ADVERTISEMENT

എറണാകുളം മൂവാറ്റുപുഴയിലെ വാഴക്കുളത്തിന് മറ്റൊരു പേരുകൂടിയുണ്ട്, കേരളത്തിന്റെ ‘പൈനാപ്പിൾ സിറ്റി’. ചെറുതും വലുതുമായ 2,500ലേറെ പൈനാപ്പിൾ കർഷകർ. വിളവ് ലക്ഷം ടണ്ണിലുമധികം. ഇവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാത്രമല്ല ദക്ഷിണേന്ത്യയിലേക്കും മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിനംപ്രതി പോകുന്നത് ലോഡുകണക്കിനും ടൺ കണക്കിനും പൈനാപ്പിൾ. പുറമെ, മികച്ച ഡിമാൻഡിന്റെ കരുത്തുമായി ഗൾഫ് ഉൾപ്പെടെ വിദേശത്തേക്കും പറക്കുന്നുണ്ട് ദിവസേന.

3,000 കോടി രൂപയാണ് കേരളത്തിന്റെ പൈനാപ്പിൾ മേഖലയുടെ വാർഷിക വിറ്റുവരവ്. ലോകത്തെ ഏത് ഇനത്തോടും കിടപിടിക്കുന്ന സ്വാദും നിലവാരവുമാണ് വാഴക്കുളത്തിന്റെ പൈനാപ്പിൾ പെരുമ. വേനൽ തുടങ്ങിയത് പൈനാപ്പിൾ കൃഷിയെ ദുഷ്കരമാക്കുന്നുണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് കൃഷിയിപ്പോൾ ഉഷാർ.

ഷെഡ് ഉൾപ്പെടെ കെട്ടിയാണ് തോട്ടം സംരക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു. സാധാരണ ഒരു ഏക്കറിൽ വിളവെടുക്കുമ്പോൾ 15 ടൺ പൈനാപ്പിൾ ലഭിക്കുമെങ്കിൽ വേനൽക്കാലത്ത് അതു 12 ടണ്ണായി ചുരുങ്ങാറുമുണ്ട്. എങ്കിലും, ഇതു മെച്ചപ്പെട്ട വില കിട്ടുന്ന സീസണാണെന്നതാണ് കർഷകരുടെ ആശ്വാസം.

പൈനാപ്പിളിനു പല ഗ്രേഡ്, ഭംഗിയും വേണം!

''ഹൊ.. എന്താ ചൂട്,
ഒരു പൈനാപ്പിൾ ജ്യൂസ് കുടിച്ചാലോ..?''

വേനൽക്കാലം പൈനാപ്പിൾ വിപണിയുടെ നല്ല സീസൺ കൂടിയാണ്. ജ്യൂസിനായും മറ്റും വൻ ഡിമാൻഡുണ്ടാകും. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിൽപനയാണ് ഈ വർഷം പ്രതീക്ഷിക്കുന്നതെന്ന് വാഴക്കുളം പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പറഞ്ഞു. പ്രതിവർഷം ശരാശരി 10% വീതം വിപണനവളർച്ച പൈനാപ്പിൾ നേടാറുണ്ട്. വാഴക്കുളത്തുനിന്ന് പച്ച, പഴം ഇനങ്ങൾക്ക് പുറമെ സ്പെഷൽ പൈനാപ്പിളുമാണ് വിപണിയിലെത്തുന്നത്. 

വലുപ്പത്തിന്റ അടിസ്ഥാനത്തിൽ പൈനാപ്പിളിനെ പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് മുകളിലുള്ളത് എ ഗ്രേഡ്. 600 ഗ്രാം മുതല്‍ ഒരു കിലോവരെയുള്ളവ ബി ഗ്രേഡ്. അതിനു താഴെയുള്ളതു സി, ഡി ഗ്രേഡുകളും. പൈനാപ്പിളിന്റെ ഭംഗിയും നോക്കിയാണ് ഗ്രേഡ് തീരുമാനിക്കുന്നത്.

വില ‘ചൂടുപിടിക്കുമെന്ന്’ പ്രതീക്ഷ

കേരള പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം എ ഗ്രേഡിലെ പഴുത്ത പൈനാപ്പിളിന് 52 രൂപയും പച്ചയ്ക്ക് 44 രൂപയും സ്പെഷലിന് 46 രൂപയുമാണ് ഇപ്പോൾ വില. കഴിഞ്ഞവർഷം ഇതേസമയത്തു പഴത്തിന് 50 രൂപയും പച്ചയ്ക്ക് 41 രൂപയും സ്പെഷലിന് 43 രൂപയുമായിരുന്നു.

വേനൽ കടക്കുന്ന ഏപ്രിലോടെ വില കിലോയ്ക്ക് 60 രൂപയിലേക്ക് ഉയരുമെന്നാണ് കരുതുന്നതെന്ന് ബേബി ജോൺ പറഞ്ഞു. മുഖ്യ വിപണികളിലൊന്നായ ഉത്തരേന്ത്യയിൽ ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും സീസണാണെന്നതും പ്രതീക്ഷകൾ നൽകുന്നു.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala's Pineapple Industry Booms with ₹3000 Crore Turnover, Prices Set to Rise in this Summer.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com