ടെസ്‍ലയ്ക്കെതിരെ യുഎസിൽ പടയൊരുക്കം; വാഹനങ്ങൾക്ക് തീയിട്ടു, ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ് ഭരണകൂടം, അന്വേഷിക്കാൻ എഫ്ബിഐ

Mail This Article
ലോകത്തെ ഏറ്റവും സമ്പന്നനും യുഎസ് ഗവൺമെന്റിന്റെ നൈപുണ്യവികസന, ഉപദേശക വകുപ്പായ ഡോജിന്റെ (DOGE) മേധാവിയുമായ ഇലോൺ മസ്കിന്റെ (Elon Musk) ഇലക്ട്രിക് വാഹന നിർമാണക്കമ്പനിയായ ടെസ്‍ലയ്ക്കെതിരെ (Tesla) യുഎസിൽ പലയിടങ്ങളിലും ആക്രമണം. ടെസ്‍ലയുടെ നിരവധി കാറുകൾക്കും ചാർജിങ് സ്റ്റേഷനുകൾക്കും അക്രമികൾ തീവച്ചു. ഓസ്റ്റിൻ, ടെക്സസ് എന്നിവിടങ്ങളിലെ ഷോറൂമുകൾക്ക് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

യുഎസിലും കാനഡയിലുമായി ടെസ്‍ല കാർ നശിപ്പിച്ചതിന് 80ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഷോറൂമുകൾക്കടുത്ത് സംശയാസ്പദവസ്തുക്കൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ, കുറ്റാനേഷ്വണ ഏജൻസി എഫ്ബിഐ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. എടിഎഫുമായി (ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ്) ചേർന്നാണ് അന്വേഷണം.

ടെസ്‍ലയ്ക്കെതിരെ നടക്കുന്ന ആഭ്യന്തര ഭീകരവാദമാണെന്നും (domestic terrorism) കുറ്റക്കാരെ പിടികൂടി നിയമത്തിനു മുന്നിൽകൊണ്ടുവരുമെന്നും എഫ്ബിഐ ഡയറക്ടറും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ എക്സിൽ വ്യക്തമാക്കി. ടെസ്‍ലയുടെ മോഡലുകൾ കത്തിക്കുന്നവർ മനോരോഗികളാണെന്നായിരുന്നു ജീവനക്കാരോടുള്ള മസ്കിന്റെ പ്രതികരണം.
എന്തിന് ടെസ്‍ലയ്ക്കെതിരെ ആക്രമണം?
മസ്ക് നയിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി അഥവാ ഡോജ്, യുഎസ് ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നടപടിയുടെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതുൾപ്പെടെ നിരവധി കടുത്ത തീരുമാനങ്ങളെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ‘ബോയ്ക്കോട്ട് ടെസ്‍ല’, ‘ടെസ്‍ല ടേക്ക്ഡൗൺ’ തുടങ്ങിയ ആഹ്വാനങ്ങളുമായി പ്രതിഷേധം ഉയർന്നത്. ‘ടെസ്‍ല കത്തിക്കൂ, ജനാധിപത്യം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് ടെസ്‍ല കാറുകൾക്ക് അക്രമികൾ തീയിട്ടത്. മാർച്ച് 29ന് യുഎസിലും മറ്റു രാജ്യങ്ങളിലുമായി 500ഓളം ടെസ്‍ല ഷോറൂമുകളിലും ചാർജിങ് സ്റ്റേഷനുകളിലും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, ടെസ്‍ലയ്ക്കു നേരെയുള്ള ആക്രമണങ്ങളെ ശക്തമായി എതിർത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. കുറ്റവാളികളെ എൽ സാൽവഡോറിലെ ജയിലിലേക്ക് അയക്കുമെന്നും 5 മുതൽ 20 വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. കടുത്ത പീഡനങ്ങൾക്ക് കുപ്രസിദ്ധമായ ജയിലാണിത്.

കാർ വിപണിയിലും ഓഹരി വിപണിയിലും ടെസ്‍ല കനത്ത തളർച്ച നേരിടുന്നതിനിടെയാണ് ബഹിഷ്കരണ ആഹ്വാനവും ശക്തമായത്. 2024ൽ ടെസ്‍ലയുടെ വിൽപന യുഎസിൽ 5.6% കുറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമായിരുന്നു വിൽപന ഇടിവ്. മസ്ക് ‘രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്’ ചുവടുവച്ച പശ്ചാത്തലത്തിൽ ഏതാനും മാസങ്ങളായി ടെസ്‍ല ഓഹരിവിലയും ഇടിയുകയായിരുന്നു. എന്നാൽ, ഇന്നലെ ഓഹരിവില 11.9% ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും, കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയ റെക്കോർഡിൽ നിന്ന് ഇപ്പോഴും 44% താഴ്ചയിലാണ് ഓഹരിവില.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business