ആഹാ,അർജന്റീന ! ബ്രസീലിനെ തകർത്ത് വമ്പൻ വിജയം, ലോകകപ്പ് യോഗ്യത

Mail This Article
ബ്യൂണസ് ഐറിസ് ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യത എങ്ങനെ ആഘോഷിക്കണം? അർജന്റീന കളിക്കാർക്ക് അക്കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല; ബ്രസീലിനെ തകർത്തു തന്നെ ആഘോഷിക്കണം! ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിരവൈരികൾക്കെതിരെ 4–1 ജയവുമായി അർജന്റീന 2026 ലോകകപ്പിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങി. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീനയുടെ ഉജ്വല ജയം. ബ്രസീൽ നിരയിൽ നെയ്മാറും ഉണ്ടായിരുന്നില്ല. തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങും മുൻപു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു അർജന്റീന. നേരത്തേ നടന്ന യുറഗ്വായ്–ബൊളീവിയ മത്സരം സമനിലയായതോടെയായിരുന്നു അത്.
ബ്രസീലിനെതിരായ ജയവും കൂടിയായതോടെ 14 കളികളിൽ 31 പോയിന്റുമായി തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ് അർജന്റീന. രണ്ടാമതുള്ള ഇക്വഡോറിനെക്കാൾ 8 പോയിന്റ് മുന്നിൽ. 14 കളികളിൽ 21 പോയിന്റുമായി ബ്രസീൽ 4–ാം സ്ഥാനത്താണ്. ആദ്യ 6 സ്ഥാനക്കാർക്കാണ് ലോകകപ്പിന് നേരിട്ടു യോഗ്യത ലഭിക്കുക. എഴാം സ്ഥാനക്കാർക്ക് വൻകരാ പ്ലേഓഫ് കളിക്കാം. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വെനസ്വേല 1–0ന് പെറുവിനെ തോൽപിച്ചു. പാരഗ്വായ് കൊളംബിയയ്ക്കെതിരെ 2–2 സമനില നേടി. ചിലെ–ഇക്വഡോർ, ബൊളീവിയ–യുറഗ്വായ് മത്സരങ്ങൾ ഗോൾരഹിത സമനിലയായി.
വരച്ചു കളിച്ച് അർജന്റീന
അര മൈതാനം കിട്ടിയാൽ പോലും ഗോളടിക്കുന്ന അർജന്റീനയ്ക്ക് ഒരു ഫുൾ മൈതാനം തന്നെ കനിഞ്ഞു നൽകിയതാണ് ബ്രസീൽ വരുത്തിയ പിഴവ്. കുത്തുകൾ യോജിപ്പിക്കുന്ന പോലെ വരച്ചു വച്ച നീക്കങ്ങളുമായി അർജന്റീന മുന്നേറിയപ്പോൾ ബ്രസീൽ പ്രതിരോധം നൂലു പൊട്ടിയ മാല പോലെ ചിതറി. കളി 12 മിനിറ്റായപ്പോഴേക്കും അർജന്റീന 2–0നു മുന്നിലെത്തി. 4–ാം മിനിറ്റിൽ പ്രതിരോധനിരയിൽ നിന്നു പതിയെ തുടങ്ങിയ ഒരു മുന്നേറ്റം യൂലിയൻ അൽവാരസ് ബ്രസീൽ ഡിഫൻഡർമാരുടെ പൂട്ടുപൊട്ടിച്ച് വലയിലെത്തിച്ചു. എട്ടു മിനിറ്റിനുള്ളിൽ നഹുവൽ മൊളിനയുടെ ക്രോസിൽ നിന്ന് എൻസോ ഫെർണാണ്ടസിന്റെ ക്ലോസ് റേഞ്ച് ഫിനിഷ്.
അർജന്റീന താരം ക്രിസ്റ്റ്യൻ റൊമേറോയുടെ ‘അമിത ആത്മവിശ്വാസം’ മുതലെടുത്താണ് 26–ാം മിനിറ്റിൽ ബ്രസീൽ ഒരു ഗോൾ തിരിച്ചടിച്ചത്. ബോക്സിനു പുറത്ത് പന്തു വച്ചു താമസിപ്പിച്ച റൊമേറോയിൽ നിന്ന് മാത്യൂസ് കുന്യ പന്തു റാഞ്ചി. നിലംപറ്റെയുള്ള ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ മറികടന്ന് വലയിൽ. അതു മാത്രമായിരുന്നു കളിയിൽ ബ്രസീലിന്റെ സന്തോഷ നിമിഷം. 37–ാം മിനിറ്റിൽ ബ്രസീൽ ബോക്സിലേക്കു കുതിച്ചെത്തിയ അലക്സിസ് മക്കലിസ്റ്ററിന് എൻസോ ഫെർണാണ്ടസിന്റെ ക്രോസ്. ബ്രസീൽ ഗോൾകീപ്പർ ബെന്റോ തൊടും മുൻപേ മക്കലിസ്റ്റർ പന്ത് വലയിലെത്തിച്ചു. 71–ാം മിനിറ്റിൽ 4 ബ്രസീൽ ഡിഫൻഡർമാർക്കിടയിലൂടെ വന്ന ലോ ക്രോസ് വലയിലേക്കു തിരിച്ചുവിട്ട് ജൂലിയാനോ സിമിയോണി അർജന്റീനയുടെ ജയം പൂർത്തിയാക്കി.
തോൽവി ഉറപ്പായതിന്റെ നിരാശ പ്രകടിപ്പിച്ച ബ്രസീൽ താരങ്ങളെ പ്രകോപിപ്പിക്കുക എന്നതു കൂടിയായി പിന്നീട് അർജന്റീന താരങ്ങളുടെ വിനോദം. മത്സരശേഷം ബ്രസീലിനു വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാനും അർജന്റീന കളിക്കാർ കാണികളോട് ആവശ്യപ്പെട്ടു. 2019നു ശേഷം ഒരു മത്സരത്തിൽ പോലും അർജന്റീന ബ്രസീലിനോടു പരാജയപ്പെട്ടിട്ടില്ല.