മോദിയുടെ ലങ്കാ സന്ദർശനം: പുതിയ കുതിപ്പിന് അദാനിയുടെ കണ്ടെയ്നർ ടെർമിനൽ പദ്ധതി

Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസമാദ്യം ശ്രീലങ്ക സന്ദർശിക്കാനിരിക്കെ, ദ്വീപ് രാഷ്ട്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടാൻ അദാനി ഗ്രൂപ്പും എൻടിപിസിയും.

ഏപ്രിൽ 5ന് മോദി രാജ്യത്തെത്തുമെന്ന് ലങ്കൻ പ്രസിഡന്റ് അനുര ദിസ്സനായകെയാണ് വ്യക്തമാക്കിയത്. ദിസ്സനായകെ കഴിഞ്ഞവർഷം ഡൽഹി സന്ദർശിച്ച് നടത്തിയ ചർച്ചയിൽ വിഷയമായ വികസനപദ്ധതികൾക്ക് അന്തിമരൂപം മോദിയുടെ ലങ്കാസന്ദർശനത്തിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ പൊതുമേഖലാ ഊർജ കമ്പനിയായ എൻടിപിസി, സീലോൺ ഇലക്ട്രിസിറ്റി ബോർഡുമായി ചേർന്ന് ട്രിങ്കോമാലിയിൽ സ്ഥാപിക്കുന്ന സോളർ വൈദ്യുതോൽപാദന പദ്ധതിയുടെ നിർമാണോദ്ഘാടനം മോദിയുടെ സന്ദർശന വേളയിലുണ്ടായേക്കും. നേരത്തെ, കൽക്കരി അധിഷ്ഠിത വൈദ്യുതോൽപാദന പ്ലാന്റായിരുന്നു സ്ഥാപിക്കാനിരുന്നതെങ്കിലും പിന്നീട് സംയുക്ത സംരംഭമായി ഇതിനെ സോളർ പദ്ധതിയാക്കി മാറ്റുകയായിരുന്നു.
നേട്ടം സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും
ശ്രീലങ്കയിൽ സ്ഥാപിക്കുന്ന കാറ്റാടി അധിഷ്ഠിത (wind project) പുനരുപയോഗ ഊർജ പ്ലാന്റ് പദ്ധതിയിൽ നിന്ന് അടുത്തിടെ അദാനി ഗ്രൂപ്പ് പിന്മാറിയിരുന്നു. എന്നാൽ, തലസ്ഥാനമായ കൊളംബോയിൽ നിർമിക്കുന്ന രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് പദ്ധതി, സിമന്റ് നിർമാണ യൂണിറ്റ് എന്നിവയുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോകുകയാണ്.

അദാനി പോർട്സ് കണ്ടെയ്നർ ടെർമിനലിന്റെ ഉദ്ഘാടനം മോദി നിർവഹിച്ചേക്കുമെന്ന് സൂചനകളുണ്ട്. കാറ്റാടിപ്പാടം പദ്ധതിയിൽ നിന്ന് പിന്മാറിയെങ്കിലും ശ്രീലങ്കൻ സർക്കാരിന് താൽപര്യമുണ്ടെങ്കിൽ ഏത് വികസനപദ്ധതിയിലും സഹകരിക്കാൻ തയാറാണെന്നും അദാനി ഗ്രീൻ എനർജി വ്യക്തമാക്കിയിരുന്നു.