തകർത്തു മുന്നേറി വെളിച്ചെണ്ണ; കുതിച്ചുയർന്ന് റബർ, നോക്കാം ഇന്നത്തെ അങ്ങാടി വില

Mail This Article
മികച്ച ഡിമാൻഡ് ഊർജമാക്കി വെളിച്ചെണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുന്നു. കൊച്ചിയിൽ ക്വിന്റലിന് 500 രൂപ ഒറ്റയടിക്ക് കയറി വില സർവകാല ഉയരത്തിലെത്തി. കൊപ്രാ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണിത്. രാജ്യാന്തര വിപണിയിലും വെളിച്ചെണ്ണ, കൊപ്രാ വിലകൾ വൻതോതിൽ കൂടിത്തുടങ്ങി.

ഡിമാൻഡ് മങ്ങിയതോടെ കുരുമുളക് വില താഴ്ന്നു. കൊച്ചിയിൽ അൺ-ഗാർബിൾഡിന് 200 രൂപയാണ് കുറഞ്ഞത്. പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനം കുറഞ്ഞത് ഏലം കർഷകരെ നിരാശരാക്കുന്നു. വരൾച്ചയുടെ വറുതിക്ക് വിരാമമിട്ട് മഴപെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും മേഘങ്ങൾ ഇനിയും കനിഞ്ഞിട്ടില്ല. ലേലകേന്ദ്രങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത വില കിട്ടാത്തതും പ്രതിസന്ധിയാണ്.

കൽപറ്റ മാർക്കറ്റിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല. ഉൽപാദനക്കുറവും മികച്ച ആഭ്യന്തര-വിദേശ ഡിമാൻഡും തേയില വിലയെ മുന്നോട്ടു നയിച്ചു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല. ഏറെക്കാലത്തിനിടയിലെ താഴ്ചയിലാണ് കൊക്കോ വിലയുള്ളത്.

റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും ഉയരുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് 3 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.