അമേരിക്കയെക്കൊണ്ടു തോറ്റു! കേരളത്തിൽ വീണ്ടും സ്വർണവിലക്കയറ്റം; വെള്ളി വിലയും കൂടി

Mail This Article
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്‍രംഗത്തെ ചലനങ്ങളിൽ തട്ടി രാജ്യാന്തരവില ചാഞ്ചാടുന്നതിനിടെ കേരളത്തിൽ ഇന്നു നേരിയ വിലക്കയറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 8,195 രൂപയായി. പവന് 80 രൂപ വർധിച്ച് വില 65,650 രൂപയിലെത്തി. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞശേഷമാണ് ഇന്നു നേരിയതോതിൽ വില കൂടിയത്. 18 കാരറ്റ് സ്വർണവിലയും വെള്ളിവിലയും കൂടിയിട്ടുണ്ട്.

ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം 18 കാരറ്റിന് ഗ്രാമിന് 5 രൂപ ഉയർന്ന് 6,770 രൂപയായി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ വില ഗ്രാമിന് 5 രൂപ ഉയർന്ന് 6,720 രൂപ. വെള്ളിവില ഇരുകൂട്ടർക്കും ഗ്രാമിന് ഒരു രൂപ വർധിച്ച് 109 രൂപ.
ചാഞ്ചാടി രാജ്യാന്തര വില
രാജ്യാന്തര സ്വർണവില ഔൺസിന് 3,015 ഡോളറിനും 3,026 ഡോളറിനും ഇടയിൽ വൻ ചാഞ്ചാട്ടത്തിലാണ്. വിവിധ രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഈടാക്കാനുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മയപ്പെടുത്തുമെന്ന സൂചന ഇന്നലെ സ്വർണവില മികച്ചോതതിൽ താഴാൻ സഹായിച്ചിരുന്നു. എന്നാൽ, ഇതിൽ നിന്ന് ട്രംപ് വീണ്ടും മലക്കംമറിയുമോ എന്ന ആശങ്ക ശക്തമായി. മാത്രമല്ല, ട്രംപിന്റെ കർക്കശമായ താരിഫ് നിലപാട് യുഎസിൽ പണപ്പെരുപ്പം കത്തിക്കയറാൻ ഇടവരുത്തുമെന്ന വിലയിരുത്തലുകളും സ്വർണവിലയിൽ ചാഞ്ചാട്ടത്തിനു വഴിവച്ചു.

യുഎസിൽ ഉപഭോക്തൃ സംതൃപ്തിനിരക്ക് മാർച്ചിൽ 4-വർഷത്തെ താഴ്ചയിലെത്തിയിട്ടുണ്ട്. ഡോളറിനെതിരെ രൂപ ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങിയതും കേരളത്തിൽ വില കൂടാൻ വഴിയൊരുക്കി. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച ഫലം കാണുന്നുവെന്ന സൂചനകൾ വരുംദിവസങ്ങളിൽ സ്വർണവിലയെ താഴേക്ക് നയിച്ചേക്കാം. എന്നാൽ, യുഎസിന്റെ സാമ്പത്തിക നിലപാടുകളാകും കൂടുതൽ സ്വാധീനിക്കുക. രൂപയുടെ ദിശയും ആഭ്യന്തര സ്വർണവില നിർണയത്തിൽ നിർണായകമാകും.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business