ഡ്രൈവിങ് പഠിക്കാം ഇനി ടെൻഷനില്ലാതെ; ഇഷ്ടപ്പെട്ട വണ്ടിയും ‘ആശാനും’ വീട്ടിലെത്തും, പുത്തൻ ആശയവുമായി ഐടേൺ

Mail This Article
ഡ്രൈവിങ് എല്ലാവർക്കും ഇഷ്ടമാണ്, ഡ്രൈവിങ് പഠിക്കാനോ..? ഓർക്കുമ്പോഴേ പലർക്കും ടെൻഷൻ. ഒരിക്കലും മെരുങ്ങാത്ത വണ്ടി. തിരക്കുള്ള റോഡ്. കടുകട്ടി പരിശീലനം. ഇതൊക്കെയാണ് പലരെയും ‘പഠിക്കണോ’ എന്ന് ചിന്തിപ്പിക്കുന്നത്. എന്നാൽ, ഇനി ആ ആശങ്ക വേണ്ടെന്ന് പറയുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നു സ്ഥാപിച്ച സംരംഭമായ ഐടേൺ.
മൊബൈൽ ആപ്പിലെ ഏതാനും ക്ലിക്കുമതി ഐടേണിൽ നിന്ന് ഇഷ്ടമുള്ള കാറും ‘ആശാനെയും’ തിരഞ്ഞെടുക്കാം. ഉചിതമായ സമയവും നിശ്ചയിച്ചാൽ വണ്ടിയുമായി പ്രൊഫഷണൽ ട്രെയിനർ നിങ്ങളുടെ അടുത്തെത്തി പഠിപ്പിക്കും; അതും ലോകനിലവാരത്തിലും സിംപിളായും.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്‍റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയും പിന്തുണയുമാണ് ഐടേണ്‍ സ്വന്തമാക്കിയത്. ജെയിൻ യൂണിവേഴ്‌സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്‍റെ എപ്പിസോഡ്-4 (Click Here) ഇവിടെ കാണാം.
ഡ്രൈവിങ് പരിശീലന രംഗത്ത് ഇതുവരെ നമ്മൾ കണ്ടുശീലിച്ച കാര്യങ്ങൾ മാറ്റിയെഴുതുകയാണ് തിരുവനന്തപുരം സ്വദേശി ജിജോ, ഭാര്യ പാർവതി, ഇവരുടെ 4 സുഹൃത്തുക്കൾ എന്നിവർ ചേർന്നാരംഭിച്ച ഐടേൺ. ഐടേണിന്റെ ആപ്പ് ഉപയോഗിച്ച്, ഡ്രൈവിങ് പഠനത്തിന് വണ്ടിയും സമയവും ബുക്ക് ചെയ്യാം. വണ്ടിയുമായി ട്രെയിനർ നിങ്ങളുടെ അടുത്തെത്തും.

ഡ്രൈവിങ് പരിശീലന രംഗത്ത് ആധുനികമാറ്റങ്ങൾ കേരളത്തിലും നടപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനിക്ക് തുടക്കമിട്ടതെന്ന് ജിജോ പറഞ്ഞു. ടാറ്റയുടെ പഞ്ച്, ടിയാഗോ ഇവി എന്നിവ ഉൾപ്പടെയുള്ള കാറുകളിലാണ് പരിശീലനം. ഇതുവരെ ഡ്രൈവിങ് പഠിക്കാത്തവർക്കു മാത്രമല്ല, ലൈസൻസ് എടുത്തിട്ടും വാഹനം ഓടിക്കാൻ ഭയമുള്ളവർക്കു കൂടിയാണ് ഏറെ സിംപിളായി ഐടേൺ പരിശീലനം നൽകുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്താണ് ഐടേണിന്റെ തുടക്കം. പ്രവർത്തനം തുടങ്ങി ഒന്നരവർഷത്തിനകം ആയിരത്തോളം പേർ ഐടേണിലൂടെ ഡ്രൈവിങ് അഭ്യസിച്ചു. നിലവിൽ തിരുവനന്തപുരം ജില്ലയിലാണ് ഐടേണിന്റെ സേവനം. അടുത്തമാസം എറണാകുളത്ത് സാന്നിധ്യമറിയിക്കും.
ലോകത്ത് ഏറ്റവുമധികം റോഡ് അപകടങ്ങളും അപകടമരണങ്ങളും നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഡ്രൈവറുടെ വൈദഗ്ധ്യക്കുറവ് കൂടിയാണ് 78% അപകടങ്ങൾക്കും കാരണമാകുന്നതെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജിജോ ചൂണ്ടിക്കാട്ടുന്നു.

പൂർണമായും ടെക്നോളജി അധിഷ്ഠിത ഹൈ-ടെക് ഡ്രൈവിങ് സ്കൂളായ ഐടേൺ, ലോകനിലവാരത്തിലുള്ള സിലബസ് അനുസരിച്ചാണ് പരിശീലിപ്പിക്കുന്നത്. സ്വന്തമായി വാഹനമുള്ള ട്രെയിനർമാർക്ക് ഐടേണിലൂടെ ഡ്രൈവിങ് അഭ്യസിപ്പിച്ച് വരുമാനവും നേടാനും അവസരമുണ്ട്.
ഫ്രാഞ്ചൈസി മോഡലിലൂടെ വളരാനാണ് കമ്പനിയുടെ ശ്രമമെന്നും ജിജോ പറഞ്ഞു. ഇങ്ങനെ പാർട്ണർമാരാകുന്നവർക്ക് മെച്ചപ്പെട്ട അനുപാതത്തിൽ വരുമാനവും ലഭ്യമാക്കും. നിലവിലെ ട്രെയിനർമാർ ശരാശരി ഒരുദിവസം 6 മണിക്കൂർ പരിശീലനം നൽകുന്നുണ്ട്. ഓരോ കാറും ക്യാമറ ഉൾപ്പെടെ സജ്ജീകരിച്ചാണ് പരിശീലനത്തിനായി ഒരുക്കുന്നത്. ഇതുവഴി റോഡിന്റെ ‘ഡേറ്റ’ ശേഖരിക്കാനും ഓട്ടണമസ് ഡ്രൈവിങ് ഉൾപ്പെടെയുള്ള ഭാവിയിലെ സാധ്യതകൾ മുന്നിൽക്കണ്ട് പരിശീലനം ചിട്ടപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business