താരലേലത്തിൽ തഴയപ്പെട്ട അജിൻക്യ രഹാനെയും ഷാർദൂൽ ഠാക്കൂറും ഐപിഎലിൽ മൂല്യം തെളിയിച്ചപ്പോൾ; ഒന്നൊന്നര വരവ്!

Mail This Article
പ്രവചിക്കാൻ നിൽക്കേണ്ട, പിടിതരില്ല എന്നതു ട്വന്റി20 ക്രിക്കറ്റിനു മാത്രം ബാധകമായൊരു വിശേഷണമല്ല. താരങ്ങളുടെ കാര്യത്തിലും അതു ബാധകമാണ്. വിശേഷിച്ചും ഐപിഎലിന്റെ കാര്യത്തിൽ. 18–ാം പതിപ്പിലും അതിനു മാറ്റമില്ല. ലീഗിലെ എല്ലാ ടീമുകളും ഒരു മത്സരം പൂർത്തിയാക്കിയപ്പോൾ കൊൽക്കത്തയുടെ നായകൻ അജിൻക്യ രഹാനെയും ലക്നൗ താരം ഷാർദൂൽ ഠാക്കൂറുമാണു മുൻവിധികളെ കാറ്റിൽപറത്തിയവരിൽ മുൻനിരയിൽ.
ഇവർ മാത്രമല്ല, ടീമുകൾ നിലനിർത്താതെ കൈവിട്ട അശുതോഷ് ശർമയും ശ്രേയസ് അയ്യരും ഫിൽ സോൾട്ടുമെല്ലാം കളത്തിൽ നിന്നു മറുപടി പറയുന്ന തിരക്കിലാണ്.
∙ അൺസോൾഡ് ‘ക്യാപ്റ്റൻ’
സൗദിയിൽ നടന്ന താരലേലത്തിൽ അജിൻക്യ രഹാനെ എന്ന താരത്തിന്റെ പേര് ആദ്യം പതിഞ്ഞതു വിറ്റുപോകാത്ത താരങ്ങളുടെ കൂട്ടത്തിലാണ്. ലേലത്തിന്റെ ആദ്യ ദിനം 1.5 കോടിയെന്ന അടിസ്ഥാന വിലയിൽ രഹാനെ വന്നപ്പോൾ ഒരു ടീമും വാങ്ങാൻ തയാറായില്ല. ഒടുവിൽ രണ്ടാം ദിനം ലേലം അവസാനിക്കുന്നതിനു തൊട്ടുമുൻപായി ഒരു അവസരം കൂടി വന്നപ്പോഴാണു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രഹാനെയെ അടിസ്ഥാന വിലയ്ക്കു വാങ്ങിയത്.
പ്ലേയിങ് ഇലവനിൽ എവിടെ ഇടം ലഭിക്കുമെന്നായിരുന്നു അതിനു പിന്നാലെ വന്ന ചോദ്യങ്ങൾ. ഉത്തരം വന്നത് ഈ മാസമാദ്യം ഈ സീസണിലെ ക്യാപ്റ്റനായി രഹാനെയെ കൊൽക്കത്ത പ്രഖ്യാപിച്ചപ്പോഴാണ്. നിലവിലെ ജേതാക്കളുടെ നായകനായി പിന്നാലെ മുപ്പത്തിയാറുകാരൻ ബാറ്റ് കൊണ്ടു മറുപടി നൽകി. ആദ്യമത്സരത്തിൽ ബെംഗളൂരുവിനെതിരെ മോശം തുടക്കം നേരിട്ട ടീമിനെ താങ്ങിനിർത്തിയ കിടിലൻ അർധ സെഞ്ചറി – 31 പന്തിൽ 4 സിക്സറുകളടക്കം 56 റൺസ്.
∙ പകരക്കാരൻ ഓൾറൗണ്ടർ
2022ൽ 10.75 കോടിയെന്ന മോഹവിലയ്ക്കു വിറ്റുപോയ ഷാർദൂൽ ഠാക്കൂർ 2 കോടി അടിസ്ഥാന വിലയുമായാണ് ഇത്തവണ താരലേലത്തിനെത്തിയത്. എന്നാൽ ഇന്ത്യൻ പേസർമാർക്ക് ആവശ്യക്കാരേറെ ഉണ്ടായിട്ടും പന്തും ബാറ്റും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഷാർദൂലിനെ വാങ്ങാൻ താരലേലത്തിൽ ആരുമുണ്ടായില്ല. ഒടുവിൽ പരുക്കേറ്റ പേസർ മൊഹ്സിൻ ഖാനു പകരം ലക്നൗ സൂപ്പർ ജയന്റ്സിൽ ഠാക്കൂറിന് ‘പുതുജീവൻ’ ലഭിച്ചു.
മുംബൈയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ തകർത്തുകളിച്ച താരം ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ പോകാനിരിക്കുമ്പോഴാണു പകരക്കാരന്റെ റോളിൽ ഐപിഎലിലെ വിളി. ആദ്യ മത്സരത്തിൽ ബാറ്റിങ് റണ്ണൗട്ടിൽ കലാശിച്ചെങ്കിലും പന്തെടുത്ത ഷാർദൂൽ കിടുക്കി. ആദ്യ ഓവറിൽതന്നെ ജേക്ക് ഫ്രേസർ മക്‌ഗുർക് എന്ന തീപ്പൊരി ബാറ്ററെയും യുവതാരം അഭിഷേക് പോറലിനെയും മടക്കിയ ഷാർദൂലിന്റെ ഇരട്ട പ്രഹരത്തിൽ ഡൽഹി വിരണ്ടുപോയി.