ഐഎസ്എൽ സെമി ആദ്യപാദത്തിൽ മോഹൻ ബഗാനെതിരെ വിജയം (2–1); ജംഷഡ്പുർ ഞെട്ടിച്ചു!

Mail This Article
ജംഷഡ്പുർ ∙ ഇൻജറി ടൈം വരെ സമനിലച്ചരടിൽ കോർത്തുനിർത്തിയ കളിയുടെ കെട്ടുപൊട്ടിച്ച് വിജയമാഘോഷിച്ച് ജംഷഡ്പുർ എഫ്സി. ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ കൊൽക്കത്ത മോഹൻ ബഗാനെതിരെ ജംഷഡ്പുർ എഫ്സിക്ക് 2–1 വിജയം. 24–ാം മിനിറ്റിൽ ഹവിയർ സിവേറിയോ, ഇൻജറി ടൈമിൽ (90+1) ജാവി ഹെർണാണ്ടസ് എന്നീ സ്പാനിഷ് താരങ്ങളാണ് ജംഷഡ്പുരിന്റെ ഗോളുകൾ നേടിയത്. 38–ാം മിനിറ്റിൽ ഓസ്ട്രേലിയൻതാരം ജയ്സൺ കമ്മിങ്സ് കൊൽക്കത്ത ടീമിന്റെ ഗോൾ കണ്ടെത്തി.
മത്സരം 1–1 സമനിലയിലേക്കു നീങ്ങവേയാണ് ഇൻജറി ടൈമിൽ അപ്രതീക്ഷിത ഗോളുമായി ജയ്സൺ കമ്മിങ്സ് ജംഷഡ്പുരിന്റെ വിജയശിൽപിയായത്. സെമിഫൈനൽ രണ്ടാംപാദം 7ന് കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും.
ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരും ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളുമായ മോഹൻ ബഗാൻ ടീമിനെ ഞെട്ടിച്ച വിജയമാണ് ജംഷഡ്പുർ സ്വന്തമാക്കിയത്. ജംഷഡ്പുരിന്റെ ഹോംഗ്രൗണ്ടിലായിരുന്നു മത്സരമെങ്കിലും 74% സമയത്തും പന്തു ബഗാൻ താരങ്ങളുടെ കാലുകളിലായിരുന്നു. ബഗാൻ 542 പാസുകൾ പൂർത്തിയാക്കിയപ്പോൾ ജംഷഡ്പുരിനു നേടാനായത് 197 എണ്ണം മാത്രമാണ്.
അത്രമേൽ ഏകപക്ഷീയമായ മത്സരമായിരുന്നിട്ടും കളിയുടെ ഒഴുക്കിനെതിരെ നേടാൻ കഴിഞ്ഞ 2 ഗോളുകളാണ് സെമി ആദ്യപാദത്തിൽ ജംഷഡ്പുരിനു മാന്ത്രിക വിജയം സമ്മാനിച്ചത്.