ഫുട്ബോൾ ‘മിശിഹ’ മെസിയും അർജന്റീന ടീമും ഇന്ത്യയിലേക്ക്; കരാറൊപ്പിട്ട് എച്ച്എസ്ബിസി; കേരളത്തിൽ കളിക്കും

Mail This Article
ഫുട്ബോൾ പ്രേമികളേ... കാൽപ്പന്തുകളിയുടെ ‘മിശിഹ’ വരുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി 14 വർഷത്തിനുശേഷം വീണ്ടും ഇന്ത്യയിലേക്ക്. രാജ്യാന്തര പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ അർജന്റീന ദേശീയ ടീം മെസിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി ഇന്ത്യയാണ് വ്യക്തമാക്കിയത്.

ലോക ചാമ്പ്യന്മാരുടെ മത്സരം കൊച്ചി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് സൂചനകൾ. ഇന്ത്യ, സിംഗപ്പുർ എന്നിവിടങ്ങൾക്കായുള്ള പാർട്ണർഷിപ്പിന് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) എച്ച്എസ്ബിസി ഇന്ത്യ കരാറും ഒപ്പുവച്ചു.

2026ലെ ഫുട്ബോൾ ലോകകപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് മെസിയും അർജന്റീന ടീമും ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2011 സെപ്റ്റംബറിലാണ് മെസിയും ടീമും ഇന്ത്യയിലെത്തിയത്. വെനസ്വേലയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ കൊൽക്കത്തയിലേക്കായിരുന്നു അത്. മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ജയിച്ചു.

മെസിയും അർജന്റീന ടീമും ഈവർഷം ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്നും രണ്ട് മത്സരങ്ങൾ കളിക്കുമെന്നും സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാൻ അടുത്തിടെ പറഞ്ഞിരുന്നു. മെസി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല.