനിന്റെയും മക്കളായ സാമും ചാർലിയും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. വനേസയുടെ മൂത്തമകൾ ഗോൾഫ് താരം കൂടിയാണ്. പല കാര്യങ്ങളിലും സമാന താൽപര്യമുള്ള വനേസയും ടൈഗർ വുഡ്സും വളരെപ്പെട്ടെന്നാണ് അടുത്തതെന്നും 2024 മുതൽ ഡേറ്റിങ്ങിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കുടുംബത്തിന്റെ സ്വകാര്യതയോർത്താണ് ബന്ധത്തെക്കുറിച്ചു പുറത്തു പറയാതിരുന്നതെന്നും ഗോസിപ്പുകൾ ഒഴിവാക്കാൻ അക്കാലത്ത് ഒരുമിച്ചുള്ള യാത്രകൾ പോലും അവർ ഒഴിവാക്കിയിരുന്നുവെന്നും പറയുന്നുണ്ട്.

പ്രണയം പ്രഖ്യാപിച്ചു, ഇനി വേണ്ടത് സ്വകാര്യത
ടൈഗർ വുഡ്സ് പ്രണയം സ്ഥിരീകരിച്ചതോടെ ആരാധകരും വിമർശകരും ഒരേ ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ജോഡിയെക്കുറിച്ചു ചർച്ച ചെയ്യുന്നത്. പ്രണയം പുറംലോകമറിഞ്ഞെങ്കിലും സ്വകാര്യതയ്ക്കു മുൻതൂക്കം നൽകി ഭാവിജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി ടൈഗർ വുഡ്സും പറഞ്ഞിട്ടുണ്ട്.