ഇത്രയും ഡിമാൻഡോ? സാമ്പാര്‍ പൊടിയും തേങ്ങാപ്പാലും ചേര്‍ത്തൊരു കാബേജ് കറി!

Mail This Article
അമേരിക്കന്‍ മോഡലും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമെല്ലാമാണ് പദ്മലക്ഷ്മി. ജന്മം കൊണ്ട് തമിഴ് പാരമ്പര്യമുള്ള പദ്മലക്ഷ്മി പ്രധാനമായും അറിയപ്പെടുന്നത് നാടിന്റെ രുചി ചോരാത്ത അവരുടെ വിഭവങ്ങള്‍ക്കാണ്. ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പദ്മലക്ഷ്മി, അമേരിക്കയിലുടനീളമുള്ള കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും ഭക്ഷണവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഹുലു ഷോയായ 'ടേസ്റ്റ് ദി നേഷന്‍ വിത്ത് പദ്മ ലക്ഷ്മി' എന്ന പരിപാടിയും അവതരിപ്പിക്കുന്നു.
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം ചാനലിലൂടെ, കാബേജും തേങ്ങാപ്പാലും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഫ്യൂഷന്‍ വിഭവത്തിന്റെ വിശദമായ കുക്കിങ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇവര്‍. ഇന്ത്യന്‍ പച്ചമുളകും മണ്ചട്ടിയുമെല്ലാമായി, തനി നാടന്‍ രീതിയിലാണ് പാചകം.
ഒരു മുഴുവന്‍ കാബേജാണ് ഇതിനു വേണ്ടത്. ഞെട്ടില്‍ നിന്നും പൂര്‍ണമായും വേര്‍പെടുത്താതെ, നാലായി മുറിച്ച് മാറ്റി വയ്ക്കുക.
ഇനി അടുപ്പത്ത് ഒരു പാന്‍ വച്ച്, അതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ ഇടുന്നു. ഇതിലേക്ക് ഉപ്പ് ചേര്‍ക്കുന്നു. അല്‍പ്പം സാമ്പാര്‍പൊടി കൂടി ഇതിലേക്ക് ചേര്‍ത്ത് ഇളക്കുന്നു. ഇനി നന്നായി തേങ്ങാപ്പാല്‍ ഒഴിക്കുന്നു. തിള വന്ന ശേഷം, ഇതിലേക്ക് അല്‍പ്പം പുളി ഒഴിക്കുന്നു. ശേഷം ഈ മിശ്രിതം ഒരു ചട്ടിയിലേക്ക് ഒഴിച്ച് ബാക്കിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത്, അല്‍പ്പം വെള്ളം കൂടി ഒഴിക്കുന്നു.
ഇനി ഈ ചട്ടിയിലേക്ക് നേരത്തെ മുറിച്ചുവച്ച കാബേജ് മെല്ലെ വയ്ക്കുന്നു. തേങ്ങാപ്പാല്‍ മിശ്രിതം എല്ലായിടത്തും ആകുന്ന രീതിയില്‍ കാബേജ് ഇളക്കിയും മറിച്ചും ഇട്ടു കൊടുക്കുന്നു. ഇനി ഇത് മൂടി വയ്ക്കണം. തീ കുറച്ച് വയ്ക്കുക. ഓരോ പതിനഞ്ചു മിനിറ്റിലും കാബേജ് ഇളക്കി ഇട്ടു കൊടുക്കണം.
ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇളക്കി വാങ്ങി വയ്ക്കാം.
ഇതേപോലെ മുന്‍പേയും നിരവധി ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ വിഡിയോകള്‍ പദ്മലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. തൈര് സാദവും മാങ്ങാക്കറിയുമെല്ലാം ഇങ്ങനെ ഇവര്‍ തയാറാക്കിയിരുന്നു. പാചകം എന്നാല്‍ പാഷനാണ് പദ്മലക്ഷ്മിക്ക്. ഇക്കാലയളവില്‍ അഞ്ചോളം പാചക പുസ്തകങ്ങള്‍ ഇവര്‍ എഴുതിയിട്ടുണ്ട്. ഇവയിലൂടെ, കുട്ടിക്കാലത്ത് കഴിച്ചത് മുതല്‍, ജീവിതത്തിലെ പല ഘട്ടങ്ങളില്‍ തന്നിലേക്ക് വന്നു ചേര്‍ന്നതു വരെയുള്ള രുചികളുടെ വിശാലമായ ലോകം പദ്മ വായനക്കാര്‍ക്ക് മുന്നില്‍ തുറക്കുന്നു.