പ്രായമായവർ വീട്ടിലുണ്ടോ? ഇടയ്ക്കിടെയുള്ള വീഴ്ചയാണോ പ്രശ്നം? ഈ മുൻകരുതലുകൾ വേണം

Mail This Article
മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. ലളിതമായ ചില മാർഗങ്ങൾ സ്വീകരിച്ചാൽ വീഴ്ചകൾക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും.
∙ കഴിക്കുന്ന മരുന്നുകൾ ബാലൻസിനെ ബാധിക്കുന്നതോ തലകറക്കമുണ്ടാക്കുന്നതോ ആണോയെന്ന് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക. ആണെങ്കിൽ അതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.
∙ ഭക്ഷണത്തിനിരുന്ന ശേഷം പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ഉറക്കത്തിൽനിന്നു ചാടിയെഴുന്നേൽക്കുമ്പോഴും ദീർഘനേരത്തെ വിശ്രമത്തിനുശേഷം എഴുന്നേൽക്കുമ്പോഴും രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടാകാനും തലകറക്കമുണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സൂക്ഷിക്കുക.
∙ സമതലമല്ലാത്തതും പരിചയമില്ലാത്തതുമായ സ്ഥലത്തുകൂടി നടക്കുമ്പോൾ ഒരു ഊന്നുവടിയോ വാക്കറോ ഉപയോഗിക്കുക.
∙ റബർ സോൾ ഉള്ള, ഹീൽ കുറഞ്ഞ ചെരുപ്പുകൾ ഉപയോഗിക്കുക. മിനുസമുള്ള സോൾ ഉള്ള ഷൂസോ സ്ലിപ്പറുകളോ ഒഴിവാക്കുക.
∙ പതിവായി വ്യായാമം ചെയ്യുക. ഇത് ശാരീരിക ക്ഷമത നിലനിർത്തുകയും മസിലുകളുടെ ബലം വർധിപ്പിക്കുകയും ചെയ്യും. സന്ധികൾ കൂടുതൽ വഴങ്ങുകയും നടത്തം സുഗമമാകുകയും ചെയ്യും.
∙ പടിക്കെട്ടുകൾ, ഇടനാഴികൾ, ടോയ്‌ലറ്റുകൾ എന്നിവിടങ്ങളിൽ നല്ല വെളിച്ചം ഉറപ്പുവരുത്തുക.
∙ പടികളിലും ടോയ്‌ലറ്റുകളിലും കൈവരികൾ ഉണ്ടാകണം.
∙ ടോയ്‌ലറ്റിന്റെ തറയിൽ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ ക്രമീകരിക്കുക.
∙ വയറുകൾ, ടെലിഫോൺ കേബിളുകൾ തുടങ്ങിയവ നടന്നുപോകുന്ന വഴിയിൽ കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
∙ കട്ടിലും കസേരകളും എളുപ്പത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യാവുന്ന ഉയരത്തിലുള്ളതാകണം.