വരുമോ മറ്റൊരു മഹാമാരി? അറിയാം പുതിയ ബാറ്റ് വൈറസിനെ പറ്റി

Mail This Article
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്‌കെയു5-കോവി 2 മറ്റൊരു ആഗോള മഹാമാരിക്ക് കാരണമാകുമോ എന്ന ആശങ്ക പങ്കു വച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു കൂട്ടം ഗവേഷകര്‍ പുറത്ത് വിട്ട പുതിയ പഠനഫലമാണ് ആരോഗ്യ രംഗത്ത് ആശങ്ക പരത്തുന്നത്. ബാറ്റ് വുമന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഖ്യാത വൈറോളജിസ്റ്റ് സെങ്-ലി ഷീയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. 2003ലെ സാര്‍സ് മഹാമാരി, 2012ലെ മെര്‍സ്, 2019ലെ കോവിഡ് എന്നിവയുടെയെല്ലാം ഉത്ഭവം കണ്ടെത്തുന്നതില്‍ മുഖ്യ സ്ഥാനം വഹിച്ച ശാസ്ത്രജ്ഞരില്‍ ഒരാളാണ് സെങ് ലി ഷീ.
കോവിഡിനെ പോലെ മനുഷ്യരുടെ എസിഇ2 കോശങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന വൈറസാണ് എച്ച്‌കെയു5-കോവിയുവെന്ന് സെല്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നു. കോവിഡ്‌പോലെ തന്നെ വവ്വാലുകളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇത് വരെ മനുഷ്യരില്‍ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ക്കുള്ളില്‍ കടക്കാന്‍ വ്യത്യസ്തമായ സമീപനമാണ് എച്ച്‌കെയു5-കോവി വൈറസുകള്‍ സ്വീകരിച്ച് വന്നിരുന്നതെന്ന് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേ സമയം ഇതിന്റെ മറ്റൊരു വകഭേദമായ എച്ച്‌കെയു-കോവി2 ആകട്ടെ മനുഷ്യരിലെ എസിഇ-2 എന്ന റിസപ്റ്റര്‍ പ്രോട്ടീനുകളെയാണ് കോശങ്ങള്‍ക്കുള്ളിലേക്കുള്ള പ്രവേശനത്തിന് ഉപയോഗപ്പെടുത്തുന്നത്. ഇതാണ് ആശങ്കയ്ക്ക് പ്രധാന കാരണം.
എച്ച്‌കെയു-കോവി2 മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) ഉണ്ടാക്കുന്ന വൈറസിന് സമാനമാണെന്ന് നെഫ്രോണ്‍ ക്ലിനിക്ക് ചെയര്‍മാന്‍ ഡോ. സഞ്ജീവ് ബാഗൈ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വൈറസില്‍ കാര്യമായ ജനിതക പരിവര്‍ത്തനങ്ങള്‍ കാണപ്പെടാത്തതിനാല്‍ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നും ഡോ. സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. അതേ സമയം എസിഇ2 റിസപ്റ്ററുകളെ ഉപയോഗപ്പെടുത്തുമെങ്കിലും കാര്യക്ഷമതയുടെ കാര്യത്തില്‍ എ്ച്ച്‌കെയു-കോവി2 സാര്‍സ് കോവി-2നെ അപേക്ഷിച്ച് അത്ര മികച്ചതല്ലെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ അസോസിയേറ്റ് ഫെലോ ആയ ഡോ. കെ.എസ്. ഉപലബ്ദ് ഗോപാലും അഭിപ്രായപ്പെടുന്നു. ഇതിനാല്‍ ഇപ്പോള്‍ ആശങ്കയ്ക്ക് വകയില്ലെന്ന് അദ്ദേഹവും ചൂണ്ടിക്കാട്ടി. അതേ സമയം തുടര്‍ നിരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഡോ. ഗോപാല്‍ മുന്നറിയിപ്പ് നല്‍കി.