വോണിന്റെ മുറിയില്‍ കണ്ടെത്തിയ ലൈംഗിക ഉത്തേജക മരുന്ന് ഇന്ത്യൻ നിർമിതം, ‘കാമാഗ്ര’യ്ക്ക് തായ്‍ലൻഡിൽ നിരോധനം, പക്ഷേ കടകളിൽ സുലഭം

Mail This Article
മെൽബൺ∙ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മുറിയിൽനിന്ന് കണ്ടെത്തിയ കുപ്പിയിൽ ഇന്ത്യൻ നിർമിത ലൈംഗിക ഉത്തേജക മരുന്നായ ‘കാമാഗ്ര’യാണ് ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്തൽ. ഷെയ്ൻ വോൺ മരിച്ച് വർഷങ്ങൾക്കു ശേഷം അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. വോണിന്റെ മുറിയിൽനിന്നു ലഭിച്ച കുപ്പി, ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം മാറ്റിയതാണെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2022 ലാണ് തായ്‍ലൻഡിലെ ഹോട്ടല്‍ മുറിയിൽ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയാഗ്രയിലേതിനു സമാനമായ ഘടകങ്ങൾ അടങ്ങിയ മരുന്നാണ് കാമാഗ്ര. ഇന്ത്യയിലാണ് ഇതു നിർമിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍ക്ക് ഈ മരുന്നു നൽകാറില്ല. തായ്‍ലൻഡിൽ മരുന്നിനു നിരോധനമുണ്ടെങ്കിലും കടകളിൽ രഹസ്യമായി ഇതു വിൽക്കാറുണ്ടെന്നാണു വിവരം. ഹൃദയ സംബന്ധമായ അസുഖങ്ങളും ആസ്ത്മയുമുണ്ടായിരുന്ന വോൺ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നു മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു.
ഷെയ്ൻ വോണ്‍ മരിച്ചുകിടന്ന മുറിയിൽ രക്തവും കണ്ടെത്തിയിരുന്നു. ആരോഗ്യനില വഷളായതോടെ വോണിന്റെ വായിലൂടെ രക്തം പുറത്തേക്കു വന്നതാകാമെന്നാണു വിവരം. അതേസമയം ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളുടെ മരണം ഇത്തരത്തിലാകരുതെന്ന് ഓസ്ട്രേലിയന്‍ അധികൃതർക്കു താൽപര്യമുണ്ടായിരുന്നു. അവരുടെ ഇടപെടൽ കാരണമാണ് നിരോധിത ലൈംഗിക ഉത്തേജക മരുന്ന് മാറ്റിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.