‘അദ്ദേഹം അമ്മയെ പോലെ ആയിരുന്നില്ല’, ട്രാൻസ് ജെൻഡറാണെന്ന് പറഞ്ഞപ്പോൾ മസ്കിന്റെ പ്രതികരണത്തെ കുറിച്ച് മകൾ

Mail This Article
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ആളാണെന്നറിഞ്ഞപ്പോൾ പിതാവ് ഇലോൺ മസ്കിൽ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് മകൾ വിവിയാൻ വിൽസൺ. ഇക്കാര്യത്തിൽ പിതാവ് പിന്തുണച്ചില്ലെന്ന് വിവിയാൻ പറഞ്ഞു. അതേസമയം അമ്മ പൂർണ പിന്തുണ നൽകിയെന്നും വിവിയാൻ വെളിപ്പെടുത്തി. അടുത്തിടെ അമേരിക്കൻ ഓൺലൈൻ മാധ്യമമായ ടീൻ വോഗിനു നൽകിയ അഭിമുഖത്തിലായിരുന്നു വിവിയാന്റെ പ്രതികരണം.
‘ഇക്കാര്യം അറിഞ്ഞപ്പോൾ അമ്മ വളരെ സ്നേഹത്തോടെയാണ് എന്നോട് പ്രതികരിച്ചത്. പെട്ടെന്ന് പറഞ്ഞപ്പോൾ അമ്മയിൽ ഒരു അമ്പരപ്പ് ഉണ്ടായി. പക്ഷേ, ഏതാനും നിമിഷങ്ങൾക്കു ശേഷം അവർ ശരി മോളേ, എന്ന് ശാന്തമായി മറുപടി നൽകി.’– വിവിയാൻ പറഞ്ഞു.
അതേസമയം പിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ നേരെ തിരിച്ചായിരുന്നു പ്രതികരണം. ‘അദ്ദേഹം എന്റെ അമ്മയെ പോലെ പിന്തുണച്ചില്ല. ഹോർമോൺ തെറാപ്പിക്ക് അദ്ദേഹത്തിന്റെ സമ്മതം ആവശ്യമായ സമയത്ത് മാസങ്ങളോളം സംസാരിച്ചിട്ടില്ല.’– വിവിയാൻ കൂട്ടിച്ചേർത്തു. ട്രാൻസ് വിഭാഗത്തിൽപ്പെടുന്നയാളാണെന്ന് വിവിയാൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്.
‘ഒരുദിവസം രാത്രി പതിനൊന്നു മണിയോടെ ഞാന്‍ ആ യാഥാർഥ്യം മനസ്സിലാക്കി. മാസങ്ങളായി ഞാൻ അതേപറ്റി ചിന്തിച്ചിരുന്നെങ്കിലും ആ രാത്രി ഇതല്ല എന്റെ വ്യക്തിത്വമെന്ന് ഞാന്‍ എന്നോടു തന്നെ പറഞ്ഞു. ആ സമയം വളരെ കഠിനമായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും എനിക്ക് തോന്നിയിരുന്നില്ല. എത്രയോ ദിവസങ്ങൾ ഒന്നും ചെയ്യാതെ ഞാനിരുന്നു.’– വിവിയാൻ വ്യക്തമാക്കി.
അതേസമയം, പതിനാറാം വയസ്സിൽ തന്നെ വിവിയാന് ഹോർമോൺ മാറ്റ ചികിത്സയ്ക്കുള്ള അനുവാദം നൽകിയിരുന്നു എന്നാണ് ഇലോൺ മസ്ക് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇക്കാര്യം പൂർണമായി നിഷേധിച്ച വിവിയാൻ പിതാവ് നുണപറയുകയാണെന്നും പ്രതികരിച്ചിരുന്നു.