എമ്പുരാനിൽ പൃഥ്വിയുടെ മകളും? ചർച്ചയായി പൃഥ്വിരാജ്–ടൊവീനോ സംഭാഷണം

Mail This Article
ബിഗ് ബജറ്റ് ചിത്രം എമ്പുരാനിൽ പൃഥ്വിരാജ്–സുപ്രിയ ദമ്പതികളുടെ മകൾ ആലി എന്ന അലംകൃതയും ഭാഗമായിട്ടുണ്ടെന്ന് സൂചന. ചിത്രത്തിൽ ‘എമ്പുരാനേ...’ എന്ന പാട്ടിൽ ആലിയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ടെന്നാണു വിവരം. എന്നാൽ ഇക്കാര്യം സിനിമയുടെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ദിവസം എമ്പുരാനുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടിക്കിടെ പൃഥ്വിരാജും ടൊവീനോ തോമസും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിൽ ചിത്രത്തിന്റെ ട്രെയിലർ പ്ലേ ചെയ്തപ്പോൾ പൃഥ്വി, അതേക്കുറിച്ച് ടൊവീനോയോടു സംസാരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. തന്റെ മകളാണ് പാടിയിരിക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞതെന്നാണു വിവരം. അതിശയത്തോടെ ടൊവീനോ പൃഥ്വിയോടു പ്രതികരിക്കുന്നതും കാണാം.
ദൃശ്യങ്ങൾ ഇതിനകം വലിയ ചർച്ചയായിക്കഴിഞ്ഞു. നാളെ ലോകമെമ്പാടും ‘എമ്പുരാൻ’ പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളും ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എമ്പുരാന്റെ തീം സോങ് ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥനയാണ് ആലപിച്ചത്.