ചരിത്രനേട്ടം കൊയ്ത് സ്കോഡ, റെക്കോർഡ് വിൽപന

Mail This Article
രാജ്യത്തെ വാഹനവിപണിയിൽ ചരിത്രനേട്ടം കൊയ്യുകയാണ് സ്കോഡ ഓട്ടോ ഇന്ത്യ. 2025 മാർച്ചിൽ 7422 യൂണിറ്റ് വാഹനങ്ങളാണ് ചെക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ രാജ്യത്ത് വിറ്റഴിച്ചത്. സ്കോഡ ഇന്ത്യയിലെത്തി ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കൈലാഖ് എന്ന സബ് കോംപാക്ട് എസ് യു വി യിലൂടെ ഈ നേട്ടമെന്നത് കമ്പനിക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്.
ഇന്ത്യൻ റോഡുകൾക്ക് ഇണങ്ങുന്ന വിധത്തിൽ, കുറഞ്ഞ വിലയിലും മികച്ച ഫീച്ചറുകളോടെയും പുറത്തിറങ്ങിയ കൈലാഖ് പുറത്തിറങ്ങിയ സമയം മുതൽ തന്നെ വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയിരുന്നു. പ്രീമിയം ബ്രാൻഡ് എന്നതിനൊപ്പം തന്നെ എല്ലാവർക്കും വാങ്ങുവാൻ കഴിയുന്ന ഒരു വാഹനം എന്നതായിരുന്നു കൈലാഖിലൂടെ കമ്പനി ലക്ഷ്യമിട്ടത്. സ്ലാവിയയും കുഷാഖും പോലെ തന്നെ സ്‌കോഡയുടെ എം ക്യൂ ബി എ 0 ഐ എൻ പ്ലാറ്റ്‌ഫോമിലാണ് ഈ സബ് കോംപാക്ട് എസ് യു വിയുടെയും നിർമിതി. പ്രാദേശികമായി നിർമാണം നടത്തുന്നതിനാൽ തന്നെ കൈലാഖിന്റെ നിർമാണ ചെലവ് ഗണ്യമായ രീതിയിൽ കുറയ്ക്കാൻ സ്‌കോഡയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പുണെയിലെ ചകാൻ പ്ലാന്റിൽ നിന്നുമുള്ള കൈലാഖിന്റെ വാർഷിക നിർമാണം 255000 യൂണിറ്റായി വർധിപ്പിച്ചിട്ടുമുണ്ട് സ്കോഡ.

ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം എന്നിങ്ങനെയാണ് മാനുവൽ പതിപ്പിന് യഥാക്രമം വില വരുന്നത്. മൂന്ന് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക്കിനു എക്സ് ഷോറൂം വില 10.59 ലക്ഷം, 12.40 ലക്ഷം, 14.40 ലക്ഷം എന്നിങ്ങനെയാണ്.
1.0 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കൈലാഖിനു കരുത്തേകുന്നത്. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.