പലർക്കുമുള്ള സംശയം, ‘ചിക്കൻ ലിവർ കഴിക്കാമോ? അതോ കളയേണ്ട സാധനമാണോ?’

Mail This Article
‘ചിക്കൻ ലിവർ കഴിക്കാമോ? അതോ വൃത്തിയാക്കുമ്പോൾ കളയേണ്ട സാധനമാണോ ലിവർ?’ എന്ന സുഹൃത്തിന്റെ സംശയമാണ് ഈ കുറിപ്പിനാധാരം.
ചിക്കന്റെ ലിവർ (കരൾ) തിരഞ്ഞു പിടിച്ച് കഴിക്കാറുള്ള ആളാണ് ഞാൻ. കാരണം പോഷകങ്ങളുടെ കലവറയാണ് ഓരോ കരളും. നിറയെ മാംസ്യവും (പ്രോട്ടീൻ) വൈറ്റമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയ ഒരു അത്ഭുത കൂട്ടാണ് ലിവർ. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്കും ആർത്തവ കാലത്ത് അമിത രക്തസ്രാവം നേരിടുന്നവർക്കും അത്‌ലെറ്റുകൾക്കുമൊക്കെ വിളർച്ചയിൽനിന്ന് രക്ഷ നേടാൻ ഭക്ഷണത്തിൽ ‘കരൾ’ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
മാംസ്യത്തിന്റെ അളവ് കൂടുതലും, കലോറി കുറവും ആയതിനാൽ ശരീര സംരക്ഷണം ആഗ്രഹിക്കുന്നവർക്ക് ലിവർ വളരെ നല്ലതാണ്. വൈറ്റമിൻ എ, ബി കോംപ്ലെക്സ് എന്നിവയുടെ കലവറയാണ് കരൾ. 100 ഗ്രാം കരളിൽനിന്നു ദൈനംദിന ആവശ്യത്തിനേക്കാൾ 222% വെറ്റമിൻ എ, 105% റൈബോഫ്ലാവിൻ, 147% ഫോളേറ്റ്, 276% വൈറ്റിമിൻ ബി 12 എന്നിവ ലഭിക്കും. കൂടാതെ വൈറ്റമിൻ സി, കോളിൻ, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, മാംഗനീസ്, സെലീനിയം എന്നിവയെല്ലാം ഉണ്ട്.
ഇനി ഒരു പ്രത്യേക ശ്രദ്ധയ്ക്ക്. ചിക്കൻ ലിവറിൽ കൊളസ്ട്രോൾ, വൈറ്റമിൻ എ എന്നിവ അത്യാവശ്യം കൂടുതലുണ്ട്. ഭക്ഷണത്തിൽനിന്നുള്ള കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ നേരിട്ട് കൂട്ടില്ലെന്നാണ് പുതിയ പഠനങ്ങളെങ്കിലും, കൊളസ്ട്രോൾ ഭീതിയുള്ളവരും, ശരീരത്തിൽ വൈറ്റമിൻ എ ഒരുപാട് ഉണ്ടെന്ന് കരുതുന്നവരും കരൾ മൊത്തമായും തട്ടാതെ വീട്ടിലെ എല്ലാവർക്കും കൂടി പങ്കിട്ടു കൊടുക്കുന്നതായിരിക്കും ഉത്തമം.
ഇനി ചിലർക്ക് കരളിന്റെ സ്വാദ് അത്ര പോരാന്നു തോന്നുന്നവരുണ്ട്. അവർക്ക് ചെറിയ ഒരു ടിപ്പ്. കോഴി വാങ്ങി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അൽപം ഉപ്പും നാരങ്ങാ നീരും ചേർത്ത വെള്ളത്തിൽ ലിവർ ഒരു മണിക്കൂർ നേരം മുക്കി വച്ചുപയോഗിച്ചാൽ കാര്യങ്ങൾ ഭേദപ്പെടും. കടയിൽ നിന്നും കാശു കൊടുത്ത് വാങ്ങുന്ന വൈറ്റമിൻ ഗുളികയേക്കാൾ എന്തുകൊണ്ടും ഭേദമാണല്ലോ ചെലവ് കുറഞ്ഞു ലഭിക്കുന്ന പോഷകമൂല്യമുള്ള കരൾ!