ചൂടു വെള്ളത്തിലിട്ട ചക്ക കഴിച്ചാൽ കാൻസർ പമ്പ കടക്കുമോ? | Fact Check

Mail This Article
ചൂടുവെള്ളത്തിലിട്ട ചക്ക കഴിച്ചാല്‍ കാന്‍സർ മാറുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
"കാൻസർ പരാജയപ്പെടുന്നു"ചക്ക ചൂടുവെള്ളം. ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!! ഈ ബുള്ളറ്റിൻ കിട്ടുന്ന എല്ലാവരും പത്ത് കോപ്പി മറ്റുള്ളവർക്ക് വിതരണം ചെയ്താൽ ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ഐസിപിഎസ് ജനറൽ ആശുപത്രിയിലെ പ്രൊഫ. ഗിൽബർട്ട് എ. ക്വാക്ക് പറഞ്ഞു. ഞാൻ എന്റെ ഭാഗം ചെയ്തു, നിങ്ങൾക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി!
ചക്ക ചൂടുവെള്ളം നിങ്ങളുടെ ജീവൻ രക്ഷിക്കും. ചൂടുള്ള ചക്ക ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.ഒരു കപ്പ് ചൂടുവെള്ളത്തിൽ 2 മുതൽ 3 വരെ അരിഞ്ഞ ചക്ക ചേർത്ത് ദിവസവും കുടിക്കുന്നത് "ആൽക്കലൈൻ വാട്ടർ" എല്ലാവർക്കും നല്ലതാണ്.
ചൂടുള്ള ചക്കക്കൂട്ടാൻ കാൻസർ വിരുദ്ധ പദാർത്ഥങ്ങൾ പുറത്തുവിടുന്നു, ഫലപ്രദമായ കാൻസർ ചികിത്സയ്ക്കുള്ള വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ പുരോഗതി. ചൂടുള്ള ചക്ക സിസ്റ്റുകളും ട്യൂമറുകളും നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എല്ലാത്തരം ക്യാൻസറുകൾക്കും ഇത് ചികിത്സിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചക്ക ചൂടുവെള്ളം അലർജി/അലർജി കാരണം ശരീരത്തിലെ എല്ലാ രോഗാണുക്കളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ചക്കക്കുരു ജ്യൂസിൽ നിന്ന് ലഭിക്കുന്ന മരുന്ന് *മാരകമായ കോശങ്ങളെ* കൊല്ലുന്നു, ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കില്ല.ചക്കകുരു ജ്യൂസിലെ അമിനോ ആസിഡുകളും പോളിഫെനോളുകളും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ആന്തരിക രക്തക്കുഴലുകൾ അടയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.വായിച്ചതിനുശേഷം, മറ്റുള്ളവരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ ആവശ്യപ്പെടുക.*കുറഞ്ഞത് അഞ്ച് ഗ്രൂപ്പുകളിലേക്കെങ്കിലും ഈ സന്ദേശം അയക്കുക എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന സന്ദേശത്തിലെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ പൈനാപ്പിളിന്റെ പേരിലും ഇതേ സന്ദേശം മുൻപ് പ്രചരിച്ചതായി കണ്ടെത്തി.അതേ സന്ദേശം തന്നെയാണ് ഇപ്പോള്‍ ചക്കയുടെ പേരിലും പ്രചരിക്കുന്നതെന്ന് വ്യക്തമായി.
ICBS ജനറൽ ഹോസ്പിറ്റലിലെ ഡോ. ഗിൽബർട്ട് .എ.ക്വോക്ക് എന്ന ഒരു പ്രൊഫസറാണ് വൈറൽ സന്ദേശത്തിന് പിന്നിലെന്ന് വൈറൽ സന്ദേശത്തിൽ പറയുന്നുണ്ട്. പ്രൊഫസർ ഡോ. ഗിൽബർട്ട് എ. ക്വോക്കിനായും ICBS ജനറൽ ഹോസ്പിറ്റലിനുമായുള്ള തിരച്ചിലിൽ ഇവരെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ രക്ത സുരക്ഷയ്ക്കുള്ള ഇന്റർനാഷണൽ കൺസോർഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പേജ് ഞങ്ങൾക്ക് ലഭിച്ചു. കൺസോർഷ്യത്തിലെ അംഗങ്ങളെക്കുറിച്ച് ഞങ്ങൾ പരിശോധിച്ചെങ്കിലും ഡോ. ഗിൽബർട്ട് എക്വോക്ക് എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.
ചക്കയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സംബന്ധിച്ച് മാധ്യമ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
കാൻസറിനു കീമോ ചികിത്സ നടത്തുന്ന രോഗികളിൽ ചക്കപ്പൊടിയുടെ ഉപയോഗം രാസമരുന്ന് എന്ന നിലയിൽ അല്ലെന്നും ഭക്ഷണമായിട്ടാണെന്നും ഇതു സംബന്ധിച്ചു പഠനം നടത്തിയ റിനൈ മെഡിസിറ്റിയിലെ അർബുദ വിഭാഗം മേധാവി ഡോ.തോമസ് വർഗീസ് മുൻപ് വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. ഈ സമീപകാല പഠനം കാൻസർ ചികിത്സയ്ക്കുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ഒരു പ്രമുഖ കാൻസർ വിദഗ്‌ദനുമായി സംസാരിച്ചു. ചൂട് വെള്ളത്തിലിട്ട ചക്ക കാൻസർ കോശങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചൂട് വെള്ളത്തിലിട്ടു വച്ച ചക്ക കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന അവകാശവാദം തെറ്റാണ്. ഇത്തരം പ്രചരണങ്ങൾ പ്രോത്സാഹിപ്പിക്കരുത്. രോഗികൾ കൃത്യമായ ചികിത്സ നേടുകയാണ് പ്രധാനം. അദ്ദേഹം പറഞ്ഞു.
∙ വാസ്തവം
ചൂടു വെള്ളത്തിയിട്ട ചക്ക കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന വൈറൽ സന്ദേശം അടിസ്ഥാനരഹിതമാണ്. ചക്കയ്ക്ക് നിരവധി ഗുണങ്ങളുണ്ടെങ്കിലും കാന്‍സര്‍ മാറ്റുമെന്ന അവകാശവാദം തെളിയിക്കാൻ ശാസ്ത്രീയപരമായ തെളിവുകളില്ല.