ADVERTISEMENT

മിക്സർ ഗ്രൈൻഡർ അടുക്കളയിൽ ഏറ്റവും ഉപകാരമുള്ളവയാണ്. പാചകം എളുപ്പമാക്കുമെങ്കിലും അവയുടെ ശബ്ദം പക്ഷേ സ്വൈര്യം കെടുത്തും. പാചകം ചെയ്യുന്നവർക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും അയൽപക്കക്കാർക്കും വരെ ഈ ശബ്ദം ശല്യമാണ്. എന്നാൽ മിക്സിയുടെ അമിതമായ ശബ്ദം നിയന്ത്രിക്കാൻ ചില കുറുക്കുവഴികളുണ്ട്.

 • മിക്സി വച്ചിരിക്കുന്ന സ്ഥാനം മാറ്റുന്നത് ശബ്ദം കുറയ്ക്കാൻ സഹായിക്കും. ഉദാഹരണത്തിന് മിക്സി ചുവരിനോട് ചേർന്നാണ് ഇരിക്കുന്നതെങ്കിൽ ശബ്ദം കൂടുതലായി പ്രതിധ്വനിക്കും. മിക്സിയുടെ യഥാർഥ ശബ്ദത്തേക്കാൾ അധികമായി തോന്നിക്കുകയും ചെയ്യും.  ഇടുങ്ങിയ സ്ഥലങ്ങളിൽ വച്ച് പ്രവർത്തിപ്പിക്കാതെ അൽപം കൂടി തുറസായ ഇടം കണ്ടെത്തുക.

 • മിക്സിയുടെ കാലപ്പഴക്കം മറ്റൊരു കാരണമാവാം. ഇത്തരം മിക്സികൾ യഥാസമയത്ത് സർവീസ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 

* മിക്സർ ഗ്രൈൻഡർ  പ്രവർത്തിപ്പിക്കുന്ന സമയത്ത് ഒരു റബർ മാറ്റിൽ വയ്ക്കുന്നതാണ് ശബ്ദം കുറയ്ക്കാനുള്ള ഒരു മാർഗം. റബർ മാറ്റുകളുടെ മൃദുലമായ പ്രതലം മിക്സിയുടെ വൈബ്രേഷൻ ആഗിരണം ചെയ്ത് ശബ്ദം കുറയ്ക്കാൻ സഹായിക്കും. ഉപകരണം പ്രവർത്തിക്കുന്ന സമയത്ത് തെന്നി നീങ്ങാതെ യഥാസ്ഥാനത്ത് ഉറച്ചു നിൽക്കാനും ഇത് ഗുണകരമാണ്.

* ബ്ലേഡുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് മറ്റൊരു മാർഗം. അവശിഷ്ടങ്ങൾ ബ്ലേഡിൽ അടിഞ്ഞു കൂടുന്നത് മൂലം അവ ശരിയായ രീതിയിൽ സ്വതന്ത്രമായി കറങ്ങാതെ വരും. ഇതും ശബ്ദം അധികരിക്കുന്നതിനുള്ള കാരണമാണ്. ബ്ലേഡുകൾ വൃത്തിയാക്കി വച്ചാൽ ഉരയൽ (Friction) കുറയുകയും അധിക ശബ്ദമില്ലാതെ മിക്സി പ്രവർത്തിക്കുകയും ചെയ്യും.

* ജാർ ഓവർലോഡ് ആകാതെ നോക്കുക എന്നതും  പ്രധാനമാണ്. നിശ്ചിത പരിധിയിൽ അധികം സാധനങ്ങൾ ജാറിനുള്ളിൽ നിറച്ച് പ്രവർത്തിപ്പിച്ചാൽ അത് മോട്ടറിൽ അധികസമ്മർദം ഉണ്ടാകും.  ഇത് ശബ്ദം വർധിക്കാൻ മാത്രമല്ല ഉപകരണം കേടാകാനും കാരണമാകും.

* പുതിയ മിക്സർ ഗ്രൈൻഡർ വാങ്ങുന്ന സമയത്ത് അതിന്റെ ശബ്ദപരിധി കൃത്യമായി പരിശോധിക്കുക. ശബ്ദം കുറയ്ക്കുന്ന പ്രത്യേക ഫീച്ചറുകളുള്ള ധാരാളം ബ്രാൻഡുകൾ വിപണിയിൽ ലഭ്യമാണ്. ആവശ്യാനുസരണം അവയിൽ നിന്നും തിരഞ്ഞെടുക്കാം.

വൃത്തിയാക്കലും പരിപാലനവും :

2067587567
Representative shutterstock image/Pressmaster

* ഓരോ തവണ ഉപയോഗിച്ച ശേഷവും മിക്സിയും ജാറും നന്നായി വൃത്തിയാക്കണം. മറ്റ് അടുക്കള ഉപകരണങ്ങളെ അപേക്ഷിച്ച് മിക്സിയുടെ ജാറുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടാനുള്ള സാധ്യത ഏറെയാണ്. എണ്ണമയം അകറ്റി ജാർ അണുവിമുക്തമാക്കാൻ നാരങ്ങയുടെ തൊലി ഉപയോഗിക്കാം. അതിനായി പിഴിഞ്ഞെടുത്ത നാരങ്ങയുടെ അവശേഷിക്കുന്ന ഭാഗം ജാറിനുള്ളിലും ബ്ലേഡുകളിലും അടപ്പിലും എല്ലാം നന്നായി തടവി 15 മിനിറ്റിനു ശേഷം കഴുകിയെടുത്താൽ മതിയാകും.

* കണ്ണെത്താത്ത ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ ബേക്കിങ് സോഡ പേസ്റ്റ് ഉപയോഗിക്കാം. മിക്സിയുടെ ജാറിൽ തുല്യ അളവിൽ വെള്ളവും ബേക്കിങ് സോഡയും ചേർക്കുക. അതിനുശേഷം മിക്സി ഓൺ ചെയ്ത് ഒന്നോ രണ്ടോ സെക്കൻഡിനു ശേഷം ഓഫ് ചെയ്യാം. ബേക്കിങ് സോഡ കലർന്ന വെള്ളം അതിൽ നിന്നും മാറ്റിയശേഷം ചെറു ചൂടുവെള്ളവും ഡിഷ് വാഷും ഉപയോഗിച്ച് സാധാരണ രീതിയിൽ കഴുകിയെടുക്കാം.

* ജാറുകളുടെ പിൻഭാഗം വൃത്തിയാക്കാൻ ബേക്കിങ് സോഡ പേസ്റ്റ് പഴയ ബ്രഷിൽ തേച്ച് പിടിപ്പിച്ച ശേഷം അത് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകിയാൽ മതി.

* ഉപയോഗമില്ലാത്ത സമയത്ത് മിക്സി  വൃത്തിയുള്ളതും നനവില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഈർപ്പവും നേരിട്ടുള്ള സൂര്യപ്രകാശവും ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക.

English Summary:

How to reduce sound of mixer grinder- Kitchen Tips in Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com