സുന്ദര നഗരം, പിങ്ക് സിറ്റിയിൽ കാഴ്ചകൾ ആസ്വദിച്ച് നൈല ഉഷ

Mail This Article
രാജസ്ഥാനിലെ ജയ്‌പൂർ ഒരു കാവ്യം പോലെ സുന്ദരമായ നഗരമാണ്. കോട്ടകളും കൊട്ടാരങ്ങളും മോടികൂട്ടുന്ന പിങ്ക് നഗരമെന്നു വിളിപ്പേരുള്ള ജയ്‌പൂർ. ആ സുന്ദരനഗരത്തിൽ അവധി ആഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയ നടിയായ നൈല ഉഷയും സുഹൃത്തുക്കളും. നഗര കാഴ്ചകളുടെ നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. അതിൽ ജയ്‌പൂരിലെ പ്രശസ്തമായ പല കാഴ്ചകളും ഉൾപ്പെടുന്നുമുണ്ട്. മുഗൾ - രാജസ്ഥാനി വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ നിരവധി നിർമിതികൾ തന്നെയാണ് പ്രധാനാകർഷണം. ജയ്‌പൂർ രാജകൊട്ടാരവും ഹവ മഹലും ജന്തർ മന്ദറും സിറ്റി പാലസുമൊക്കെ ഈ പിങ്ക് സിറ്റിയിലേക്കിറങ്ങിയാൽ കാണാം.

സ്വാമി രാം സിങിന്റെ കാലത്ത് വെയില്‍സ് രാജകുമാരനെ സ്വാഗതം ചെയ്യാനാണ് ജയ്പൂര്‍ ആദ്യം പിങ്ക് നിറമണിഞ്ഞത്. പിന്നീടെത്തിയ സഞ്ചാരികളേയും ഇതേ നിറത്തില്‍ ജയ്പൂര്‍ സ്വാഗതം ചെയ്തതോടെ ഈ നഗരത്തിന്റെ പേരു തന്നെ പിങ്ക് സിറ്റിയെന്നായി.
ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ജന്തര്‍ മന്ദര്‍ മഹാരാജാ സവായ് ജയ് സിങ് രണ്ടാമന്റെ കാലത്ത് നിര്‍മിച്ചതാണ്. വാന നിരീക്ഷണത്തിനായി അദ്ദേഹം നിര്‍മിച്ച അഞ്ച് നിരീക്ഷ കേന്ദ്രങ്ങളിലൊന്നായിരുന്നുയിത്. സംസ്‌കൃതത്തിലെ ‘‘യന്ത്രമന്ദിരം’’ ആണ് ഹിന്ദുസ്‌ഥാനിയിൽ ‘‘ജന്തർ മന്തർ’’ ആയി മാറിയത്. ജ്യോതിശാസ്‌ത്രത്തിൽ വലിയ കമ്പമായിരുന്നു ജയ്‌സിങ്ങിന്. അക്കാലത്തു ഗോവ വാണിരുന്ന പോർച്ചുഗീസുകാരിൽ നിന്ന് യൂറോപ്യൻ ടെലസ്‌കോപ്പും മറ്റും അദ്ദേഹം കൈക്കലാക്കിയിരുന്നു. ജ്യോതിശാസ്‌ത്ര നിരീക്ഷണങ്ങൾക്കായി ജയ്‌സിങ് അഞ്ച് ജന്തർ മന്തറുകൾ സ്‌ഥാപിച്ചു - ഡൽഹി, ജയ്‌പൂർ, ഉജ്‌ജയിനി, വാരാണസി, മഥുര എന്നിവിടങ്ങളിൽ. അവയിൽ ഡൽഹിയിലെയും ജയ്‌പൂരിലെയും ജന്തർ മന്തറുകൾ മാത്രമാണു കാര്യമായ കേടുപാടുകളില്ലാതെ ഇന്നും നിലനിൽക്കുന്നത്.
സവായ് പ്രതാപ് സിങ് രാജാവ് വേനല്‍കാല വസതിയായാണ് ഹവാ മഹല്‍ നിര്‍മിച്ചത്. രാജ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സാധാരണ മനുഷ്യരുടെ ജീവിതം അവരെ മറ്റുള്ളവര്‍ കാണാതെ കണ്ടറിയാനുള്ള അവസരവും ഇവിടെ ലഭിച്ചിരുന്നു. ജയ്പൂരിന്റെ മുഖമുദ്രയായ ഹവാമഹലിനു 220 വർഷം പഴക്കമുണ്ട്. ഹൈന്ദവ ഇസ്ലാമിക നിര്‍മിതിയുടെ മികച്ച ഉദാഹരണമാണ് ഈ അഞ്ചു നില കെട്ടിടം. ശരത് മന്ദിർ, രത്ന മന്ദിർ, വിചിത്ര മന്ദിർ, പ്രകാശ് മന്ദിർ, ഹവാ മന്ദിർ എന്നിങ്ങനെയാണ് ഓരോ നിലകൾക്കും ഓരോ പേരുകൾ. ഓരോ നിലയിലേക്കും കയറാൻ പടവുകളുണ്ട്. രജപുത്ര വനിതകൾക്ക് നിരത്തിലെ ഉത്സവാഘോഷം കാണാനാണ് ഹവാമഹൽ നിർമിച്ചത്. 953 കിളിവാതിലുകളുണ്ട്. ഇതിലൂടെ രാജസ്ത്രീകൾക്കു നിരത്തു കാണാം. എന്നാൽ ജനങ്ങൾക്ക് അവരെ കാണാനുമാവില്ല. പണ്ട് സാമൂഹിക അകലം പാലിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ക്രോസ് വെന്റിലേഷൻ ആണ് ഹവാമഹലിന്റെ പ്രത്യേകതകളിലൊന്ന്. കാറ്റ് കയറിയും ഇറങ്ങിയും പൊയ്ക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ചൂടുകാലത്തും ഹവാമഹലിനുള്ളിൽ തണുപ്പുണ്ടാകും. ബെൽജിയം കണ്ണാടികളാണ് അലങ്കാരത്തിനായുള്ളത്. ഹവാ മഹലിന്റെ മുകളിൽനിന്നു ജയ്‌പൂർ പട്ടണത്തിന്റെ എല്ലാ ഭാഗവും കാണാം. അടിത്തറ കെട്ടാത്ത കെട്ടിടമാണ് ഹവാമഹൽ. രജപുത്ര - മുഗൾ വാസ്തു നിർമാണ രീതി സംയോജിച്ചതിന്റെ മകുടോദാഹരണം. ഫൗണ്ടേഷൻ ഇല്ലാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന വിശേഷണവും ഹവാമഹലിനുണ്ട്.
നാലു ഭാഗവും വെള്ളത്തില്‍ ചുറ്റപ്പെട്ട സുന്ദര കാഴ്ചയായ ജല്‍ മഹല്‍. ലേക്ക് പാലസ് എന്നും പേരുണ്ട്. മണ്ണിന്റെ നിറമുള്ള കൊട്ടാരവും വെളിച്ചവും ആകാശവും വെള്ളവുമെല്ലാം ചേര്‍ന്നു മനോഹരമായ കാഴ്ചകള്‍ ജല്‍ മഹല്‍ വിരുന്നുകാര്‍ക്കു സമ്മാനിക്കാറുണ്ട്.
ജയ്പൂരില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ അകലെയാണ് സമോദ് കൊട്ടാരം. 475 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ കൊട്ടാരത്തിന്. ഇന്ത്യൻ, മുഗൾ വാസ്തുവിദ്യകള്‍ സമന്വയിപ്പിച്ച് നിര്‍മിച്ച കൊട്ടാരം, മനോഹരമായ കൊത്തുപണികൾക്കും ജീവന്‍ തുടിക്കുന്ന പെയിന്റിങ്ങുകൾ ഗംഭീരമായ കണ്ണാടി പണികൾക്കും പേരുകേട്ടതാണ്. ആരവല്ലി കുന്നുകളുടെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന നിരവധി മുറ്റങ്ങളും ടെറസുകളും പൂന്തോട്ടങ്ങളും കൊട്ടാരത്തിലുണ്ട്.
ജയ്പൂരിലെ മറ്റൊരു ലോക പൈതൃക കേന്ദ്രമാണ് ആമ്പര്‍ പാലസ്. ചുവന്ന മണല്‍ കല്ലുകളും വെള്ള മാര്‍ബിളുകളും കൊണ്ട് ഹിന്ദു മുഗള്‍ശൈലിയില്‍ ആറു നൂറ്റാണ്ട് മുൻപ് നിര്‍മിച്ച ഒരു കൊട്ടാരമാണിത്. സിറ്റി പാലസ്, നഹര്‍ഗഡ് കോട്ട, ഗല്‍താ കുണ്ട്, ജയ്ഗഡ് കോട്ട തുടങ്ങി കാണാന്‍ ഏറെയുണ്ട് ജയ്പൂരില്‍. ഇവയ്ക്കു പുറമേ ഹോട്ട് ബലൂണ്‍ യാത്രക്കും ഒട്ടകസവാരിക്കും മറ്റു റൈഡുകള്‍ക്കുമുള്ള നിരവധി കേന്ദ്രങ്ങളും ഈ നഗരത്തിലെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാം.