ഒഴിവായത് വൻ ദുരന്തം; തൊഴിലാളിക്ക് നൽകിയ നിർദ്ദേശം പൊല്ലാപ്പായി; പശുക്കൾക്ക് വിഷബാധ: രക്ഷയ്ക്ക് ‘ഓപ്പറേഷൻ സ്ട്രിക്കിനിൻ’

Mail This Article
തന്റെ ഫാമിൽ ജോലി നോക്കുന്ന അതിഥിതൊഴിലാളിക്ക് നൽകിയ നിർദ്ദേശം ഇത്രത്തോളം വലിയ പൊല്ലാപ്പാകുമെന്ന് കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിൽ പാടിക്കുന്നിൽ ഏബിൾ ഡയറി ഫാം നടത്തുന്ന പ്രതീഷ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കടുത്ത വേനലും തീറ്റപ്പുല്ലിന് ക്ഷാമവും ഉള്ള സാഹചര്യത്തിൽ ഫാമിലെ കറവ ഇല്ലാത്ത പൈക്കൾക്കും കിടാരികൾക്കും പറമ്പിലെ ചെടികളും പച്ചിലകളും ഒക്കെ മുറിച്ച് തീറ്റയ്ക്കൊപ്പം ചേർത്ത് നൽകാൻ തൊട്ടുതലേ ദിവസമാണ് പ്രതീഷ് ഫാമിലെ തൊഴിലാളിയോട് നിർദ്ദേശിച്ചത്. ഉടമയുടെ ഉപദേശം അക്ഷരംപ്രതി അനുസരിച്ച അതിഥി തൊഴിലാളി ഫാമിന്റെ പരിസരത്തുള്ള ചെടികളും പച്ചിലകളും എല്ലാം വെട്ടിയരിഞ്ഞ് തീറ്റത്തൊട്ടിലിട്ട് പൈക്കൾക്കു നൽകി. എന്നാൽ അയാളുടെ അറിവില്ലായ്മ കൊണ്ട് അങ്ങേയറ്റം അപകടകാരിയായ ഒരു മരത്തിന്റെ ഭാഗങ്ങൾ കൂടി വെട്ടിയിട്ട തീറ്റയിൽ ഉൾപ്പെട്ടിരുന്നു.
ഫാമിന്റെ പരിസരത്ത് തന്നെയുണ്ടായിരുന്ന കാഞ്ഞിരമായിരുന്നു വില്ലൻ. കൊടുംവേനലിൽ പോലും പച്ചവിരിച്ച് ഇടതൂർന്ന് ഇലകളും കായകളും പൂക്കളുമെല്ലാമായി വളരുന്ന സസ്യമാണ് കാഞ്ഞിരം. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അങ്ങേയറ്റം അപകടകാരിയായ സസ്യമാണ് കാഞ്ഞിരം എന്ന ബോധ്യം മറുനാട്ടിൽ നിന്നെത്തിയ ആ പാവം തൊഴിലാളിക്കില്ലായിരുന്നു. തൊഴിലാളിയോട് ഇലത്തീറ്റകൾ പൈക്കൾക്ക് വെട്ടിയിട്ട് നൽകാൻ നിർദ്ദേശിക്കുമ്പോൾ ഫാമിൻറെ പരിസരത്ത് കാഞ്ഞിരം വളർന്നുനിൽക്കുന്ന കാര്യം ഫാം ഉടമ ഓർത്തതുമില്ല. ഏതായാലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ, സംഭവിക്കാനുള്ളത് സംഭവിച്ചു.

മാർച്ച് 24ന് രാത്രി ഇലതീറ്റ തീറ്റ നൽകി പിറ്റേദിവസം (മാർച്ച് 25) അതിരാവിലെയോടെ ഫാമിലെ കിടാരികൾക്ക് പ്രശ്നങ്ങൾ തുടങ്ങി. ആറോളം കിടാരികൾ വിഷബാധയുടെ പ്രശ്നങ്ങൾ ഓരോന്നോരോന്നായി കാണിച്ചു. ചില പൈക്കൾക്ക് വിറയൽ, ഉമിനീർ പതഞ്ഞൊലിക്കൽ, വേച്ചുവീഴൽ, തറയിൽ തെന്നിവീണു കൈകാലുകളിട്ടടിച്ചു പിടയൽ, മൂക്കിൽനിന്ന് രക്തസ്രാവം അങ്ങനെ പ്രശ്നങ്ങൾ പലതായിരുന്നു. ഉടനെ തന്നെ മൃഗസംരക്ഷണവകുപ്പിനെ വിവരം അറിയിക്കുകയും വകുപ്പിൽനിന്നും ഡോക്ടർമാരെത്തുകയും ചെയ്തതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ഫാമിലെ കിടാരിക്കൂട്ടിലെ തീറ്റത്തൊട്ടിയിൽ പശുക്കൾ കഴിച്ച് ബാക്കിവന്ന കാഞ്ഞിരമരത്തിന്റെ ഇലകളും കായ്കളും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതോടെ പ്രശ്നത്തിന്റെ കാരണം ഡോക്ടർമാർക്ക് അധികം അന്വേഷിക്കേണ്ടി വന്നില്ല. കാഞ്ഞിരമാണ് വില്ലനായതെന്ന് ഫാം ഉടമയ്ക്കും ബോധ്യമായത് അപ്പോഴാണ്.

മൃഗസംരക്ഷണവകുപ്പിന്റെ ഓപ്പറേഷൻ സ്ട്രിക്കിനിൻ
സസ്യവിഷബാധയേറ്റു കന്നുകാലികൾ കൂട്ടമായി ചത്തൊടുങ്ങുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഇടയ്ക്കിടെയുണ്ടാവാറുണ്ട്. തൃശൂരിലെ വെള്ളപ്പായയിൽ ബ്ലൂമിയ വിഷബാധയേറ്റ് പൈക്കൾ ചത്തൊടുങ്ങിയത് ഒടുവിലെത്തെ സംഭവം. അത്തരമൊരു കൂട്ടകന്നുകാലിമരണം ആവർത്തിക്കാതിരിക്കാൻ അതീവ ശ്രദ്ധയോട് കൂടിയാണ് കണ്ണൂർ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഈ വിഷയത്തിൽ ഇടപെട്ടത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.ബിജു, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ.പദ്മരാജ് എന്നിവരുടെ നിർദേശപ്രകാരം ഡോക്ടർമാരുടെ സംഘം സഥലത്തെത്തിയാണ് അടിയന്തര ചികിത്സതുടങ്ങിയത്. ഡോക്ടർമാരായ ആസിഫ് എം. അഷറഫ്, പ്രിയ, നിതിന, റിൻസി തെരേസ, അമിത തുടങ്ങിയവരെല്ലാം പങ്കാളികളായി. ഉടനടി ചികിത്സ നൽകാൻ കഴിഞ്ഞതിനാൽ കാഞ്ഞിരവിഷമേറ്റ കാലികളെ ജീവഹാനി സംഭവിക്കാതെ കാക്കാൻ ഡോക്ടർമാരുടെ സംഘത്തിനായി. സ്ട്രിക്കിനസ് നക്‌സ്വോമിക്ക എന്നാണ് കാഞ്ഞിരത്തിന്റെ ശാസ്ത്രനാമം, അതുകൊണ്ടുതന്നെ ഈ അടിയന്തരരക്ഷാപ്രവർത്തനത്തിന് ജില്ലാ മൃഗസംരക്ഷണവകുപ്പ് നൽകിയത് ‘ഓപ്പറേഷൻ സ്ട്രിക്കിനിൻ’ എന്ന പേരാണ്.

കാഞ്ഞിരം കാലികളെ കൊല്ലി
സാധാരണ നിലയിൽ കന്നുകാലികൾ കഴിക്കാത്ത ആഹാരമാണ് തീറ്റയാണ് വളരെയധികം കയ്പ്പുരസമുള്ള കാഞ്ഞിരം. പ്രത്യേകിച്ച് ഫാമിൽ വളർത്തുന്ന കന്നുകാലികൾക്ക് കാഞ്ഞിരത്തിൽനിന്ന് വിഷബാധ ഏൽക്കുന്നത് തീർത്തും അപൂർവമാണ്. എന്നാൽ ഇവിടെ മറ്റ് ഇലതീറ്റകൾക്കൊപ്പം കാഞ്ഞിരവും അശ്രദ്ധയോടെ വെട്ടിനൽകിയതാണ് അപകടത്തിന് ഇടയാക്കിയത്. കാഞ്ഞിരമരത്തിന്റെ കായ്കളിലാണ് ഏറ്റവും അപകടകാരിയായ വിഷങ്ങൾ അടങ്ങിയിരിക്കുന്നത്. കായ്ക്കളോളം ഇല്ലെങ്കിലും മരത്തിന്റെ തോലിലും കറയിലും ഇലയിലും എന്തിന് ഉണങ്ങിവീണ കാഞ്ഞിരപൂക്കളിൽ വരെ ഏറിയും കുറഞ്ഞും വിഷത്തിന്റെ സാന്നിധ്യമുണ്ട്. സ്ട്രിക്കിനിൻ, ബ്രൂസിൻ എന്നീ ആൽക്കലോയിഡുകളാണ് പ്രധാന വിഷങ്ങൾ. പ്രത്യേകിച്ച് കന്നുകാലികളുടെ നാഡീവ്യൂഹത്തെയാണ് ഈ വിഷം ബാധിക്കുക. വിഷം അകത്തെത്തി വിരലിൽ എണ്ണാവുന്ന മണിക്കൂറുകൾക്കകം തന്നെ ശ്വസന പേശികൾ തളർന്ന് ശ്വാസതടസ്സം മൂർച്ഛിച്ച് മരണം സംഭവിക്കും. കാഞ്ഞിരവിഷത്തിന് പ്രത്യേകം മറുമരുന്നുകൾ ഇല്ല എന്നതും വെല്ലുവിളിയാണ്. രോഗ ലക്ഷണങ്ങളുടെ തീവ്രത കുറക്കാനുള്ള മരുന്നുകൾ ചെയ്യുക മാത്രമാണ് പരിഹാരം. എന്നാൽ എത്രയും പെട്ടെന്ന് അത്തരം ചികിത്സകൾ ഉറപ്പാക്കിയില്ലെങ്കിൽ പ്രശ്നങ്ങൾ മൂർച്ഛിച്ചു കാലികൾ മരണപ്പെടും എന്നത് തീർച്ചയാണ്.
വേനലാണ്, തീറ്റപ്പുല്ലിന് ക്ഷാമമുണ്ട് എങ്കിലും പൈക്കളെ തീറ്റല്ലേ ഈ വിഷച്ചെടികൾ

കാഞ്ഞിരം മാത്രമല്ല, മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ വിഷമായ സസ്യങ്ങൾ നമ്മുടെ പറമ്പുകളിൽ ഏറെയുണ്ട്. കുക്കുറച്ചെടി, രാക്കില, വേനൽപ്പച്ച എന്നൊക്കെ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് ബ്ലൂമിയ ചെടികള്‍. ചുവപ്പും പച്ചയും മഞ്ഞയും വെള്ളയും ഒക്കെ നിറങ്ങളിൽ പൂക്കളുമായി വീട്ടുമുറ്റത്തും പാതയോരങ്ങളിലും ഒരു പരിചരണവും ഇല്ലാതെ തന്നെ തഴച്ചുവളരുന്ന അരളി, ഇലയിലും തണ്ടിലും കായിലും കിഴങ്ങിലും തൊണ്ടിലുമെല്ലാം സയനൈഡ് സാന്നിധ്യമുള്ള മരച്ചീനി, റബറിന്റെ ഇലകളും തണ്ടും, മുളയുടെ തളിരിലകൾ, കരിമ്പുചെടി, മണിച്ചോളത്തിന്റെ (സോർഗം) തളിരിലകളും തണ്ടും, ബദാം മരത്തിന്റെ ഇലകൾ, ഹൈഡ്രാഞ്ചിയം പൂച്ചെടി, വിവിധ വർണങ്ങളിലുള്ള പൂക്കളുമായി തഴച്ചുവളരുന്ന അരിപ്പൂച്ചെടി അഥവാ കൊങ്ങിണിച്ചെടി, പറമ്പിൽ പടർന്നു വളരുന്ന കുറ്റിച്ചെടിയായ ആനത്തൊട്ടാവാടി, വേനലിൽ പൂക്കളും കായ്ക്കളുമൊക്കെയായി സമ്യദ്ധമായി വളരുന്ന വള്ളിച്ചെടികളിൽ ഒന്നായ കല്ലുനെരന്ത , ആൽവർഗത്തിൽപ്പെട്ട ചേല മരത്തിന്റെ ഇലകൾ തുടങ്ങിയവയെല്ലാം കന്നുകാലികൾക്ക് ഹാനികരമായ വിഷങ്ങൾ അടങ്ങിയ സസ്യങ്ങളാണ്.
പൊതുവെ കന്നുകാലികൾ വിഷച്ചെടികൾ കഴിക്കാതെ ഒഴിവാക്കുകയാണ് പതിവെങ്കിലും തീറ്റപ്പുല്ലിന് ക്ഷാമമുണ്ടാവുന്ന സാഹചര്യത്തിൽ വയറുനിറയ്ക്കാൻ അവ വിഷച്ചെടികളും അകത്താക്കും. പറമ്പിൽ മേയുന്നതിനിടെയാണ് ഇത്തരം വിഷബാധകൾ ഏറെയുമേൽക്കുക. ഉടമയുടെ ശ്രദ്ധയിൽ പെടുമ്പോഴേക്കും വിഷബാധ മൂർച്ഛിച്ചിട്ടുണ്ടാവും. ഇനി നേരത്തെ ശ്രദ്ധയിൽപ്പെട്ടു എന്നു തന്നെയിരിക്കട്ടെ, മിക്ക സസ്യവിഷബാധകൾക്കും നൽകാൻ കൃത്യമായ മറുമരുന്നുകൾ പോലും കണ്ടെത്തിയിട്ടില്ല. മറുമരുന്നുകൾ ഉള്ള സസ്യവിഷബാധകളിലാവട്ടെ, പലപ്പോഴും ചികിത്സയ്ക്കുള്ള സാവകാശം കിട്ടും മുന്നെ, കന്നുകാലികൾ മരണപ്പെടും. തീറ്റപ്പുല്ലിന് ക്ഷാമമുണ്ടാവുന്ന സാഹചര്യത്തിൽ വിഷച്ചെടികൾ പശുക്കൾക്ക് വെട്ടി തീറ്റയായി നൽകുന്നതും പശുക്കൾക്ക് കൂട്ടമായി വിഷബാധയേൽക്കുന്നതിലേക്കു നയിക്കും. പറമ്പിലുള്ള പൈക്കളെ കൊല്ലി സസ്യങ്ങളെ പറ്റി കൃത്യമായി അറിയുക എന്നതു മാത്രമാണ് തൊഴുത്തിന്റെ പടികയറിയെത്തുന്ന വിഷസസ്യദുരന്തങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗം.
കർഷകരറിയാൻ ചില പ്രഥമ ശുശ്രൂഷകൾ
അബദ്ധവശാൽ പൈക്കൾ വിഷസസ്യങ്ങൾ കഴിച്ചാൽ വിഷബാധയുടെ തീവ്രത കുറയ്ക്കാനും വിഷം ആഗിരണം ചെയ്യുന്നത് തടയാനും ചില പ്രഥമ ശുശ്രൂഷകൾ കർഷകർക്ക് ചെയ്യാം.
- രക്തത്തിലേക്കുള്ള വിഷത്തിന്റെ ആഗിരണം കുറയ്ക്കാൻ പൊതുവായി ആക്ടിവേറ്റഡ് ചാർക്കോൾ കന്നുകാലിയുടെ ഒരു കിലോഗ്രാം ശരീരതൂക്കത്തിന് ഒരു ഗ്രാം എന്ന അളവിൽ നൽകാം. 400 കിലോ തൂക്കമുള്ള വലിയ സങ്കരയിനം പശുവിന് 400 ഗ്രാം വരെ ചാർക്കോൾ വേണ്ടിവരും. ആക്ടിവേറ്റഡ് ചാർക്കോൾ അടങ്ങിയ ഗുളികകളും ലായനികളും വിപണിയിലുണ്ട്. ഇവ ലഭ്യമല്ലെങ്കിൽ നേരത്തെ പറഞ്ഞ അതേ അളവിൽ ചിരട്ടക്കരിയും നൽകാം. ഒപ്പം 15 മുതൽ 20 വരെ കോഴിമുട്ടയുടെ വെള്ള കൂടി നൽകുന്നത് വിഷത്തിന്റെ ആഗിരണം തടയാൻ ഗുണം ചെയ്യും.
- മരച്ചീനിയിലയോ തൊണ്ടോ കഴിച്ചാൽ ഉടൻ സോഡിയം തയോസൾഫേറ്റ് പൗഡർ ( ഹൈപ്പോ പൗഡർ) 30 - 100 ഗ്രാം വരെ കഴിക്കാൻ നൽകുന്നത് ഫലപ്രദമാണ്.
- തഴുതാമ, വയൽച്ചുള്ളി, ഞെരിഞ്ഞിൽ എന്നീ മൂന്ന് ചെടികൾ 100 ഗ്രാം വീതം മൂന്ന് ലീറ്റർ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായപരുവത്തിൽ ഒന്നര ലീറ്ററിലേക്ക് വാറ്റിയെടുത്ത ശേഷം പകുതി വീതം ദിവസം രണ്ടുതവണകളായി മൂന്നു ദിവസം നൽകുന്നത് ആനത്തൊട്ടാവാടി കഴിച്ചത് കാരണം ഉണ്ടാവുന്ന നീര് അകറ്റാനുള്ള നാടൻ പ്രയോഗമാണ്.
പ്രഥമ ശുശ്രൂഷ ചെയ്യുന്നതിനൊപ്പം കൂടുതൽ കാലികൾ വിഷച്ചെടി കഴിക്കുന്നത് തടയാനും ഉടൻ വെറ്ററിനറി സേവനം തേടാനും ശ്രദ്ധിക്കണം.