വീണ്ടും കുതിച്ച് ഇന്ത്യൻ വിപണി, ആർബിഐക്ക് പിന്നാലെ കാളകളെ അഴിച്ചു വിട്ട് വിദേശഫണ്ടുകളും

Mail This Article
ആർബിഐ ഡോളർ വില്പന നടത്തിയത് രൂപയ്ക്ക് മുന്നേറ്റം നൽകിയതാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ആധാരമായത്. വിദേശ ബ്രോക്കർമാരും റേറ്റിങ് ഏജൻസികളുമടക്കം ഇന്ത്യക്കും, വിപണിക്കും സാധ്യതകൾ കൽപ്പിച്ചു തുടങ്ങിയതും എഫ്&ഓ കെണിയിൽപ്പെട്ട വിദേശ ഫണ്ടുകൾ അടക്കമുള്ള ‘കരടി’കൾ ഷോർട് കവറിങ് തുടരുന്നതും, വിദേശ ഫണ്ടുകളുടെ തിരിച്ചു വരവ് കണ്ട ‘പുത്തൻ’ റീറ്റെയ്ൽ നിക്ഷേപകർ തിരിച്ചിറങ്ങിയതും വിപണിക്ക് അനുകൂലമായി. വിദേശഫണ്ടുകൾ കഴിഞ്ഞ രണ്ടു സെഷനുകളിലായി 10,000 കോടി രൂപയുടെ വാങ്ങലാണ് നടത്തിയത്.
തുടർച്ചയായ ആറാം ദിനവും മുന്നേറിയ ഇന്ത്യൻ വിപണി ഒന്നേ കാൽ ശതമാനത്തിൽ കൂടുതൽ നേട്ടം കുറിച്ചു. നിഫ്റ്റി 23658 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1078 പോയിന്റുകൾ മുന്നേറി 77984 പോയിന്റിലും ക്ളോസ് ചെയ്തു.
റിലയൻസും ടിസിഎസും എച്ച്ഡിഎഫ്സി ബാങ്കും എസ്ബിഐയും നയിച്ച ഇന്ത്യ വിപണിക്ക് ഐടി , ബാങ്കിങ് സെക്ടറുകളുടെ സംയുക്ത മുന്നേറ്റമാണ് ഊർജമായത്. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഇന്ന് 2% വീതം മുന്നേറി. ഇൻഫോസിസ് ഒഴികെയുള്ള ഐടി ഓഹരികളെല്ലാം മുന്നേറ്റം നടത്തിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
രൂപ കുതിക്കുന്നു
തുടർച്ചയായ ഒൻപതാം ദിവസവും രൂപ മുന്നേറ്റം നടത്തിയതും വിപണിയുടെ അടിത്തറ പണിതു. അമേരിക്കൻ ഡോളറിനെതിരെ 85.63/-ൽ തുടരുന്ന രൂപ 2025ലെ ഏറ്റവും മികച്ച നിരക്കായ 85.49/-ലും ഇന്നെത്തി. ആർബിഐ മുൻ നിശ്ചയ പ്രകാരം കറൻസി സ്വാപ്പ് വഴി 1000 കോടി ഡോളറിന്റെ വില്പന കൂടി ഇന്ന് നടത്തിയതും രൂപയുടെ മുന്നേറ്റത്തിന് വഴിവച്ചു.
ഡോളറിന്റെ ഇറക്കവും അമേരിക്കൻ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലേക്കിറങ്ങുന്നതും അമേരിക്കൻ താരിഫുകൾ ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കയിലേക്ക് കൂടുതൽ കയറ്റുമതി അവസരങ്ങൾ നൽകുന്നതും രൂപക്ക് തുടർന്നും പ്രതീക്ഷയാണ്.
മാനുഫാക്ച്ചറിങ് പിഎംഐ
ഇന്ത്യയുടെ മാർച്ചിലെ എസ്&പി ഗ്ലോബൽ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 57.6 എന്ന അനുമാനത്തില്‍ മികച്ച നിരക്ക് കുറിച്ചതും വിപണിക്ക് അനുകൂലമായി.
ബ്രിട്ടനും, യൂറോ സോണും അനുമാനത്തിലും മികച്ച പിഎംഐ ഡേറ്റകൾ കുറിച്ചത് യൂറോപ്യൻ വിപണികൾക്കും അനുകൂലമായി. ഇന്ന് അമേരിക്കൻ വിപണി ആരംഭിക്കുന്നതിന് മുൻപ് മാനുഫാക്‌ചറിങ് പിഎംഐ ഡേറ്റ വരുന്നത് വിപണിക്ക് പ്രധാനമാണ്.
എഫ്&ഓ മാസാന്ത്യ ക്ളോസിങ്
വിപണിയിൽ ഷോർട്ട് കവറിങ് നടക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന എഫ്&ഓ ക്ളോസിങ് വരെ ഇന്ത്യൻ വിപണി വീണ്ടും പ്രതീക്ഷയിലാണ്. വിദേശഫണ്ടുകൾ അടക്കമുള്ളവരുടെ വലിയ ഷോർട്ട് പൊസിഷനുകൾ കവർ ചെയ്യുമ്പോൾ ലഭിക്കുന്ന ആനുകൂല്യം ബുധനാഴ്ച വരെ തുടർന്നേക്കാമെന്നും കരുതുന്നു. വിപണി ഉപേക്ഷിച്ചു പോയ ‘പുത്തൻ’ റീറ്റെയ്ൽ നിക്ഷേപകർ അടുത്ത ലാഭമെടുക്കലിൽ വിപണിയിൽ വീണ്ടും അകപ്പെട്ടേക്കാം.
എഫ്&ഓ മാറ്റങ്ങൾ
എംആർഎഫ്, അപ്പോളോ ടയേഴ്സ്, ദീപക് നൈട്രേറ്റ്, രാംകോ സിമന്റ്സ്, എസ്കോർട്സ് കുബോട്ട എന്നീ ഓഹരികൾ ജൂൺ സീരീസ് മുതൽ എഫ്&ഓ സെഗ്മെൻറിൽ നിന്നും ഒഴിവാക്കപ്പെടുന്നത് ഓഹരി വിലകൾ ക്രമപ്പെടാന്‍ കാരണമായേക്കും. എഫ്&ഓ സെഗ്മെന്റിൽ നിന്നുമുള്ള അതിസമ്മർദ്ദങ്ങളാണ് സാധാരണ ഗതിയിൽ ഓഹരി വിലയിലെ ചാഞ്ചാട്ടങ്ങൾക്ക് വഴിവയ്ക്കുക.
നിഫ്റ്റിയിലെ മാറ്റങ്ങൾ
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന നിഫ്റ്റി-50യുടെ റീബാലൻസിങ്ങിൽ ബിപിസിഎലും, ബ്രിട്ടാനിയക്കും പകരമായി ജിയോ ഫൈനാൻസും, സൊമാറ്റോയും ഇടം പിടിക്കുന്നത് ഓഹരി വിലകളിലും പ്രകടമാകും. അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ നിഫ്റ്റി ഫണ്ടുകളിലേക്ക് നിഫ്റ്റിയിലെ പുതിയ ഓഹരികൾ വാങ്ങുന്നത് ജിയോക്കും, സൊമാറ്റോക്കും പ്രതീക്ഷയാണ്.
ഫെഡ് സ്പീക്കേഴ്സ്
വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റക്ക് മുൻപായി ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ ഡോളർ നിരക്കിനെയും അമേരിക്കൻ വിപണിയെയും സ്വാധീനിക്കുന്നത് മറ്റ് വിപണികൾക്കും പ്രധാനമാണ്. അറ്റ്ലാന്റ ഫെഡ് പ്രസിഡന്റായ റാഫേൽ ബോസ്റ്റിക്ക് ഇന്ന് സംസാരിക്കും.
സ്വർണം
അമേരിക്കൻ ഡോളർ ക്രമപ്പെടുന്നതും താരിഫ് സന്ദേഹങ്ങളും സ്വർണത്തിന് മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില ഔൺസിന് 3060 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
ഇറാന്റെ എണ്ണയുടെ മേലുള്ള പുതിയ അമേരിക്കൻ ഉപരോധവും ഒപെകിന്റെ ഉല്പാദന നിയന്ത്രണ സാധ്യതകളുമാണ് ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 72 ഡോളറിന് മുകളിലാണ് തുടരുന്നത്.
ജെപി മോർഗൻ കോപ്പർ വില മുന്നേറ്റം സൂചിപ്പിച്ചത് ഇന്ന് കോപ്പറിന് രാജ്യാന്തര വിപണിയിൽ 1%ൽ കൂടുതൽ മുന്നേറ്റം നൽകി.
ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്
ചൈന ‘’ഡാർക്ക് ഫാക്ടറി’’ ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് മേഖലയുടെ വളർച്ചയായിരിക്കും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വേഗം നിർണയിക്കുക. കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം മാനുഫാക്ച്ചറിങ് മേഖലകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. സീമെൻസ്, അവാൻടെൽ എന്നിവ ശ്രദ്ധിക്കുക.
എൻഎസ്ഇ
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അൺലിസ്റ്റ് ഓഹരികൾ ഇനി മുതൽ ഇലക്ട്രോണിക്സ് സെറ്റിൽമെന്റുകൾക്ക് വിധേയമാക്കുന്നത് ഓഹരിയുടെ കൈമാറ്റത്തിനെടുത്തിരുന്ന കാലതാമസം ഒഴിവാക്കും. സാധാരണ അൺലിസ്റ്റഡ് ഓഹരികൾ ഇലക്ട്രോണിക്സ് സെറ്റിൽമെന്റ് വഴി കൈമാറ്റം നടത്തുന്നതിന് ഒരു ദിവസത്തെ കാലതാമസമേ ഉണ്ടാകൂ.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക